ഇന്ത്യ — പാക് പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

Web Desk
Posted on September 17, 2019, 10:28 am

വാഷിങ്ടണ്‍: ഇന്ത്യ — പാകിസ്ഥാന്‍ പ്രധാനമന്ത്രിമാരുമായി അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോഴാണ് പാക് പ്രധാനമന്ത്രിയെ കാണുന്നതെന്നതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സെപ്റ്റംബര്‍ 22 ന് ഹൂസ്റ്റണില്‍ നടക്കുന്ന ഇന്ത്യക്കാരുടെ സമ്മേളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പം ട്രംപും പങ്കെടുക്കുന്നുണ്ട്. ഇവിടെ വച്ചാകും മോഡിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെന്നാണ് കരുതപ്പെടുന്നത്. അതേസമയം ട്രംപിന്റെ ഇപ്പോഴത്തെ പരിപാടിയനുസരിച്ച് ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം പങ്കെടുക്കും. ഇതിനിടയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് അനൗദ്യോഗിക വിവരം.

അമേരിക്കയിലെ അരലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സമ്മേളത്തിന് ശേഷം ട്രംപ് ഒഹിയോയിലേയ്ക്ക് പോകുകയും അവിടെ നിന്ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് എത്തുകയും ചെയ്യും.