ഹെതര്‍ ന്യൂയെര്‍ട്ട് ഐക്യരാഷ്ട്രസഭയില്‍ നിക്കി ഹാലെയുടെ പിന്‍ഗാമിയായേക്കും

Web Desk
Posted on November 02, 2018, 11:08 am

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയില്‍ നിക്കി ഹാലെയുടെ പിന്‍ഗാമിയായി ഹെതര്‍ ന്യൂയെര്‍ട്ട് . യു.എസിന്റെ നയതന്ത്ര പ്രതിനിധിയായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ ന്യൂയെര്‍ട്ട് ചുമതലയേല്‍ക്കുമെന്നാണ്  റിപ്പോര്‍ട്ട്. ഹെതര്‍ ന്യൂയെര്‍ട്ടിനെ പുതിയ പദവിയിലേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായി മുതിര്‍ന്ന വൈറ്റ് ഹൗസ് ഉഗ്യോഗസ്ഥന്‍ എ.ബി.സി ന്യൂസിനെ അറിയിച്ചു.

ട്രംപുമായി രണ്ടു തവണ ന്യൂയെര്‍ട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു എങ്കിലും സെനറ്റിന്റെ അംഗീകാരം ലഭിച്ചാലേ സ്ഥാനപതി സ്ഥാനത്തേക്ക് ന്യൂയെര്‍ട്ടിനെ നിയമിക്കാന്‍ സാധിക്കൂ.

എ.ബി.സി ന്യൂസിലെ മാധ്യമപ്രവര്‍ത്തനത്തിന് ശേഷം 2017 ഏപ്രിലിലാണ് ന്യൂയെര്‍ട്ട് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവായി ചുമതയേറ്റത്. ഫോക്‌സ് ന്യൂസ് മുന്‍ അവതാരകയായിരുന്നു. റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കിയതിന് പിന്നാലെ ന്യൂയെര്‍ട്ടിനെ പബ്ലിക് ഡിപ്ലോമസി ആന്‍ഡ് പബ്ലിക് അഫേഴ്‌സ് ആക്ടിങ് സെക്രട്ടറിയായി സ്ഥാനകയറ്റം നല്‍കി.