എം എസ് രാജേന്ദ്രൻ

ലോകജാലകം

February 23, 2020, 5:15 am

സമാധാന’ദൂതനായ’ ട്രംപ് ഇന്ത്യയിലും

Janayugom Online

ഇരട്ടമുഖം കാണിക്കുന്നവരെ വിശ്വസിക്കരുതെന്നാണ് പ്രമാണം. പുരാണത്തിലെ ബ്രഹ്മാവിന് പോലും മൂന്നു മുഖമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് എത്ര മുഖമെന്നു ആര്‍ക്കും നിശ്ചയമില്ല. വിജയകരമായ നയതന്ത്രത്തിന് ഈ ബഹുമുഖം ഉപകരിക്കുമെങ്കിലും മാനവും മര്യാദയുമുള്ളവര്‍ക്ക് അത് ഒട്ടും യോജിച്ചതല്ല. തല്ലുകൊള്ളുന്നവരെ പിടിച്ചുനിര്‍ത്തി കൊടുക്കുന്നത് ചട്ടമ്പിമാര്‍ക്കും ഭൂഷണമല്ല. എന്നാ­ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതാണ് ചെയ്യുന്നത്. ജന്മദേശത്ത് നിന്ന് ബഹിഷ്കൃതനായ പലസ്തീന്‍കാരോട് അദ്ദേഹം കാണിക്കുന്നത് അത്തരം ചട്ടമ്പിത്തരമാണ്. ആയിരമായിരം വര്‍ഷങ്ങളായി പലസ്തീനില്‍ ജീവിച്ചിരുന്ന ജനങ്ങളോട് പാശ്ചാത്യര്‍, പ്രത്യേകിച്ചും അമേരിക്ക കാട്ടുന്ന ചട്ടമ്പിത്തരം അത്തരത്തിലുള്ളതാണ്. ഹിറ്റ്ലറുടെ പെെശാചികമായ മര്‍ദനത്തിന് ഇരകളായതിന്റെ പേരിലാണ് യഹൂദ (ജൂതന്‍) വംശത്തില്‍പ്പെട്ടവര്‍ക്ക് അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് രണ്ടാം ലോകയുദ്ധം കഴിഞ്ഞ ഉടന്‍ ഇസ്രയേല്‍ എന്നൊരു തനതുരാജ്യം സൃഷ്ടിച്ചുകൊടുത്തത്. പക്ഷെ നൂറ്റാണ്ടുകളായി അവിടെ ജീവിച്ചിരുന്ന പലസ്തീന്‍കാരെ അഭയാര്‍ത്ഥികളാക്കി മാറ്റിക്കൊണ്ടാണ് ദീര്‍ഘകാലമായി ഫാസിസ്റ്റ് മര്‍ദ്ദനം സഹിച്ചവരുടെ പിന്‍മുറക്കാര്‍ക്കായി ഒരു രാജ്യം സൃഷ്ടിക്കുന്നത്.

പലസ്തീനിലെ സ്ഥിരതാമസക്കാരെ വഴിയാധാരമാക്കിക്കൊണ്ട് വേണമായിരുന്നോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമായിരിക്കുകയാണ്. അവരുടെ കൂടി രാജ്യമെന്ന നിലയ്ക്കാണ് പാശ്ചാത്യര്‍ യഹൂദരോട് ഈ “നീതി” കാണിച്ചത്. അങ്ങനെ കുടിപാര്‍പ്പിക്കപ്പെട്ട യഹൂദര്‍ ഇപ്പോള്‍ പലസ്തീനിലെ ആദിവാസികളെ, ഫാസിസ്റ്റുകളെ വെല്ലുന്ന ക്രൂരതയോടെയാണ് ചവിട്ടിത്തേയ്ക്കുന്നത്. പലസ്തീനികള്‍ക്ക് അനുവദിച്ചുകൊടുത്ത പാര്‍പ്പിട മേഖലകള്‍പോലും ബെന്യാമിന്‍ നെതന്യാഹു എന്ന പ്രധാനമന്ത്രിയും കൂട്ടരും ചേര്‍ന്ന് കയ്യേറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ സ്വന്തം നാടില്ലാത്തവരോട് അല്പമെങ്കിലും നീതി കാണിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ തയാറാകുന്നില്ല. ശതകോടീശ്വരന്മാരുടെ സ്വാധീനത്തിലാണ് മാറിമാറി വന്നിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ പലസ്തീനികളുടെ വംശനാശത്തിന് തന്നെ കൂട്ടുനില്ക്കുന്നത്. ഇതിനെല്ലാം മകുടം ചാ­ര്‍ത്തുന്ന തരത്തിലാണ് പ്രസിഡന്റ് ട്രംപിന്റെ പക്ഷപാതം. ജനുവരി 28ന് പ്രസിഡന്റ് മുന്നോട്ടുവച്ച നിര്‍ദേശം ഇരുഭാഗക്കാരും വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നാണ്. പക്ഷെ, സൗജന്യങ്ങളെല്ലാം ചെയ്യേണ്ടത് പലസ്തീനികളായിരിക്കണമെന്ന തരത്തിലാണ് ട്രംപ് ഭരണത്തിന്റെ എല്ലാ നീക്കങ്ങളും. മാര്‍ച്ച് 28ന് ഇസ്രയേലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹുവിന് നേട്ടമുണ്ടാക്കുന്ന സൗ­ജന്യങ്ങളാണ് പ്രസിഡന്റ് ട്രംപ് ചെയ്തുകൊടുത്തിരിക്കുന്നത്.

പുണ്യനഗരമായ ജെ­റുസ്രലേം ഇസ്രയേലിന്റെ പുതിയ തലസ്ഥാനമാക്കിയതിനെ പിന്തുണച്ചുകൊണ്ട് അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റി സ്ഥാപിച്ചത് ഈ സൗജന്യങ്ങളില്‍ ആദ്യത്തേതായിരുന്നു. പടിഞ്ഞാറെക്കരയില്‍ പുതുതായി നിര്‍മ്മിച്ച ഇസ്രയേലി വാസകേന്ദ്രങ്ങള്‍ ന്യായമായിട്ടുള്ളതാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു. പലസ്തീനികള്‍ക്ക് അമേരിക്ക കൊടുത്തുവന്നി­രുന്ന സഹായങ്ങള്‍ റദ്ദാക്കാനും ട്രംപ് ഭരണം മടിച്ചില്ല. വാഷിംഗ്ടണില്‍ പലസ്തീന് ഉണ്ടായിരുന്ന നയതന്ത്ര കാര്യാലയം അടച്ചുപൂട്ടിയതും ഈ സൗജന്യങ്ങളുടെ ഭാഗമായാണ്. പലസ്തീനികളും ഇസ്രയേലും തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ മുന്‍കയ്യെടുക്കുകയാണെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനിടയിലാണ് ഇത്തരം സൗജന്യങ്ങള്‍ ചെയ്തുകൊടുത്തിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് താന്‍ മുന്‍കയ്യെടുക്കുമെന്നുള്ള പ്രഖ്യാപനത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എഴുന്നള്ളുന്നതെന്ന് ഓര്‍ക്കണം. ഇസ്രയേലി പ്രശ്നത്തിലെ മധ്യസ്തത ഏതുതരത്തിലുള്ളതാണെന്ന് മുകളിലെ വിവരണത്തി­ല്‍ നിന്ന് സ്പഷ്ടമാകുന്നുണ്ടല്ലോ. തല്ലുകൊള്ളുന്നവന്റെ കെെകള്‍ പുറകില്‍ പിടിച്ചു കെട്ടിക്കൊടുക്കുന്ന നയതന്ത്രം ഇസ്രയേലില്‍ തെളിയിച്ചതെങ്ങനെയാണെന്ന് മുകളില്‍ വിവരിച്ചിട്ടുള്ളത് ഓര്‍ക്കുമെങ്കില്‍ ഇന്ത്യയില്‍ ട്രംപ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു.

ഇന്ത്യയും പാകിസ്ഥാനും അടുത്തടുത്ത ദിവസങ്ങളില്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അമേരിക്കയ്ക്ക് രണ്ട് രാജ്യങ്ങളുമായുള്ള നിലപാട് എന്തായിരുന്നുവെന്ന് പരിശോധിക്കുന്നത് എത്രയും ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഇന്ത്യ അമേരിക്കയോടോ സോവിയറ്റ് യൂണിയനോടോ പക്ഷം ചേരാത്ത ഒരു ചേരിചേരാനയം ആവിഷ്ക്കരിച്ചപ്പോള്‍ പാകിസ്ഥാന്‍ പാശ്ചാത്യരുടെ, പ്രത്യേകിച്ചും അമേരിക്കയുടെ പൊന്നോമനയായിട്ടാണ് നിലയുറപ്പിച്ചത്. പാകിസ്ഥാനാകട്ടെ ‘സിയാറ്റൊ’ ഉള്‍പ്പെടെയുള്ള സെെനിക സഖ്യങ്ങളിലെല്ലാം പങ്കാളി ആയാണ് നിലനിന്നത്. അതിന് അമേരിക്കയില്‍ നിന്ന് തക്കതായ പ്രതിഫലം പാകിസ്ഥാന്‍ കെെപ്പറ്റുകയും ചെയ്തു. വര്‍ഷന്തോറും ശതകോടി ഡോളറാണ് അവര്‍ക്ക് ലഭിച്ചത്. ഇന്ത്യയോട് പോരടിക്കാന്‍ ശക്തി പകരുന്ന പോര്‍ വിമാനങ്ങളും സമ്മാനമായി ലഭിക്കുകയും ചെയ്തിരുന്നു. ആ വിമാനങ്ങള്‍ ഇന്ത്യ കാശുകൊടുത്താല്‍പോലും ഇന്ത്യക്ക് നല്കാന്‍ അമേരിക്ക വിസമ്മതിക്കുകയാണുണ്ടായത്. സോവിയറ്റ് യൂ­ണിയന്‍ നല്കിയ മിഗ് വിമാനങ്ങളായിരുന്നു ഇന്ത്യയുടെ കരുത്ത്. ഈ വമ്പിച്ച അമേരിക്കന്‍ ആയുധ സഹായം ലഭിച്ചിട്ടും ഇന്ത്യയുമായി അവര്‍ നടത്തിയ മൂന്ന് വന്‍ പോരാട്ടങ്ങളിലും വിജയം ഇന്ത്യയുടേതായിരുന്നുവെന്ന് ഓര്‍ക്കണം. ചെെനയില്‍ നിന്നും വലിയ സഹായം ഉണ്ടാകുന്നതുവരെ പാകിസ്ഥാന് പണമായും ആയുധമായുള്ള വമ്പിച്ച സഹായം കിട്ടിക്കൊണ്ടിരുന്നു. അങ്ങനെ ചെെന രക്ഷാധികാരിയായി എത്തിയിട്ടും അവര്‍ക്കുള്ള പാശ്ചാത്യ സഹായം നിലച്ചിട്ടില്ല.

അത് അല്പം ചുരുങ്ങിയെന്നേയുള്ളു. ഇന്ത്യക്ക് പണമായല്ലെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് വേണ്ടുന്ന ഘനവ്യവസായങ്ങള്‍ സോവിയറ്റ് യൂണിയനിൽനിന്നും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും ലഭിച്ച കനപ്പെട്ട ഘനവ്യവസായങ്ങളാണ്. ഭിലായിയും ബൊക്കാറൊയും ഇന്ത്യയുടെ ഉരുക്കുവ്യവസായത്തിന്റെ കനപ്പെട്ട നിക്ഷേപങ്ങളാണ്. രാജ്യത്തിന്റെ നിത്യസ്മാരകങ്ങളായിരിക്കും. പണമായി കിട്ടുന്ന സഹായം ആവിയായിപ്പോകാന്‍ അധികസമയം വേണ്ടിവരില്ല. അതേസമയം നെഹ്രു/ഗാന്ധി യുഗത്തില്‍ ഇന്ത്യയില്‍ പടുത്തുയര്‍ത്തിയ ഘനവ്യവസായങ്ങള്‍ ശരിയായി കാത്ത് സൂക്ഷിച്ചാല്‍ കുറെയേറെക്കാലം രാജ്യത്തിന്റെ ശാശ്വതമായ സമ്പത്തായി നിലനില്‍ക്കും. ഈ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് കുറേ നല്ല വാക്കുകളല്ലാതെ രാജ്യത്തിന് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് പൂര്‍വകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ഇടനിലക്കാരനാകാമെന്ന് വാഗ്ദാനമുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തന്മൂലം എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല. എഴുപതു കൊല്ലത്തെ സ്വാന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രം തന്നെ അതിനുള്ള തെളിവാണ്. പാകിസ്ഥാനുമായുള്ള സൗഹൃദത്തിന്റെ കാര്യമാണെങ്കില്‍ അത് രൂപംകൊള്ളണമെങ്കില്‍ രണ്ട് ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായാലേ ആ മോഹം സഫലമാവുകയുളളു.

ഇന്ത്യ മതേതരത്വത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് പല ശ്രമങ്ങളും നടത്തിയതാണല്ലൊ. എന്നിട്ടും അവരുമായി മൂന്ന് മഹായുദ്ധങ്ങളാണല്ലൊ നമുക്ക് നടത്തേണ്ടി വന്നത്. യുദ്ധത്തിലൂടെ ഇന്ത്യയുടെമേല്‍ മേല്‍ക്കെെ നേടാനാവില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതാണ്. ഭൂട്ടൊ പാക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അതിനുളള ചില നീക്കങ്ങള്‍ തുടങ്ങിയതുമാണ്. പാകിസ്ഥാന്റെ മേലുള്ള പട്ടാള മേധാവിത്വം അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല. ഒരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായ ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് പട്ടാളത്തിനെ ധിക്കരിച്ച് എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നുന്നില്ല. പ്രസിഡന്റ് ട്രംപിന്റെ ഇടനിലയെപ്പറ്റി ആരും വലിയ വ്യാമോഹം വച്ചുപുലര്‍ത്തേണ്ടതില്ല. ഇസ്രയേലില്‍ പലസ്തീന്‍കാരുമായി അനുരഞ്ജനം വളര്‍ത്താന്‍ പോയ ട്രംപ് യഹൂദ വര്‍ഗീയവാദിയായ ബെന്യാമിന്‍ നെതന്യാഹുവിന്റെ വിജയത്തിന് ഒത്താശ ചെയ്തിട്ടാണല്ലൊ തിരിച്ചുപോന്നിരിക്കുന്നത്. ഇന്ത്യയില്‍ അതിനും അദ്ദേഹത്തിന് മോഹമുണ്ടാകുമെന്ന് തോന്നുന്നില്ല.

അമേരിക്കയില്‍ ചെന്ന് ഇന്ത്യന്‍ വംശജരുടെ വോട്ട് ട്രംപിന് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും പ്രത്യുപകാരമായി ഇന്ത്യന്‍ ഹിന്ദുത്വവാദത്തെ ശക്തിപ്പെടുത്തിക്കൊടുക്കാനുള്ള മിടുക്ക് ട്രംപിനുണ്ടാവില്ല. ഇന്ത്യയിലെ ഹിന്ദുത്വവാദത്തിന് കരുത്തു പകരാനുള്ള ചെപ്പടിവിദ്യകളൊന്നും ട്രംപിന്റെ കയ്യിലുണ്ടാവില്ല. പലസ്തീനില്‍ ചെന്ന് പലസ്തീനികളെ തോല്പിക്കാന്‍ വേണ്ട സഹായമെല്ലാം ചെയ്തിട്ടും നെതന്യാഹുവിന് അതുകൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടായതെന്നറിയാന്‍ മാര്‍ച്ച് മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരികയും ചെയ്യും. കഴിഞ്ഞ രണ്ട് പ്രാവശ്യം ട്രംപിനെപ്പോലെയുള്ള യാഥാസ്ഥിതികരില്‍ പലരും ശ്രമിച്ചിട്ടും നെതന്യാഹുവിന് കഴിയാത്തതുകൊണ്ടാണല്ലൊ മൂന്നാം പ്രാവശ്യവും അവിടെ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടിവരികയായിരുന്നല്ലൊ. ട്രംപിന്റെ സമാധാന ദൗത്യത്തിലൂടെ പാകിസ്ഥാന്‍ പട്ടാളത്തിന്റെ മനോഭാവത്തിന് എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോയെന്ന് നോക്കാം. ഇന്ത്യ‑പാക്ക് സൗഹൃദം ഒരു യാഥാര്‍ത്ഥ്യമാകുമെങ്കില്‍ നമുക്കും ട്രംപിന് ജയ് ജയ് വിളിക്കാം.