വാഷിങ്ടൺ: അമേരിക്കയുടെ ജനങ്ങളെയോ സ്വത്തിനെയോ തൊട്ടാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ തീവ്രമായി ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയുടെയും ഇറാഖി ഭീകരസംഘടന നേതാവ് അബു മഹ്ദി അൽ മുഹാൻഡിസിന്റെയും കൊലപാതകത്തോടെ അസ്വസ്ഥത രൂക്ഷമായ പശ്ചിമേഷ്യയിൽ ഇത് കുറയ്ക്കാൻ ട്രംപ് യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നത് ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്.
ബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
സുലൈമാനിയുടെ മൃതദേഹം ഇറാനിലേക്ക് എത്തിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ ഇറാന്റെ ദക്ഷിണ പടിഞ്ഞാറൻ നഗരമായ അഹ്‌വാസിലെത്തിച്ചു. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പാതയോരത്ത് കാത്തുനിന്നത്. സുലൈമാനിയുടെ ചിത്രങ്ങളും പച്ചയും വെള്ളയും ചുവപ്പും ഉള്ള പതാകകളുമേന്തിയാണ് ഇവർ തങ്ങളുടെ നാടിന്റെ നായകനെ കാണാനെത്തിയത്. കുട്ടികളും യുവാക്കളും ബന്ധുക്കളും പ്രായമേറിയവരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമടക്കം വന്‍ ജനാവലിയാണ് അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട ജനറലിനെ കാണാൻ തടിച്ച് കൂടിയത്. അത് കൊണ്ട് തന്നെ മുൻ നിശ്ചയിച്ച സമയത്ത് സംസ്കാരം നടത്താനാകില്ലെന്ന് അധികൃതർ പറഞ്ഞു. സംസ്കാരചടങ്ങുകൾ ചൊവ്വാഴ്ചത്തേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി. ടെഹ്റാനിലെത്തിക്കുന്ന മൃതദേഹം പിന്നീട് ജന്മനാടായ കെർമനിലേക്ക് കൊണ്ടുപോകും. അവിടെയാണ് ഖബറടക്കുക.
സുലൈമാനിയുടെ കൊലപാതകത്തിന് പകരമായി ഇറാൻ അമേരിക്കയുടെ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. 52 കേന്ദ്രങ്ങൾ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 1979ൽ ടെഹ്റാനിലെ അമേരിക്കൻ നയതന്ത്രകാര്യാലയം പിടിച്ചെടുത്ത ശേഷം 444 ദിവസം കൊണ്ട് 52 അമേരിക്കക്കാരെ വധിച്ചതിന് പകരമായാണ് ഈ 52 കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്.
ഈ കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് പെന്റഗണോ വൈറ്റ്ഹൗസോ വ്യക്തമാക്കിയിട്ടില്ല. ഇറാൻകാർ വളരെ മോശം പാതയിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രയാൻ പറഞ്ഞു. ഇറാന്റെ സാംസ്കാരിക കേന്ദ്രങ്ങളെയാകും ട്രംപ് ലക്ഷ്യമിടുക എന്ന സൂചനയുണ്ട്. അമേരിക്കൻ ജനതയും ഭീതിയിലാണെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ നാൻസി പെലോസി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.