അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു നാടുകടത്തും ;ട്രംപ്

Web Desk
Posted on July 14, 2019, 4:51 pm

വാഷിംഗ്ടണ്‍ : അനധികൃതമായി യുഎസില്‍ തങ്ങുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു നാടു കടത്താനുള്ള ഓപ്പറേഷന്‍ ഇന്നാരംഭിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. നാടുവിട്ടുപോകാന്‍ ഇമിഗ്രേഷന്‍ കോടതി ഉത്തരവിട്ടിട്ടും അനുസരിക്കാത്തവരെയാണ് ഇത് ബാധിക്കുന്നത്. ന്യൂയോര്‍ക്ക്, മയാമി,ഷിക്കാഗോ, ലോസ് ആഞ്ചലസ് തുടങ്ങി പത്തു സ്ഥലങ്ങളിലായിരിക്കും ഓപ്പറേഷന്‍.

സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യക്കാരായ 2,000 പേര്‍ നടപടിനേരിടുമെന്നാണു പ്രതീക്ഷിക്കുന്നത്.ഒന്നുകില്‍ അവര്‍ക്കു രാജ്യത്തുനിന്നു പോകാമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ക്കു ശേഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.ട്രംപ് കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ച ഓപ്പറേഷന്‍ നീട്ടിവയ്ക്കുകയായിരുന്നു.

അതിനിടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തുന്നതിന് ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നടപടി ശക്തമാക്കി. ജൂലൈ 13നു ശനിയാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളിലാണ് റെയ്ഡിനു തുടക്കമിട്ടത്. രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് കോടതി നാടുകടത്തണമെന്നാവശ്യപ്പെട്ടവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്നാണ് ട്രംപ്  ഉത്തരവിട്ടിരുന്നത്.