പിടികൂടിയ ഐ എസ് ഭീകരരെ വിട്ടയക്കുമെന്ന് ട്രംപിന്‍റെ ഭീഷണി

Web Desk
Posted on February 18, 2019, 9:08 am

സിറിയയില്‍ നിന്ന് പിടികൂടിയ 800 ഐ എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അല്ലാത്ത പക്ഷം അവരെ വിട്ടയക്കുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി.

ഇന്നലെ ട്വിറ്ററിലൂടെയാണ് സിറിയയില്‍ നിന്ന് പിടികൂടിയ ഭീകരരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ സഖ്യരാജ്യങ്ങൾ സ്വീകരിക്കണമെന്നു ട്രംപ് ആവശ്യം ഉന്നയിച്ചത്.

സിറിയയിൽ ഐ.എസിന്റെ പതനം ഉറപ്പായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇറാഖുമായി അതിർത്തി പങ്കിടുന്ന ബഖൂസ് എന്ന ഗ്രാമത്തിലായിരുന്നു ഐ.എസ് തമ്പടിച്ചിരുന്നത്.

ട്രംപിന്റെ ആവശ്യം യൂറോപ്യൻ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും സഖ്യകക്ഷികൾ ആശങ്കയോടെയാണ് കാണുന്നത്. കിഴക്കൻ സിറിയയിലെ ഐ.എസിന്റെ അവസാന ശക്തികേന്ദ്രങ്ങളിൽ ഒരാഴ്ച മുമ്പാണ് യു.എസ് പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്.ഡി.എഫ്) പോരാട്ടം ശക്തമാക്കിയത്.