ട്രംപ് ലോകത്തെ സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കും തള്ളിനീക്കുന്നു

Web Desk
Posted on December 08, 2017, 10:58 pm

 കെ ജി ശിവാനന്ദന്‍       

ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യം അമേരിക്കയാണ്. ടെല്‍ അവീവില്‍ നിന്ന് അമേരിക്കയുടെ നയതന്ത്രകാര്യാലയം മാറ്റണമെന്ന ആവശ്യത്തിന് നിരവധി ആണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കയിലെ ഇതുവരെയുള്ള പ്രസിഡന്റുമാരിലാരും ഇങ്ങനെയൊരു സാഹസത്തിന് തയ്യാറായിരുന്നില്ല. 1995ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ‘ജെറുസലേം നയതന്ത്രകാര്യാലയ നിയമം” പാസ്സാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത് ഇസ്രയേല്‍ ഭരണകൂടത്തെ പ്രീതിപ്പെടുത്താനുള്ള സമീപനം മാത്രമായിട്ടാണ് ട്രംപിനുമുമ്പുള്ള പ്രസിഡന്റുമാരെല്ലാം കണ്ടിരുന്നത്. 1980‑ല്‍ ഇസ്രയേല്‍ പാര്‍ലമെന്റ് നിയമഭേദഗതിയിലൂടെ ജെറുസലേമിനെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചുവെങ്കിലും ടെല്‍ അവീവിനെയാണ് ഇസ്രായേലിന്റെ തലസ്ഥാനമായി ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. ഇതിനൊരപവാദമായിരിക്കുന്നു പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.

ഒരിക്കല്‍ കൂടി സാമ്രാജ്യത്വ വഞ്ചനയുടെ ഇരയാവുകയാണ് ഇസ്രയേല്‍ — പലസ്തീന്‍ ജനത. ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി 1947 നവംബര്‍ 29‑ന് ന്യൂയോര്‍ക്കില്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിലൂടെയാണ് ആധുനിക ലോകത്തിന്റെ മുന്നില്‍ ഇസ്രയേല്‍, പലസ്തീന്‍ എന്നീ സ്വതന്ത്രരാഷ്ട്രങ്ങള്‍ പിറക്കുന്നത്. ജൂത‑ക്രിസ്ത്യന്‍-മുസ്‌ലിം മതവിഭാഗങ്ങളുടെ പുണ്യനഗരമായ ജെറുസലേമിനെ ഒഴിച്ചു നിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു യുഎന്‍ തീരുമാനം. ചിരപുരാതനമായ ആ നഗരത്തിന്റെ മേല്‍ ഇരുരാജ്യങ്ങളിലെ ആര്‍ക്കും അധികാരം നല്‍കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറായില്ല.
ലോകമെമ്പാടുമുള്ള ജൂതന്‍മാര്‍ പലസ്തീനെ തങ്ങളുടെ വാഗ്ദത്ത ഭൂമിയായിട്ടാണ് കണ്ടിരുന്നത്. ഐതിഹ്യവും യാഥാര്‍ത്ഥ്യവും വിശ്വാസവും കൂടിക്കലര്‍ന്നതാണ് ഈ വിശ്വാസത്തിനാധാരം. യഹോവയായ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ് തങ്ങളെന്നാണ് ജൂതരുടെ വിശ്വാസം. അവരുടെ സ്വന്തം രാഷ്ട്രത്തെ എ ഡി 7-ാം നൂറ്റാണ്ടില്‍ സാരസന്മാര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും ജൂതജനതയെ ആട്ടിയോടിക്കുകയും ചെയ്തു. പല രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി അഭയം തേടേണ്ടസ്ഥിതി വന്നു. ചിന്നിചിതറിയെങ്കിലും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കൈവിടാതെ പ്രത്യേക ജനവിഭാഗമായി ഓരോ രാജ്യത്തും അവര്‍ ജീവിച്ചു. വാഗ്ദത്ത ഭൂമിയിലേക്ക് ഒരു കാലത്ത് എത്തിചേരുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. പല രാജ്യങ്ങളിലും അവര്‍ കിരാതമായ പീഡനങ്ങള്‍ക്ക് ഇരയായി. കൂട്ടക്കൊലപാതകങ്ങള്‍ക്ക് ഇരയായ ആ ജനതയോട് അറബ് മുസ്‌ലിങ്ങളും ഇന്ത്യയും തികഞ്ഞ അസഹിഷ്ണുത കാണിച്ചു. എ ഡി 1000-ാമാണ്ടില്‍ കേരളം ഭരിച്ച ചേരരാജാവായ ഭാസ്‌കര രവിവര്‍മ്മ ജൂതവര്‍ത്തക പ്രമാണിയായ ജോസഫ് റബ്ബാന് നിരവധി അവകാശങ്ങള്‍ രേഖപ്പെടുത്തി പൊതുപട്ടയം സമര്‍പ്പിച്ചത് ചരിത്രരേഖയാണ്. കേരളം അന്നു പുലര്‍ത്തിയിരുന്ന മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടേയും കരുത്തുറ്റ തെളിവും കൂടിയാണ് അത്.
വാഗ്ദത്ത ഭൂമിയില്‍ എത്തി ചേരണമെന്നുള്ള ജൂതജനതയുടെ മോഹത്തെ സാമ്രാജ്യത്വം പല സന്ദര്‍ഭങ്ങളിലും ചൂഷണം ചെയ്തു. ആദ്യം അത് നിര്‍വ്വഹിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. ബാല്‍ഫര്‍ പ്രഖ്യാപനം അതിന്റെ ഭാഗമായിരുന്നു. തുര്‍ക്കിയുടെ അധീനതയിലായിരുന്ന പലസ്തീന്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയോടൊപ്പമായിരുന്നു. പലസ്തീനിലേയും ലോകത്തെങ്ങുമുള്ള ജൂതരേയും സംഖ്യകക്ഷികള്‍ക്ക് അനുകൂലമാക്കിയെടുക്കാന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ബാല്‍ഫറുടെ തന്ത്രമായിരുന്നു ഈ പ്രഖ്യാപനം. ജൂതരാഷ്ട്രം എന്ന ആശയത്തിന് അതോടെ ഒരു മൂര്‍ത്തരൂപം കൈവരികയായിരുന്നു. ജെറുസലേമിലെ ഒരു കുന്നിന്റെ പേരായിരുന്നു ‘സിയോണ്‍’ മോദ സിയോണിസ്റ്റ് കോണ്‍ഗ്രസ് രൂപം കൊണ്ടു.
ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ജൂതജനതയോട് ഔദാര്യം കാണിച്ച ബ്രിട്ടന്‍, അറബികളേയും വാഗ്ദാനം നല്‍കി വശത്താക്കി. ഓട്ടോമന്‍ തുര്‍ക്കിയുടെ കീഴിലായിരുന്ന പലസ്തീനിലെ അറബി മുസ്ലീങ്ങളെ തുര്‍ക്കിക്കെതിരായി കലാപം നടത്താന്‍ പ്രേരിപ്പിച്ചു. ഇതിനിടെ ബ്രിട്ടന്റെ സമ്പൂര്‍ണാധിപത്യത്തെ ചോദ്യം ചെയ്ത ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ ബ്രിട്ടന്‍ എടുത്ത തീരുമാനം അറബികളെ ചതിക്കുഴിയില്‍ വീഴ്ത്തിക്കൊണ്ടുള്ളതായിരുന്നു. അറബികള്‍ക്കു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്ന ഒരു പ്രദേശം ഫ്രഞ്ചുകാര്‍ക്ക് അവരുടെ അധീന മേഖലയാക്കാമെന്നും ഉറപ്പുകൊടുത്തു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വഗൂഢതന്ത്രത്തിന്റെ ഭാഗമായി, അക്കാലം മുതല്‍ പലസ്തീന്‍, അറബ്-ജൂത സംഘര്‍ഷ കേന്ദ്രങ്ങളായി.
ഈ സംഘര്‍ഷത്തെ നിയന്ത്രിക്കാനും ഇരുവിഭാഗം ജനങ്ങളേയും ആശ്വസിപ്പിക്കുവാനും എന്ന പേരില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ ലീഗ് ഓഫ് നേഷന്‍സിന്റെ മാന്‍ഡേറ്റ് അനുസരിച്ച് പലസ്തീനെ ഭരിക്കാന്‍ ബ്രിട്ടന് അധികാരം നല്‍കി. അതോടെ ബ്രിട്ടീഷ് പട്ടാളം പലസ്തീനില്‍ നിലയുറപ്പിച്ചു. 1947 ലാണ് ഈ മാന്‍ഡേറ്റ് ഭരണം അവസാനിച്ചത്. മുമ്പ് സൂചിപ്പിച്ചതുപോലെ പലസ്തീന്‍ വിഭജിച്ച് രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്ക് രൂപം നല്‍കി. പകുതി ഭൂമി ജൂതര്‍ക്കും പകുതി ഭൂമി അറബ് ജനതയ്ക്കും. വിഭജനക്കാലത്ത് 12 ലക്ഷം അറബികളും 6 ലക്ഷം ജൂതന്‍മാരുമാണ് ഉണ്ടായിരുന്നത്.
വിഭജന ശേഷം സംഘര്‍ഷം മൂര്‍ച്ഛിച്ചു. 1947, 48, 49 കാലത്ത് സംഘര്‍ഷങ്ങള്‍ യുദ്ധങ്ങളായി മാറി. 1967 ലെ ഈജിപ്ത്-ഇസ്രയേല്‍ യുദ്ധശേഷം ഇസ്രയേലിന്റെ കൈവശമുള്ള ഭൂമി മൂന്നിരട്ടിയായി ഉയര്‍ന്നു. വിഭജന കരാറുപ്രകാരം അറബികളുടേതായിരുന്ന 500 ചതുരശ്രമൈല്‍ പ്രദേശവും 112 ഗ്രാമങ്ങളും ഇസ്രയേലിന്റെ കൈവശമായി. ലക്ഷക്കണക്കിന് അറബികള്‍ അഭയാര്‍ത്ഥികളായി. ജോര്‍ദാന്‍, ലബനോണ്‍, സിറിയ, ഈജിപ്ത്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി അഭയാര്‍ത്ഥി ജീവിതം അനുഭവിക്കുകയാണ് പലസ്തീനികളില്‍ വലിയ വിഭാഗം. ബ്രിട്ടനടക്കം വാഗ്ദാനം ചെയ്ത ജന്‍മഭൂമിയിലേക്ക് മടങ്ങി വന്നു താമസിക്കാന്‍ അവകാശമുണ്ടെന്നാണ് പലസ്തീന്‍കാര്‍ പറയുന്നത്. ഭാഷയും സംസ്‌ക്കാരവും ഉള്‍ക്കൊണ്ട് ജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു രാഷ്ട്രം ജൂതന്‍മാര്‍ക്ക് പലസ്തീനില്‍ ജന്‍മദേശമായി ലഭിച്ചു. ഏഴ് നൂറ്റാണ്ട് കാലത്തോളം പലസ്തീന്‍ വിടാതെ ജീവിച്ച അറബികള്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് യുഎന്‍ പ്രമേയത്തിന്റെ നിഷേധമാണ്. പലസ്തീന്‍ അറബികള്‍ക്ക് അവരുടെ പുരാതനമായ ജന്‍മഭൂമിയില്‍ ഒന്നിച്ചു ചേരാനും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സ്വയം നിര്‍ണ്ണായവകാശം ഉപയോഗിക്കാനും യുഎന്‍ പ്രമേയം അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ ഈ തീരുമാനത്തിന് എന്നും തടസ്സമായി നില്‍ക്കുന്നത് ഇസ്രയേലും അമേരിക്കയുമാണ്. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ജനനം മുതല്‍ അമേരിക്ക ഇസ്രയേലിനൊപ്പമാണ് നിലക്കൊണ്ടിട്ടുള്ളത്. യുഎന്‍ പ്രമേയത്തിന്റെ അന്തഃസത്തയെ മറികടന്നു കൊണ്ട് ഇസ്രയേല്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി നടത്തിയ നടപടികളിലും, ആക്രമണങ്ങളിലും, യുദ്ധങ്ങളിലുമെല്ലാം അമേരിക്ക ഇസ്രയേലിനൊപ്പമാണ് നിലയുറപ്പിച്ചത്.
പലസ്തീന്‍ ജനതയുടെ സ്വന്തമായ രാഷ്ട്രം സ്വയം നിര്‍ണയാവകാശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ അവകാശമുണ്ടെന്നുള്ള യുഎന്‍ പ്രമേയത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉയര്‍ന്നുവന്ന സംഘടനയാണ് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍. 1964 ല്‍ പിഎല്‍ഒ രൂപീകരിച്ചതു മുതല്‍ ചെയര്‍മാനായിരുന്ന് സംഘടനയെ നയിച്ചത് യാസര്‍ അരാഫത്താണ്. അദ്ദേഹത്തിന്റെ സംഘടനാപാടവവും നയതന്ത്രജ്ഞതയും മൂലം 120 ലധികം രാഷ്ട്രങ്ങളാണ് പിഎല്‍ഒയെ അംഗീകരിച്ചത്. ഇതിനിടയിലും സാമ്രാജ്യത്വ ശക്തികള്‍ അവരുടെ വഞ്ചനാപരമായ നടപടികള്‍ തുടര്‍ന്നു. അതില്‍ ഏറ്റവും കുപ്രസിദ്ധമായ ഒന്നാണ് ക്യാമ്പ് ഡേവീഡ് വഞ്ചന. 1978 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ വിശ്രമ വാസസ്ഥലത്തുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി മെനാച്ചിം ബെഗിനും ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്തുമായി ഉണ്ടാക്കിയ ഉടമ്പടിയായിരുന്നു ഇത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രത്യേക ഉടമ്പടി എന്നതാണ് അമേരിക്കന്‍ നയം. അറബ് രാഷ്ട്രങ്ങളുടെ ഐക്യം തകര്‍ക്കുകയെന്ന ഗൂഢതന്ത്രമാണ് ഇതിലൂടെ പ്രയോഗിക്കപ്പെട്ടിരുന്നത്. ഈ കുടുക്കിലാണ് അന്‍വര്‍ സാദത്ത് വീണത്. ബരാക്ക് ഒബാമവരേയുള്ള പ്രസിഡന്റുമാര്‍ ഈ നയമാണ് സ്വീകരിച്ചിരുന്നത്.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ സമീപനമാണ് റൊണാള്‍ഡ് ട്രംപ് കൈക്കൊണ്ടിട്ടുള്ളത്. തികച്ചും തീവ്രവലതുപക്ഷ നിലപാടാണ് അദ്ദേഹത്തിനുള്ളത്. ട്രംപിന്റെ നടപടിയില്‍ ലോകമാകെ രോഷം പുകയുകയാണ്. പലസ്തീനേയും അറബ് ലോകത്തേയും സംഘര്‍ഷത്തിലേക്കും, യുദ്ധത്തിലേക്കും വലിച്ചിഴച്ചതു വഴി ആയുധ കച്ചവടം കൊഴുപ്പിക്കുകയെന്നത് ട്രംപിന്റെ ഉദ്ദേശങ്ങളില്‍ ഒന്നായിരിക്കാം. മേഖലയില്‍ സംഘര്‍ഷം കനക്കുകയാണ്. ഇസ്രയേലിനു നേരെ രണ്ടാം സൈനിക മുന്നേറ്റത്തിന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ആഹ്വാനം മുഴക്കിയിരിക്കുന്നു. കുറച്ചു കൂടി പക്വതയോടെ പലസ്തീന്‍ അതോറിറ്റി അധ്യക്ഷന്‍ മഹ്മുദ് അബ്ബാസ് പ്രതികരിച്ചത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പരമ്പരാഗത മധ്യസ്ഥരെന്ന സ്ഥാനത്തിന് അമേരിക്ക അയോഗ്യമെന്നാണ്.
ലോകത്തിലെ മഹാഭൂരിപക്ഷം രാഷ്ട്രങ്ങളുടേയും ധാര്‍മ്മിക പിന്തുണ പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. അമേരിക്കന്‍ പക്ഷപാതിത്വവും തീവ്രവലതുപക്ഷ നിലപാടും സ്വീകരിക്കുന്ന ഇന്നത്തെ ഇന്ത്യ ഗവണ്‍മെന്റ് ജെറുസലേം വിഷയത്തില്‍ അമേരിക്കയെ പിന്തുണച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ത്യ ട്രംപിന്റെ അപകടകരമായ ഈ സമീപനത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. അറബ് സമൂഹത്തെ പിണക്കാതെയുള്ള നീക്കമായിരിക്കും സര്‍ക്കാരിനുള്ളത്. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പിന്തുടര്‍ന്നുവന്നിട്ടുള്ള സ്വതന്ത്രവും സ്ഥിരവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ പൗരനിലും ഒരു കരുതല്‍ ഉണ്ടാകണം. കെ ജി ശിവാനന്ദന്‍