ട്രംപിന്റെ മുന്‍ വ്യവസായ പങ്കാളി വിമാനത്താവളത്തില്‍ ലഗേജ് മോഷ്ടിച്ചതിന് അറസ്റ്റില്‍

Web Desk
Posted on August 27, 2019, 12:04 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ വ്യവസായ പങ്കാളി അറസ്റ്റില്‍. വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് ഇന്ത്യാക്കാരനായ ദിനേശ് ചൗള അറസ്റ്റിലായത്. ട്രംപ് കുടുംബത്തിന്റെ നാല് ഹോട്ടലുകളില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്നു.
ചൗള ഹോട്ടല്‍ ശൃംഖലകളുടെ സിഇഒ ആയ ചൗള മെംഫിസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞാഴ്ച ലഗേജെടുത്ത് തന്റെ കാറില്‍ വച്ച ശേഷം വിമാനത്താവളത്തിനുള്ളില്‍ കയറി വിമാനം കയറി പോയെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് പൊലീസ് കാര്‍ പരിശോധിക്കുകയും സ്യൂട്ട് കെയ്‌സ് കണ്ടെത്തുകയും ചെയ്തു. മറ്റൊരു ലഗേജും കണ്ടെത്തി. മെംഫിസില്‍ നിന്ന് മടങ്ങിയെത്തിയ ചൗളയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണക്കുറ്റം അദ്ദേഹം ഏറ്റു. 4000 ഡോളര്‍ വില വരുന്ന വസ്തുക്കളാണ് മോഷ്ടിച്ചതെന്നും സമ്മതിച്ചു.
ഇത്തരത്തില്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കുറ്റകരമാണെന്ന് തനിക്ക് അറിയാമെന്ന് ചൗള പറഞ്ഞു. എന്നാല്‍ ഇത് തനിക്ക് ഒരു പ്രത്യേക അനുഭൂതി നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നേരത്തെ നടത്തിയ മോഷണങ്ങളെക്കുറിച്ചൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ചൗളയ്ക്കും സഹോദരന്‍ സുരേഷിനും ഡെല്‍റ്റയില്‍ വന്‍ ഹോട്ടല്‍ ശൃംഖലയാണുള്ളത്. ക്ലീവ്‌ലന്‍ഡില്‍ ഒരു ആഢംബര ഹോട്ടലും നിര്‍മിക്കുന്നുണ്ട്. ട്രംപിന്റെ സ്ഥാപനവുമായി ചേര്‍ന്നാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. എന്നാല്‍ ഫെബ്രുവരിയില്‍ ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. ഡെമോക്രാറ്റുകള്‍ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ഫെബ്രുവരിയില്‍ ട്രംപിന്റെ സഹോദരന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഇത് വിട്ടു കൊടുത്തത്. എന്നാല്‍ ചൗള സഹോദരന്‍മാരെ അയാള്‍ പുകഴ്ത്തുകയും ചെയ്തിരുന്നു.
1988 മുതലാണ് ട്രംപ് കുടുംബവുമായുള്ള ഇവരുടെ ബന്ധം ആരംഭിക്കുന്നത്. ഇവരുടെ പിതാവ് ഡൊണാള്‍ഡ് ട്രംപ് സീനിയറെ ഗ്രീന്‍വുഡില്‍ ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചത് മുതല്‍ തുടങ്ങിയ ബന്ധമാണിത്.