Web Desk

January 14, 2021, 3:03 am

ട്രംപിന്റെ വിഭ്രമാത്മക ചെയ്തികൾ

Janayugom Online

ധികാരം നഷ്ടപ്പെടുമെന്ന് വ്യക്തമായതോടെ യുഎസിൽ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. അധികാരം കയ്യൊഴിയുമെന്നുറപ്പായ ട്രംപിന്റെ മാനസികാവസ്ഥയിൽ കാര്യമായ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെയും അനുയായികളുടെയും ചെയ്തികൾ. ഈ മാസം ഏഴിന് യുഎസ് പാർലമെന്റ് മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ കടന്നാക്രമണം ആ രാജ്യത്തെ ലോകത്തിന് മുമ്പിൽ നാണം കെടുത്തിയിരുന്നു.

ട്രംപ് അനുകൂലികളായിരുന്ന ഭരണാധികാരികൾ പോലും ട്രംപിന്റെ ഒത്താശയോടെ നടന്ന പേക്കൂത്തുകളെ അപലപിക്കുകയും ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രണങ്ങൾക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ആഗോള തലത്തിലും യുഎസിനകത്തും നിന്നുണ്ടായ വിമർശനങ്ങളെ തുടർന്ന് ബൈഡന് ജനുവരി 20 ന് അധികാരം കൈമാറുമെന്ന് പ്രഖ്യാപിച്ചു എങ്കിലും മാനസികമായി വിഭ്രാന്തി സംഭവിച്ചു എന്നതുപോലെയാണ് ട്രംപ് നടപടികൾ തുടരുന്നത്. അടുത്തയാഴ്ച അധികാരത്തിൽ നിന്നിറങ്ങേണ്ടിവരുമെന്ന് ഉറപ്പുണ്ടായിട്ടും നിയമപരമായോ ധാർമികമായോ ജനാധിപത്യപരമായോ ശരിയല്ലാത്ത ഭരണ നടപടികൾ പ്രഖ്യാപിക്കുകയാണ് ട്രംപ്. താൻ അധികാരത്തിലേറിയപ്പോൾ വൈറ്റ് ഹൗസിൽ പ്രതിഷ്ഠിച്ച ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് യുഎസിനകത്തുമാത്രമല്ല ആഗോള തലത്തിൽ പോലും പ്രതിഫലനമുണ്ടാക്കുന്ന നടപടികൾ അദ്ദേഹം തുടരുകയാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്യൂബയെ തീവ്രവാദത്തിന് പിന്തുണ നല്കുന്നുവെന്ന് ആരോപിച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നടപടി. യുഎസിന്റെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ ഉപയോഗിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മതിയായ തെളിവുകൾ അവതരിപ്പിക്കാതെയാണ് ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത്, നിതാന്ത ശത്രുക്കളായിരുന്ന രാജ്യങ്ങള്‍ക്കുപോലും ആരോഗ്യസുരക്ഷ ഒരുക്കുന്നതിൽ മുന്നിലായിരുന്നു ക്യൂബ. ആരോഗ്യപരിപാലന രംഗത്ത് പിന്നാക്കം നില്ക്കുന്നവ ഉൾപ്പെടെ 39 രാജ്യങ്ങളിലേക്കാണ് ക്യൂബൻ ആരോഗ്യ പ്രവർത്തകരുടെ സംഘം കോവിഡ് കാലത്തുമാത്രം എത്തിയത്.

അംഗോളയിലേക്ക് 256 അംഗ സംഘത്തെ അയച്ച ക്യൂബ ടോഗോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും സംഘങ്ങളെ എത്തിച്ച് കോ­വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. പരസ്യമായി ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരായിട്ടും ഇസ്രായേലിനെ കൂടെക്കൂട്ടാൻ ഇപ്പോഴും മടി കാട്ടാത്ത രാജ്യമാണ് അമേരിക്ക. മാത്രവുമല്ല ലോകത്ത് പല രാജ്യങ്ങളിലായി ഭീകരവാദത്തെയും വിഘടന വാദത്തെയും പിന്തുണയ്ക്കുകയും ആ­ഭ്യന്തര ക­ലാ­­പത്തി­­­ന് പ്രോത്സാഹ­നം നല്കുകയും ചെയ്ത രാജ്യവുമാണ്, നാലുവർഷമായി ട്രംപ് ഭരിച്ച യുഎസ്. അവരാണ് സോഷ്യലിസ്റ്റ് ഭരണക്രമം പിന്തുടരുന്നുവെന്നതിനാൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി ക്യൂബയെ പ്രഖ്യാപിക്കുന്നത്. യെമനിലെ ഹൂതികളെ — അൻസാർ അല്ല — വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് തൊട്ടു പുറകേയായിരുന്നു ക്യൂബയ്ക്കെതിരായ യുഎസിന്റെ പ്രഖ്യാപനം. യെമനിലെ മഹാഭൂരിപക്ഷം പ്രദേശങ്ങളിലും സാന്നിധ്യമുള്ളതാണ് ഹൂതികൾ.

ക്യൂബയ്ക്കും യെമനിനും നേരെയുണ്ടായ ഈ നടപടിയോടൊപ്പം ചൈനയുമായി കൊമ്പുകോർക്കുന്നതിനുള്ള സമീപനവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. തായ്‌വാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് ജനുവരി എട്ടിനാണ് പോംപിയോ പ്രഖ്യാപിക്കുന്നത്. ചൈന തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായി കാണുന്ന പ്രദേശമാണ് തായ്‌വാൻ. ചൈനയും തായ്‌വാനും തമ്മിലുള്ള തർക്കം ഇപ്പോഴൊന്നും തുടങ്ങിയതുമല്ല. ആഗോളതലത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിൽ പാലിക്കേണ്ട നയതന്ത്ര ബന്ധത്തിനും സൗഹൃദത്തിനും കടകവിരുദ്ധമായ നടപടിയാണ് തായ്‌വാനുമായി നയതന്ത്ര ബന്ധമുണ്ടാക്കുമെന്ന, ട്രംപിന്റെ നിർദ്ദേശാനുസരണം പോംപിയോയിൽ നിന്നുണ്ടായിരിക്കുന്ന പ്രഖ്യാപനം. ഇതിന് പുറമേ യുഎസിനകത്ത് ട്രംപിന്റെ നിർദ്ദേശാനുസരണം അനുയായികളും ഉദ്യോഗസ്ഥരും സമാനമായ നടപടികൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. 20 ന് ബൈഡന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കേ വാഷിങ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമെന്ന് പറഞ്ഞാണ് ജനുവരി 24 വരെ നീണ്ടു നിൽക്കുന്ന അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വാഷിങ്ടണിലേക്കുള്ള സന്ദർശകരെ വിലക്കുകയും ചെയ്തു. ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കൂടുതൽ പേർ പങ്കെടുക്കാതിരിക്കുന്നതിനാണ് ഈ നടപടിയെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. കൂടാതെ സത്യപ്രതിജ്ഞാദിവസവും അതിന് മുമ്പുമായി സായുധകലാപത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. വാഷിങ്ടണ് പുറമേ 50 സംസ്ഥാന തലസ്ഥാനങ്ങളിലും കലാപ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിന് പിന്നിലും ട്രംപ് ആയിരിക്കുമെന്നാണ് നിഗമനം.

നാലുവർഷം മുമ്പ് അപ്രതീക്ഷിതമായി അധികാരത്തിലെത്തിയ ട്രംപ് ലോകത്തിന് മുന്നിൽ, സാധാരണ യുഎസ് പ്രസിഡന്റുമാരെപ്പോലെ സാമ്രാജ്യത്ത നയങ്ങൾ പിന്തുടരുകയും സ്വേച്ഛാധിപത്യം കൊണ്ടുനടക്കുകയും അതിസമ്പന്നരുടെയും വ്യാപാരികളുടെയും താല്പര്യങ്ങൾക്കു പരിഗണന നല്കുകയും ചെയ്തിരുന്ന പ്രസിഡന്റായിരുന്നില്ല, മറിച്ച് ഹാസ്യകഥാപാത്രത്തിന് തുല്യമായ ഭരണാധികാരി കൂടിയായിരുന്നു. അധികാരം കൈവിട്ടുപോകുന്നുവെന്ന ഘട്ടത്തിൽ അദ്ദേഹം കാട്ടിക്കൂട്ടുന്ന ചെയ്തികൾ ജനാധിപത്യ സംവിധാനത്തിനും സാധാരണ മാനസികാവസ്ഥയുള്ള ഏതൊരു വ്യക്തിക്കും അപമാനകരമാണ്.