അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് സെനറ്റിൽ തുടക്കമായി. വിചാരണക്കോടതിയായി മാറിയ സെനറ്റിന്റെ അധ്യക്ഷനായി യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം 99 സെനറ്റർമാരും ഇംപീച്ച്മെന്റ് നടപടിയുടെ ജൂറി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും.അധികാര ദുർവിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. ഇതിന്റെ തുടർനടപടിയാണ് സെനറ്റിലെ വിചാരണ. 100 അംഗ സെനറ്റിൽ 66 അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ ട്രംപിനെ പുറത്താക്കാൻ കഴിയു.
ജനുവരി 21 മുതലാണ് പ്രമേയത്തിൽ സെനറ്റിൽ ചർച്ച നടക്കുക. രണ്ടാഴ്ച നീളുന്ന വിചാരണക്ക് ശേഷം വോട്ടെടുപ്പ് നടക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും. സെനറ്റിൽ 53 റിപ്പബ്ലിക്കൻ അംഗങ്ങളിൽ ആരും ഇതുവരെ ട്രംപിനെതിരായ നിലപാടെടുത്തിട്ടില്ലാത്തതിനാൽ ട്രംപിന് ഭയക്കേണ്ടതില്ല. നടപടികളുടെ ഭാഗമായി വിചാരണ തുടങ്ങുന്ന കാര്യം വൈറ്റ് ഹൗസിനെ ഔദ്യോഗികമായി അറിയിച്ചു. കുറ്റാരോപണങ്ങൾ സംബന്ധിച്ച് നേരിട്ട് വിശദീകരണം നൽകാനും അഭിഭാഷകനെ നിയോഗിക്കാനും ട്രംപിനോട് സെനറ്റ് നിർദേശിച്ചു.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് വിചാരണ നേരിടുന്നത്. അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റ് ആണ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 1998ൽ ബിൽ ക്ലിന്റനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച്മെന്റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡന്റ് പദവിയിൽ തുടർന്നു.
English summary:Trumps impeachment proceedings have begun us senat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.