Web Desk

ന്യൂഡല്‍ഹി

February 22, 2020, 10:37 pm

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; രാഷ്ട്രീയ വിനോദസഞ്ചാരം

Janayugom Online

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ആഘോഷപൂര്‍ണമായ രാഷ്ട്രീയ വിനോദ സ‍ഞ്ചാരത്തിനുപരി ഏറെ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നതാവില്ലെന്ന സൂചനകള്‍ ശക്തം. യുഎസ് താല്പര്യങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഏതാനും പ്രതിരോധ, വ്യാപാര, ഊര്‍ജ്ജമേഖലാ കരാറുകള്‍ സന്ദര്‍ശനവേളയില്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ട്രംപ് സംഘത്തിലെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. ട്രംപ് സന്ദര്‍ശനവേളയില്‍ യുഎസില്‍ നിന്നും 260 കോടി ഡോളറിന്റെ (ഉദ്ദേശം 20,000 കോടി രൂപ) സീഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തലവനായുള്ള സുരക്ഷാകാര്യ കാബിനറ്റ് സമിതി തീരുമാനിച്ചിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി 1,60,000 കോടി ഡോളറിന്റെ പ്രതിരോധ ഇടപാടുകള്‍ യു എസുമായി ഇന്ത്യ നടത്തിയിരുന്നു. ഔഷധരംഗത്തൊഴികെ കാര്യമായ മറ്റ് വ്യാപാര ഇടപാടുകളിലേയ്ക്ക് ഇപ്പോള്‍ കടക്കേണ്ടതില്ലെന്ന് ഇരുരാജ്യങ്ങളും നേരത്തേതന്നെ ധാരണയായിരുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഒപ്പുവച്ച ഇന്ത്യ – യുഎസ് സിവില്‍ ആണവകരാര്‍ അനുസരിച്ചുള്ളതും അന്ന് നടക്കാതെപോയതുമായ ആറ് ആണവ വൈദ്യുത നിലയങ്ങള്‍ വാങ്ങി സ്ഥാപിക്കാന്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാവും. ട്രംപിന്റെ മരുമകന്‍ ജെറഡ് കുഷ്നര്‍ ഇടനിലക്കാരനായ ഇടപാടാണിത്. 400 കോടി ഡോളര്‍ (ഉദ്ദേശം 35,000 കോടി രൂപ) വരുന്നതാണ് ഈ ഇടപാട്. കുഷ്നറും പത്നി ഇവന്‍കയും ട്രംപ് സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇരുവരും ട്രംപിന്റെ ഉപദേശക വൃന്ദത്തില്‍ ഉള്‍പ്പെട്ടവരും ഭരണകൂട നയതീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരുമാണ്.

വ്യാപാരരംഗത്ത് വികസ്വര രാജ്യമെന്ന നിലയില്‍ ലോക വ്യാപാരസംഘടനാ ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യ യുഎസുമായുള്ള വ്യാപാരത്തില്‍ പൊതുപരിഗണനാ സംവിധാനത്തിലാണ് (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് — ജിഎസ്‌പി) ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശാനുസരണം യുഎസ് വ്യാപാര പ്രതിനിധി കാര്യാലയം ഇന്ത്യയെ ഏകപക്ഷീയമായി ജിഎസ്‌പി പട്ടികയില്‍ നിന്നും നീക്കി. ഇപ്പോള്‍ അവരുടെ പട്ടികയില്‍ ഇന്ത്യ വികസിത രാഷ്ട്രമാണ്. അതോടെ 560 കോടി ഡോളറിന്റെ (ഏകദേശം 45,000 കോടി രൂപ) തീരുവ രഹിത യുഎസ് വിപണിയാണ് ഇന്ത്യക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല, പുതിയ വ്യവസ്ഥയനുസരിച്ച് യു എസില്‍ നിന്നും അവരുടെ ഉപാധികള്‍ക്ക് വിധേയമായി 650 കോടി ഡോളറിന്റെ (ഏകദേശം 50,000 കോടി രൂപ) ഇറക്കുമതി നടത്തുകയും വേണം.

ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവയ്ക്കാന്‍ സാധ്യതയുള്ള ഒരു വ്യാപാരക്കരാര്‍ ഔഷധങ്ങളും ചികിത്സാ ഉപകരണങ്ങളും സംബന്ധിച്ചവയാണ്. അവയില്‍ ജീവന്‍രക്ഷാ ഔഷധങ്ങളും ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായ സ്റ്റെന്റുകള്‍, കാല്‍മുട്ട് ശസ്ത്രക്രിയയില്‍ ആവശ്യമായി വരുന്ന നീക്യാപ് എന്നിവയും ഉള്‍പ്പെടുന്നു. അവയുടെ ഇറക്കുമതിക്ക് യു എസ് ഔഷധ കമ്പനികള്‍ നിര്‍ദേശിക്കുന്ന വില നിശ്ചയിക്കേണ്ടിവന്നാല്‍ ഇന്ത്യന്‍ ചികിത്സാരംഗം കൂടുതല്‍ ചെലവേറിയതായി മാറും. ട്രംപ് സന്ദര്‍ശനത്തിന്റെ ഊന്നല്‍ അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിനായിരിക്കും. പൗരത്വ ഭേദഗതി നിയമമടക്കം ഭരണകൂട നടപടികളാല്‍ ആഭ്യന്തരരംഗത്ത് പ്രതിരോധത്തിലും ആഗോളതലത്തില്‍ ഒറ്റപ്പെടലും നേരിടുന്ന മോഡി സര്‍ക്കാര്‍ ഈ രാഷ്ട്രീയ വിനോദസഞ്ചാരത്തില്‍ നിന്നും മുതലെടുക്കാമെന്നു കണക്കുകൂട്ടുന്നു. ട്രംപാകട്ടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അമേരിക്കന്‍ ഇന്ത്യന്‍ വോട്ടും ആഗോള പ്രതിച്ഛായയുമാണ് ഉന്നം വയ്ക്കുന്നത്.

ENGLISH SUMMARY: Trump’s India visit

YOU MAY ALSO LIKE THIS VIDEO