August 12, 2022 Friday

ട്രംപിന്റെ കുറ്റവിചാരണ ഒരു അസംബന്ധ നാടകം

എം എസ് രാജേന്ദ്രൻ
ലോകജാലകം
February 17, 2020 5:20 am

യുഎസ്എ എന്ന അമേരിക്ക 1776‑ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏതാണ്ട് രണ്ടര നൂറ്റാണ്ടുകളായി ജനാധിപത്യത്തിന്റെ കെടാവിളക്കും മറ്റുമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എങ്കിലും ഭരണഘടനപ്രകാരം തന്നെ ആ സ്ഥാനത്തിരുന്നുകൊണ്ട് ഒരു ഏകാധിപതിയുടെ അധികാരം കെെയാളാനാവുമെന്ന് നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ 16-ാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ അടിമകള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ‘കുറ്റ’ത്തിന് രണ്ടാംവട്ടം പ്രസിഡന്റായി തെരഞ്ഞെടു‌ക്കപ്പെട്ട ഉടന്‍തന്നെ രക്തസാക്ഷിത്വം വരിച്ച ചരിത്രവും ആര്‍ക്കും വിസ്മരിക്കാനാവില്ല. പക്ഷെ, നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ പദവിയുടെ ഏകാധിപത്യ സ്വഭാവമാണ് അടിവരയിട്ട് കാണിക്കുന്നത്. പണക്കൊഴുപ്പു കൊണ്ടുമാത്രമാണ് താന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് അഹങ്കരിക്കുന്ന ട്രംപ് നേര്‍വിപരീതമായ ഒരു ചിത്രമാണ് ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ പാര്‍ലമെന്റായ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളെയും ധിക്കരിക്കാന്‍ യാതൊരു മനഃപ്രയാസവും ഇല്ലെന്ന് അദ്ദേഹം പല പ്രാവശ്യം തെളിയിച്ചിട്ടുണ്ട്. യുഎസ് പാര്‍ലമെന്റിന്റെ അധോസഭയായ ജനസഭയില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ആ സഭയുടെ തീരുമാനങ്ങളെയാണ് അദ്ദേഹം കൂടുതല്‍ വെല്ലുവിളിച്ചിട്ടുള്ളത്. അമേരിക്കന്‍ ഭരണഘടനയുടെ മതേതരത്വത്തിന്റെ മേലാണ് അദ്ദേഹം ആദ്യം കത്തിവച്ചത്. അഞ്ച് ഇസ്ലാമിക് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ നിഷേധിച്ചതാണ് ട്രംപിന്റെ ഭരണനടപടികളില്‍ ആദ്യത്തേതെങ്കിലും അയല്‍ രാജ്യമായ മെക്സിക്കൊയിലെ ആളുകള്‍ കൂട്ടത്തോടെ തന്റെ നാട്ടിലേക്ക് കുടിയേറ്റം നടത്തുന്നത് തടയാനാണ് അദ്ദേഹം മുന്‍ഗണന നല്കിയത്.

ഇവരില്‍ ഒരു കോടിയിലധികം പേര്‍ വിസ കൂടാതെയാണ് അവിടേക്ക് കുടിയേറ്റം നടത്തിയത്. യുഎസ്എയുടെ തൊഴില്‍ കമ്പോളത്തിലേയ്ക്ക് കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നവരെയാണ് മെക്സിക്കൊ സപ്ലെെ ചെയ്തിരുന്നത്. ഈ കുടിയേറ്റത്തിന് തടയിടാന്‍ ആയിരമായിരം മെെലുകള്‍ ദെെര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ഒരു വന്‍മതില്‍ നിര്‍മ്മിക്കാനാണ് ട്രംപ് മുതിര്‍ന്നത്. യുഎസ് കോണ്‍ഗ്രസിന്റെ ജനസഭ ഇതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ബജറ്റ് വിഹിതം വകമാറ്റി ചിലവിടാനും ട്രംപിന് മടി ഉണ്ടായില്ല. ആ വന്‍മതില്‍ നിര്‍മ്മാണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധിസഭയെ ചോദ്യം ചെയ്യുന്ന ധിക്കാരമാണ് ട്രംപ് ഇതിലൂടെ പ്രദര്‍ശിപ്പിച്ചത്. 1494‑ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കന്‍ ഭൂഖണ്ഡ മേഖലയില്‍ കാലുകുത്തിയതിന് ശേഷമാണ് ഇംഗ്ലണ്ടിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും നിന്നുള്ളവര്‍ കൂട്ടത്തോടെ അവിടേക്ക് കുടിയേറിക്കൊണ്ട് ആ ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന ആദിവാസികളെ ഒട്ടുമുക്കാലും കൊന്നൊടുക്കിയത്. അങ്ങനെ നോക്കുമ്പോള്‍ യുഎസ്എ മാത്രമല്ല തെക്കും വടക്കുമുള്ള രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങളും കുടിയേറ്റക്കാരുടെ നാടാണ്. അങ്ങനെയുള്ള ഒരു രാജ്യമാണ് ഇപ്പോള്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ പുതിയ കുടിയേറ്റക്കാര്‍ പ്രവേശിക്കാതെ രാജ്യത്തിന്റെ പ്രവേശന കവാടങ്ങള്‍ കൊട്ടിയടയ്ക്കാന്‍ തിടുക്കം കാട്ടുന്നത്. മാത്രമല്ല, വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരായി പുതിയൊരു വര്‍ണവിവേചനത്തിന് അദ്ദേഹം തുടക്കമിട്ടിരിക്കുകയുമാണ്. ഇപ്രകാരം അഞ്ച് നൂറ്റാണ്ട് മാത്രം ആയുസുള്ള വടക്കേ അമേരിക്കയിലെ ഒരു രാജ്യമായ യുഎസ്എയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷമുള്ള മൂന്ന് കൊല്ലത്തിനിടയില്‍ നടന്നിട്ടുള്ള ജനവിരുദ്ധ നടപടികള്‍ക്ക് കണക്കില്ല.

അത്തരം കുറ്റകൃത്യങ്ങള്‍ മാത്രം വച്ചുകൊണ്ട് ട്രംപിനെ ഇംപീച്ച് (കുറ്റവിചാരണ) ചെയ്യാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അധോസഭ തീരുമാനിച്ചപ്പോള്‍ ലോകം മുഴുവന്‍ ചെറുതായെങ്കിലും ആശ്വസിച്ചിട്ടുണ്ടാകും. പക്ഷെ, ഈ ഇംപീച്ച്മെന്റ് അദ്ദേഹത്തിന്റെ എണ്ണമറ്റ അത്തരം അപരാധങ്ങള്‍ക്കായിരുന്നില്ലെന്നതാണ് ഒരു ദുഃഖ സത്യം. അധികാര ദുര്‍വിനിയോഗം, പാര്‍ലമെന്റ് തീരുമാനങ്ങളെ ധിക്കരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പശ്ചാത്തല വിവരണത്തില്‍ ഉണ്ടായിരുന്നെങ്കിലും പ്രധാനമായി രണ്ട് കാര്യങ്ങളാണ് കുറ്റപത്രത്തില്‍ എടുത്തുപറഞ്ഞിരുന്നത്. ഡിസംബറിലാണ് ഇതു സംബന്ധിച്ച പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്. പ്രധാന കുറ്റമായി അതില്‍ ചൂണ്ടിക്കാട്ടിയത് രണ്ട് കാര്യങ്ങളാണ്. ഒന്നാമത്തേത് ഉക്രെയിന്‍ എന്ന മുന്‍കാല സോവിയറ്റ് റിപ്പബ്ലിക്കിന് ധനസഹായം നല്കുന്നതിന് ഒരു നിബന്ധന വയ്ക്കുന്നതിനാണ്. ഈ സഹായം ലഭിക്കണമെങ്കില്‍ അമേരിക്കയുടെ മുന്‍ വെെസ് പ്രസിഡന്റായ ജോബിഡന്റെ പുത്രന്‍ ഹണ്ടര്‍ ബിഡന്റെ അഴിമതിയെപ്പറ്റി അന്വേഷണം ആരംഭിക്കണമെന്നതായിരുന്നു ആ നിബന്ധന. ജോബിഡന്‍ ഇക്കൊല്ലം നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ശ്രമിക്കുന്ന ആളാണ്. ഹണ്ടര്‍ ബിഡന്‍ ഉക്രെയിനില്‍ ബിസിനസ് നടത്തുന്ന ആളാണ്. അദ്ദേഹം ഉക്രെയിനില്‍ ബിസിനസ് നടത്തുമ്പോള്‍ കാണിച്ച ക്രമക്കേടുകളെപ്പറ്റി ഉക്രെയിന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഈ അന്വേഷണം ആസന്നമായ യുഎസ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന ജോബിഡന് തടസമാകുമെന്നതാണ് പ്രസിഡന്റ് ട്രംപ് കണക്കുകൂട്ടിയത്.

അങ്ങനെ ഏറെ ജനസമ്മതിയുള്ള ബിഡന്‍ തെരഞ്ഞെടുപ്പില്‍ തന്റെ പ്രധാന പ്രതിയോഗി ആക്കുന്നതിന് തടയിടാമെന്ന് ട്രംപ് പ്രത്യാശിക്കുന്നുണ്ടായിരുന്നു. അധോസഭയില്‍ പ്രമേയം പാസായാല്‍ ഇംപീച്ച് മെന്റ് എന്ന കുറ്റവിചാരണ നടക്കുമെങ്കിലും ഉപരിസഭയായ സെനറ്റിന്റെ മൂന്നില്‍ രണ്ട് ഭാഗമുണ്ടെങ്കിലേ ആ വിചാരണ വിജയിക്കൂ എന്നും, ഡമോക്രാറ്റിക്ക് പാര്‍ട്ടിക്കാര്‍ക്കും നിശ്ചയമുണ്ടായിരുന്നു. എന്നിട്ടും അവര്‍ അതിന് മുതിര്‍ന്നത് ഒരു പ്രചരണമെന്നതിലേയ്ക്ക് മാത്രമായിരുന്നുവെന്ന് അറിയാത്തവര്‍ ചുരുങ്ങും. ഫെബ്രുവരി 11ന് സെനറ്റ് തള്ളിക്കളഞ്ഞതോടെ ആ ഉദ്ദേശവും നടന്നില്ലെന്നു മാത്രമല്ല, ട്രംപിന് തന്റെ വിജയത്തിന് ഒരു പ്രചാരണ ആയുധമാക്കാന്‍ അവസരം കെെവരിക്കുകയും ചെയ്തിരിക്കുകയാണ്. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറയുമ്പോലെയാണ് സംഭവഗതി മുന്നോട്ട് നീങ്ങുന്നത്. അങ്ങനെ വീണുകിട്ടിയ അവസരം നല്ലപോലെ പ്രയോജനപ്പെടുത്താന്‍ ട്രംപിന്റെ പാളയം ശ്രമം തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഈ ഇംപീച്ച്മെന്റ് നടപടി തന്റെമേല്‍ കരിവാരി തേയ്ക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ട്രംപ് തുടക്കംമുതല്‍ തന്നെ തിരിച്ചടിച്ചിരുന്നു. അപ്പറഞ്ഞത് കുറച്ചെങ്കിലും ശരിയായിരുന്നുവെന്ന് ഏറെപേര്‍ക്ക് തോന്നാന്‍ തുടങ്ങിയിട്ടുണ്ടാകും. വീണുകിട്ടിയ ഈ അവസരം പാഴാക്കുന്ന ആളല്ല ട്രംപ് എന്ന് ഒരുവിധം എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ട്രംപ് ആ വഴിക്കു മുന്നേറാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. അങ്ങനെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമം അദ്ദേഹത്തിന് മറ്റൊരു പ്രചരണായുധമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിച്ചത് ആദ്യകാല കുടിയേറ്റക്കാരായ വെളളക്കാരുടെ അറുപിന്തിരിപ്പന്‍ നിലപാടാണ്. ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കയിലും നിന്നുള്ള സങ്കരവര്‍ഗക്കാരുടെ വരവ് ഒട്ടും സന്തോഷത്തോടെയല്ല ഈ അറുപിന്തിരിപ്പന്‍ വിഭാഗക്കാര്‍ നോക്കിക്കാണുന്നത് ഉന്നത വിദ്യാഭ്യാസമുള്ള ഈ പുതിയ കുടിയേറ്റക്കാര്‍ തങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന പരാതി അവരില്‍ വലിയൊരു വിഭാഗത്തിനുണ്ടായിരുന്നു. അത്തരം അസംതൃപ്തിയാണ് കഴിഞ്ഞതവണയും ട്രംപിന് പിന്‍ബലമായത്. അങ്ങനെയുള്ളവര്‍ നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ട്രംപിന് പിന്നില്‍ അണിനിരക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതു പറയുമ്പോള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നേതൃത്വത്തിനുള്ള മത്സരം കയ്യാംകളി വരെ എത്തിയിരിക്കുന്നതായാണ് അയോവ സ്റ്റേറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ മത്സരം വിളിച്ചറിയിക്കുന്നത്. സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ മുന്‍പന്തിയിലുള്ള സാന്‍ഡേഴ്സിനെതിരായ വിഭാഗക്കാര്‍ ഈ സ്ഥാനാര്‍ത്ഥി നിര്‍ണയ മത്സരത്തില്‍ കാണിക്കുന്ന തറവേലകള്‍ അയോവയിലും മറ്റ് സ്റ്റേറ്റുകളിലും പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഡമോക്രാറ്റിക്ക് പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നാല്‍ പോലും നിലവിലുള്ള ഒരു പ്രസിഡന്റിനെ തോല്പിക്കുക പ്രയാസമായിരിക്കും. അമേരിക്കയില്‍ ഇതുവരെ നടന്ന പ്രസിഡന്റ് മത്സരങ്ങളില്‍ രണ്ടാംവട്ടം തോറ്റിട്ടുള്ളവരുടെ സംഖ്യ വിരലിലെണ്ണാവുന്നതേയുള്ളു. അപ്പോള്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിമോഹികള്‍ക്കിടയിലുളള തമ്മിലടി മൂര്‍ച്ചിക്കുമ്പോഴത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ടാണ് ട്രംപിന്റെ ഇംപീച്ച്മെന്റിനെ ഒരു അസംബന്ധ നാടകമായി മാത്രമെ കാണാനാവൂ എന്ന് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.