ലോക ജനത കോവിഡ് 19 എന്ന മാരക പകര്‍ച്ചവ്യാധി നേരിടുമ്പോളും ആഗോള സാമ്പത്തിക വ്യാപര മേഖലകളില്‍ സ്വന്തം ആധിപത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിവരുന്ന ചൈനയെ അവഹേളിക്കാനാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമയം പാഴാക്കിയത്. ചൈനയിലെ വുഹാനില്‍ പൊടുന്നനെ ഉത്ഭവിച്ച കൊറോണ വൈറസിനെ ‘വുഹാന്‍ വൈറസ്’ എന്നും ‘ചൈനീസ് വൈറസ്’ എന്നും വിശേഷിപ്പിക്കുകയാണ് ട്രംപ് തുടക്കത്തില്‍ ചെയ്തത്. 2020 ജനുവരി 20നാണ് ദക്ഷിണ കൊറിയയിലും അമേരിക്കയിലും ആദ്യത്തെ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യുഎസ് ഭരണത്തലവന്റെ സമീപനത്തില്‍ ക്രമേണ നേരിയതോതില്‍ മാറ്റം കാണാന്‍ കഴിഞ്ഞു.
ഈ ദുരന്തത്തെ പ്രത്യയശാസ്ത്ര രാഷ്ട്രീയ പോരിന്റെ ഭാഗമായി കാണാതിരുന്ന ദക്ഷിണ കൊറിയ ചെയ്തത് രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ദീര്‍ഘവീക്ഷണത്തോടുകൂടിയ ഈ സമീപനം ഫലം കണ്ടു. രോഗത്തിന്റെ വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ ദക്ഷണി കൊറിയന്‍ സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയുടെ സ്ഥിതിയോ? ഓരോ ദിവസം പിന്നിടുമ്പോഴും കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ അതിവേഗ വര്‍ധനവാണ് യുഎസിൽ അനുഭവപ്പെട്ടുവരുന്നത്. ഗണിതശാസ്ത്രത്തിന്റെ ഭാഷയില്‍ ഈ വര്‍ധനവിനെ ‘ജ്യോമെട്രിക്കല്‍ പ്രോഗ്രഷന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.
2020 ജനുവരി 20ന് ഒരു കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന യുഎസില്‍ മാര്‍ച്ച് 26 ആയതോടെ 6,9197 കേസുകളായി പെരുകുകയാണുണ്ടായത്. മാര്‍ച്ച് 28 ആയതോടെ ഇത് വീണ്ടും ഉയര്‍ന്നു. 80,000 ല്‍ ഏറെയായി. 2020 മാര്‍ച്ച് 30ന് ഇത് 1,25,000 വരെയായി ഉയര്‍ന്നു. യുഎസില്‍ ഒരു ദിവസത്തെ മാത്രം മരണനിരക്ക് 1800 ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2020 ഫെബ്രുവരി ഒമ്പതിന് സ്പെയിനിന്റേതും 49,515 കേസുകളോടെ ചൈനയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു എന്നതുകൂടി ഓര്‍ക്കണം. ഏറെ താമസിയാതെതന്നെ അമേരിക്ക ഇപ്പോള്‍ 74,386 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇറ്റലിയെ കടത്തിവെട്ടിയിരിക്കുന്നു എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ദക്ഷിണ കൊറിയയാണെങ്കില് രോഗത്തിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ വിജയിച്ചതിനെ തുടര്‍ന്ന് രോഗ വ്യാപനത്തിന്റെ എണ്ണം 9,241 ല്‍ ഒതുക്കിനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നതും. യുഎസിന്റേതിലും നന്നേ കുറവുമാത്രമാണിത്; ആറു മടങ്ങ് കുറവ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധിക്കാരപരമായ ഭാഷയും നിലപാടും ഒരിടവേള വിനയത്തിന്റേതായി മാറി. കോവിഡ് 19നെ പറ്റി ചൈനക്ക് സാമാന്യം നല്ല വിവരമുണ്ടെന്നും ഈ ദുരന്തം അഭിമുഖീകരിക്കുന്നതില്‍ ചൈനയും അമേരിക്കയും തമ്മില്‍ അടുത്ത സൗഹൃദബന്ധം അനിവാര്യമാണെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രണ്ടു രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വലുപ്പത്തിലും ജനസംഖ്യയിലും നിലനില്‍ക്കുന്ന വലിയ അന്തരം രോഗബാധിതരായവരുടെ എണ്ണത്തിലൂടെയും പ്രതിഫലിക്കുന്നുണ്ട്. ദക്ഷിണ കൊറിയ ആദ്യത്തെ കൊറോണ കേസ് 2020 ഫെബ്രുവരി ഏഴിനുതന്നെ ശരിവച്ചിരുന്നെങ്കിലും അമേരിക്ക പ്രശ്നം വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ അപ്പോള്‍ പോലും കൂട്ടാക്കിയില്ല. ഫെബ്രുവരി ആദ്യത്തില്‍ സെന്റഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്‍ (സിഡിസി) 1,60,000 രോഗ പരീക്ഷണ കിറ്റുകള്‍ രാജ്യത്തുടനീളം ലാബുകളിലേയ്ക്കായി വിതരണം ചെയ്തെങ്കിലും ഇതില്‍ 200 എണ്ണം മാത്രമാണ് ഉപയുക്തമാക്കിയതത്രെ. മാത്രമല്ല, മാനദണ്ഡങ്ങളുടെ കൃത്യമായ നിര്‍ണ്ണയം നടത്താതെ ഫെബ്രുവരി മാസം മുഴുവനും പരീക്ഷണങ്ങള്‍ നിലച്ചുപോവുകയുമായിരുന്നു. ഇത്തരം അവഗണനയുടെയും അലംഭാവത്തിന്റെയും ഫലമായി രോഗത്തിന്റെ സമൂഹവ്യാപനം അതിവേഗം നടന്നുവരുകയുമായിരുന്നു. പരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത നിലവിലിരുന്നപ്പോഴും പരീക്ഷണ മാനദണ്ഡങ്ങള്‍ അവ്യക്തമായി തുടരുമ്പോഴും ലോകാരോഗ്യ സംഘടനയുടെ ഉപദേശവും സഹായവും നേടാനോ പരീക്ഷണ കിറ്റുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടാനോ ഡൊണാള്‍ഡ് ട്രംപ് തയ്യാറായില്ല. മാത്രമല്ല, കോവിഡ് 19 രാജ്യത്ത് വ്യാപിക്കുകയില്ലെന്നും രോഗ നിയന്ത്രണ നടപടികള്‍ ശരിയായ ട്രാക്കില്‍തന്നെ നടക്കുകയാണെന്നും അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചു. ഇത്തരത്തിലൊരു ധിക്കാരപരമായ സമീപനം സ്വീകരിക്കുന്നതില്‍ ട്രംപ് തന്റെ ആത്മമിത്രമായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ബഹുദൂരം പിന്നിലാക്കി. ട്രംപിന്റെ തിടുക്കത്തിലുള്ള ഇന്ത്യാ സന്ദര്‍ശനം ഡല്‍ഹിയില്‍ നിന്നും തുടക്കം കുറിച്ച സിഎഎ–എന്‍പിആര്‍-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭണം തണുപ്പിക്കാന്‍ ഒരു പരിധിവരെയെങ്കിലും മോഡി സര്‍ക്കാരിനെ രാഷ്ട്രീയമായി സഹായിച്ചുവെന്നു കരുതുന്നതില്‍ അപാകതയില്ല.
ട്രംപിനെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ ജനതയെ കോവിഡ് 19 വിഴുങ്ങിക്കളഞ്ഞാലും പ്രശ്നമില്ല. മുന്‍ഗണന നല്‍കേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിനല്ല, തന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ ഉറപ്പിക്കലിലാണ്. ഇതിലേക്കായി അമേരിക്കന്‍ ഓഹരി വിപണികളുടെ ആത്മവിശ്വാസം കോവിഡ് 19 ന്റെ വ്യാപന വാര്‍ത്ത പ്രചരിക്കുന്നതുവഴി നഷ്ടപ്പെടാനുള്ള സാധ്യതകളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുക എന്നതായിരുന്നു ട്രംപിന്റെ ലക്ഷ്യം. അമേരിക്കന്‍ ഓഹരി വിപണികളും ഇന്ത്യന്‍ ഓഹരി വിപണികളെപ്പോലെ തകര്‍ച്ചയിലാണ്. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ 2020ലെ ജിഡിപി നിരക്ക് വെറും 2.5 ശതമാനത്തില്‍ ഒതുങ്ങിപ്പോകുമെന്നാണ് ഓഹരി വിപണി വിദഗ്ധരും റേറ്റിംഗ് ഏജന്‍സികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ ഇത് പൂജ്യത്തിലെത്താന്‍ സാധ്യതയുണ്ടത്രെ. ഈ സാധ്യത ശരിവയ്ക്കുന്ന വിധത്തിലാണ് ഗോള്‍ഡ് മാന്സാക്സ് നടത്തിയിരിക്കുന്ന പ്രവചനം. ഇതനുസരിച്ച് ഇന്ത്യയുടെ ജിഡിപി നിരക്ക് 1.6 ശതമാനത്തില്‍ ഒതുങ്ങിപ്പോകും (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്). തൊഴിലും വരുമാനവും കിടപ്പാടവും ഇല്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളുടെ പുനരധിവാസം വന്‍ ബാധ്യതയായിരിക്കും. സാമ്പത്തിക മാനേജ്മെന്റില്‍ ദീര്ഘവീക്ഷണമില്ലാത്തൊരു രാഷ്ട്രത്തലവനാണ് ഒറ്റയാന് നയസമീപനത്തില്‍ വിശ്വസിക്കുന്ന ഡൊണാള്‍ഡ് ട്രംപ് എന്നത് മറ്റൊരു സമീപകാല അനുഭവംകൂടിയുണ്ട്. 2020 ജനുവരി 22നാണ് ലോകാരോഗ്യ സംഘടന ‘സാഴ്സ്-കോവ്-2 എന്ന പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന്റെ ഫലമായി ഒരു സാര്‍വദേശീയ പൊതു ആരോഗ്യ അടിയന്തരാവസ്ഥ ഉയര്‍ത്തുന്ന ആശങ്ക’ എന്ന വിഷയത്തില്‍ ചര്‍ച്ചചെയ്യുന്നതിനായി ഒരു സമ്മേളനം ചേര്‍ന്നത്. ഈ സമ്മേളനത്തിന്റെ പ്രസക്തിയും പ്രാധാന്യവും തള്ളിക്കളഞ്ഞ ട്രംപിന്റെ പ്രതികരണം എന്തായിരുന്നെന്നോ? ‘ഞങ്ങള്‍ ഈ പ്രശ്നത്തെ പൂര്‍ണ നിയന്ത്രണത്തിലാക്കിയിരിക്കുന്നു’. 2020 മാര്‍ച്ച് ഒമ്പതിന് യുഎസില്തന്നെ ഈ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതുവരെ ട്രംപ് ഇത്തരം പ്രസ്താവനകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 500ല്‍ ഏറെയായിരുന്നു. മരണം 22 കവിയുകയും ചെയ്തിരുന്നു. എന്നിട്ടും ട്രംപിന്റെ ജല്പനം ‘ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം ഒരു ശരാശരി അമേരിക്കകാരന് ഒരു പ്രശ്നമേയല്ല’ എന്നായിരുന്നു. കോവിഡ് 19 എന്ന പേരില്‍ ‘സാഴ്സ്കോവ്-2’ പൊട്ടിപ്പുറപ്പെട്ട് ഒരു ലക്ഷത്തിലേറെ അമേരിക്കക്കാരെ അതിന് വിധേയരാക്കുകയും മരണനിരക്ക് 2020 മാര്‍ച്ച് 30ന് 2,000 പിന്നിട്ടതിനു ശേഷവുമാണ് ട്രംപിന് ബോധോദയം ഉണ്ടാകുന്നത് ചൈനയില്‍ തുടക്കമിട്ട ഈ ദുരന്തത്തിന് സ്വന്തം ജനതയും ഇരകളാകേണ്ടിവരുമെന്ന്.
കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയുടനെ ട്രംപ് ചെയ്തത് വൈസ് പ്രസിഡന്റ് മൈക്ക് പെന്സിന് ഈ രോഗം സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തുകയാണുണ്ടായത്. യുഎസ് ഭരണകൂടത്തിന്റെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞന്മാരും കോവിഡ് 19 പകര്‍ച്ചവ്യാധിയെപ്പറ്റി ‘കമാ’ എന്ന് ഉരിയാടണമെങ്കില് പെന്‍സിന്റെ സമ്മതം വേണമെന്നും നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. പെൻസ് ഇന്ത്യാനയിലെ ഗവര്‍ണ്ണര്‍ ആയിരിക്കെയാണ് പ്രസ്തുത സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവുമധികം എച്ച്ഐവി പൊട്ടിപ്പുറപ്പെട്ടത് എന്നത് മറ്റൊരുകാര്യം. ട്രംപിന്റെ ശാസ്ത്ര വിജ്ഞാനത്തെപ്പറ്റിയും നിരവധി വിവാദങ്ങളുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും സംഘപരിവാര്‍ വിദഗ്ധരെയും ട്രംപ് നിഷ്പ്രഭമാക്കിയിരിക്കുന്നു എന്നു പറയേണ്ടിവരും. ശാസ്ത്രത്തിനും ശാസ്ത്ര വിജ്ഞാനത്തിനുമെതിരായി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ചരിത്രമാണ് ട്രംപിന്റേത്. മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റിയും ആഗോളതാപനത്തെ പറ്റിയും യുക്തിരഹിതമായ വ്യാഖ്യാനങ്ങളും വിലയിരുത്തലുകളുമാണ് അദ്ദേഹം നടത്തിവന്നിട്ടുള്ളത്. ആഗോളതാപനം എന്നത് തീര്‍ത്തും ‘അബദ്ധജഡിലവും ചെലവേറിയതുമായൊരു തട്ടിപ്പാണ്’ എന്നാണ് ട്രംപിന്റെ നിരീക്ഷണം. ഇതിന്റെ പേരില്‍ ആഗോള കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക നാളിതുവരെ ഒപ്പിടാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, രോഗപ്രതിരോധത്തിനായും രോഗ നിവാരണത്തിനുമായി ഉപയോഗിക്കുന്ന ഔഷധങ്ങള്‍ മനുഷ്യനെ സ്വപ്നജീവികളാക്കി മാറ്റുമെന്നുകൂടി അദ്ദേഹം നിരന്തരം തട്ടിവിട്ടിരുന്നു. എന്നാല്‍, കോവിഡ് 19 സ്വന്തം രാജ്യത്ത് അതിവേഗം പടരാന്‍ തുടങ്ങിയതോടെ അദ്ദേഹം ഈ വിഷയത്തില്‍ ‘യു ടേണ്‍’ എടുത്തു. അമേരിക്കയിലെ ഔഷധ നിര്‍മ്മാണ കോര്‍പ്പറേറ്റുകളോട് വാക്സിന് നിര്‍മാണം ത്വരിതപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
‘നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്യുക, വാക്സിന് ഉല്പാദനം ത്വരിതപ്പെടുത്തുക, ത്വരിതപ്പെടുത്തുക’ – ഇതായിരുന്നു സര്‍വശക്തനാണെന്ന് അഹങ്കരിച്ചിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിലാപം. ഈ പശ്ചാത്തലത്തില്‍ ‘സയന്‍സ്’-എന്നൊരു പ്രസിദ്ധീകരണം അതിശക്തമായ ഭാഷയില്‍ ഒരു മുഖപ്രസംഗം എഴുതുകയുണ്ടായി. ‘മിസ്റ്റര്‍ പ്രസിഡന്റ്, അങ്ങ് ഞങ്ങള്‍ക്കൊരു ഉപകാരം ചെയ്യുക. അങ്ങേക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, ശാസ്ത്രത്തോടും ശാസ്ത്രീയ സിദ്ധാന്തങ്ങളോടും മാന്യമായി പെരുമാറുക’. ഇത്രയൊക്കെയായിട്ടും ട്രംപിന്റെ ധാര്ഷ്ട്ര്യം നിറഞ്ഞ നിലപാടുകളില്‍ അയവുണ്ടായില്ല. കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തില്‍ അപ്രതീക്ഷിതമായ തോതില്‍ വര്‍ധനവുണ്ടായതോടെ അദ്ദേഹത്തിന്റെ സ്വരം മാറി, ഭാഷ മാറി. വരാനിരിക്കുന്ന വിപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഏതു വിധേനയും വഴുതിമാറുകയായിരുന്നു അടുത്ത ലക്ഷ്യം. ആദ്യമായി അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളായ ഡമോക്രാറ്റുകളെ കടന്നാക്രമിക്കുകയാണ് ചെയ്തത്. ഈ മാരകമായ പകര്‍ച്ചവ്യാധി തന്റെ എതിരാളികളുടെ സൃഷ്ടിയായൊരു തട്ടിപ്പാണ് എന്നായിരുന്നു അദ്ദേഹം നടത്തിയ പ്രസ്താവന. തുടര്‍ന്നായിരുന്നു ചൈനയ്ക്കെതിരായ ട്രംപിന്റെ അട്ടഹാസം. ലോകാരോഗ്യ സംഘടനതന്നെ വരാനിരിക്കുന്ന മാരകവ്യാധിയെ വിശേഷിപ്പിച്ചത് സാഴ്സ്കോവ്-2 എന്നായിരുന്നല്ലോ. അതാണിപ്പോള്‍ കോവിഡ് 19 എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രോഗത്തെ ‘ചൈനീസ് വൈറസ്’ എന്ന് വിശേഷിപ്പിക്കാനായിരുന്നു ട്രംപിന്റെ താല്പര്യം. ഇതിലൂടെ ആഗോളതലത്തില്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിവരുന്ന ചൈനയ്ക്ക് മോശപ്പെട്ട പ്രതിച്ഛായ സൃഷ്ടിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുക. ഇത്രയ്ക്ക് ഹീനമായൊരു സമീപനം സ്വീകരിക്കാന്‍ ട്രംപിന് മാത്രമേ കഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.