August 19, 2022 Friday

വൃഥാഭീഷണി അമേരിക്കയ്ക്കും ഭൂഷണമല്ല

Janayugom Webdesk
January 20, 2020 2:22 am

ഗുണ്ടായിസം പലയിടങ്ങളിലും ചട്ടമ്പിമാരുടെ ഒരു ആയുധമാണ്. പക്ഷെ, ഒരു രാഷ്ട്രത്തലവന്‍ അതുമായി മുന്നേറുന്നതു കാണുമ്പോള്‍ കരയുകയാണോ ചിരിക്കുകയാണോ വേണ്ടതെന്ന് പറയുക അത്ര എളുപ്പമല്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റ് ആ ‘നിലയിലേക്ക് ഉയരുമ്പോള്‍’ അതങ്ങനെ ചിരിച്ചുതള്ളാവുന്ന ഒരു സംഗതിയാവില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യകാല കൊളോണിയല്‍ ശക്തികള്‍ എല്ലാംതന്നെ ഓടിത്തളര്‍ന്ന് കിഴട്ടു കുതിരകളായി മാറിയപ്പോ­ള്‍ ആ യുദ്ധത്തില്‍ സാരമായ പരിക്കുകളൊന്നും ഏല്‍ക്കാതെ സൈനികമായും സാമ്പത്തികമായും ഒരു വന്‍ശക്തിയായി മാറിയ രാജ്യമാണ് യുഎസ്എ എന്ന അമേരിക്ക. യുദ്ധത്തി­ല്‍ സര്‍വതും ബലികഴിച്ച് ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ കൊമ്പ് ഒടിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച സോവിയറ്റ് യൂണിയന് ആ പരിക്കുക­ളില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു. ആ വിടവില്‍ അമേരിക്ക ലോകത്തിലെ വന്‍ ശക്തിയായി മാറിയെങ്കില്‍ അതില്‍ ഒട്ടും അതിശയിക്കാനില്ല. അതിനാല്‍ ആ രാജ്യത്തെ സര്‍വരും ലോകാധിപതിയായി അംഗീകരിച്ചത് സ്വാഭാവികവുമാണ്.

ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പഞ്ചമഹാശക്തികള്‍ പോലും അമേരിക്കന്‍ സാമ്പത്തികശേഷിക്കു മുമ്പില്‍ ഭിക്ഷാംദേഹികളായിരുന്നു. യുദ്ധത്തില്‍ സര്‍വതും നഷ്ടപ്പെട്ട സോവിയറ്റ് യൂണിയന്‍ ഒഴിച്ചുള്ള മറ്റ് മുന്‍കാല സാമ്രാജ്യത്വ നഷ്ടങ്ങളെ അമേരിക്ക കൈഅയച്ച് സഹായിക്കുകയും ചെയ്തു. അങ്ങനെയാണ് അമേരിക്ക ലോകത്തിലെ ഏക വന്‍ശക്തിയായി മാറിയത്. യുദ്ധാനന്തര അമേരിക്കയുടെ ദീര്‍ഘകാല ഭരണാധികാരി ആയിരുന്ന ഹാരി ട്രൂമാന്‍ സമര്‍ത്ഥമായി ആ പദവി ഉപയോഗിച്ച് സാമ്പത്തികമായും സൈനികമായും അമേരിക്കയുടെ ലോകാധിപത്യത്തിന് നല്ല അടിത്തറ സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് അധികാരത്തില്‍ വന്ന ഐസന്‍ ഹോവര്‍ മുതല്‍ക്കുള്ള പ്രസിഡന്റുമാരെല്ലാം അവരുടെ ആണവായുധശേഷിയുടെ പിന്‍ബലത്തില്‍ ലോകസാമ്രാട്ട് എന്ന നിലയ്ക്കുള്ള രാജ്യത്തിന്റെ പദവി നിലനിര്‍ത്തുകയും ചെയ്തു. ആണവായുധക്ക­രുത്തിന്റെ കാര്യത്തിലും അമേരിക്കയ്ക്ക് ഒപ്പമെത്തിയിരുന്ന സോവിയറ്റ് യൂണിയന്റെ പതനത്തോടെ തങ്ങളെ വെല്ലുവിളിക്കാന്‍ മറ്റാരുമില്ലെന്ന തോ­ന്നലാണ് അമേരിക്ക­യ്ക്കുണ്ടായത്. ഒരു ലോക ഗുണ്ടാത്തലവന്റെ മട്ടിലാണ് പിന്നീട് അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവരുടെ അധികാരം പ്രയോഗിച്ചിട്ടുള്ളത്. പക്ഷെ, അവരുടേതാ­യ മര്യാ­ദ തൊട്ടുതേച്ചിട്ടില്ലാത്ത രീതിയിലാണ് 45-ാമത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെരുമാറുന്നത്. മറ്റുള്ളവര്‍ക്കെതിരെ ശരിക്കും ഒരു ഗുണ്ടാത്തലവനെന്ന പോലെയാണ് കുരച്ചു ചാടുന്നത്.

അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും ഹീനമായ മാതൃകയാണ് ഡൊണാള്‍ഡ് ട്രംപിന്റേത്. മറ്റു രാജ്യങ്ങള്‍ക്കൊന്നും യാതൊരു വിലയും കല്പിക്കാത്ത അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഇറാന്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സുല്‍ത്താന്‍ ഭരണത്തെ കടപുഴക്കി എറിഞ്ഞുകൊണ്ട് ഇസ്‌ലാം മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഖൊമൈനിമാരുടെ ഭരണം. തിരുവായ്ക്ക് എതിര്‍വായില്ലെന്ന മട്ടിലുള്ള ഖൊമൈനി ഭരണം ജന്മംകൊണ്ട നാള്‍ തൊട്ട് അമേരിക്കയെ ബദ്ധ വൈരികളായാണ് കണ്ടുവന്നിട്ടുള്ളത്. തുടക്കത്തില്‍ തന്നെ അമേരിക്കന്‍ എംബസിക്ക് ഉപ­രോധം ഏര്‍പ്പെടുത്തി. പുതിയ ഭരണത്തിന് അല്പം അയവു വന്നതോടെയാണ് അമേരിക്കയുമായുള്ള ബന്ധം കുറച്ചെങ്കിലും സാധാരണ നിലയിലായത്. ഇറാന്റെ ആണവായുധശേഷി അമേരിക്കയെയും ഭീഷണിപ്പെടുത്തിയിരുന്നു. ലോകരാഷ്ട്രങ്ങള്‍ വളരെ ബദ്ധപ്പെട്ടാണ് ഒരു ആണവായുധ നിരോധനക്കരാറില്‍ ആ രാജ്യത്തെക്കൊണ്ട് ഒപ്പിടുവിച്ചത്. പക്ഷെ, പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി ആ കരാര്‍ റദ്ദാക്കിക്കൊണ്ട് പുതിയ സംഘട്ടനത്തിന് വഴി തുറന്നിരിക്കുന്നു. ആ സംഘര്‍ഷത്തെ അതിന്റെ പാരമ്യതയില്‍ എത്തിച്ചുകൊണ്ടാണ് ട്രംപ് ഇക്കഴിഞ്ഞ ദിവസം ഇറാന്റെ പരമോന്നത ഭരണാധിപന്മാരില്‍ ഒരാളായിരുന്ന സുലൈമാനിയുടെ കൊല സംഘടിപ്പിച്ചത്.

സുലൈമാനിയുടെ വിമാനം ഇറാക്കില്‍ നിന്ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ കഴിയും മുമ്പ് ട്രംപിന്റെ ആജ്ഞപ്രകാരം അമേരിക്ക റോക്കറ്റ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ വിമാനത്തെ വീഴ്ത്തുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം സംഘടിപ്പിച്ചിരുന്നത് സുലൈമാനി ആണെന്നായിരുന്നു ഈ കൊലപാതകത്തിനുള്ള ട്രംപിന്റെ ന്യായീകരണം. ഇന്ത്യയെ സുഖിപ്പിക്കാനായി മുംബൈയിലും മറ്റും കൂട്ടക്കൊല സംഘടിപ്പിച്ചത് സുലൈമാനിയാണെന്ന് കൂടി ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ ആ ചൂണ്ടയി­ല്‍ കൊത്താതെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്നാണ് ഇന്ത്യ അഭിപ്രായപ്പെട്ടത്. സുലൈമാനിയുടെ വിയോഗത്തില്‍ ഇറാന്‍ ഒന്നടങ്കം ഇളക്കിമറിയുകയാണ്. ദിവസങ്ങള്‍ നീണ്ടുനിന്ന ദുഃഖാചരണത്തിന് കോടിക്കണക്കിന് ജനങ്ങള്‍ അണിനിരന്ന കാഴ്ചയാണ് ലോകം ദര്‍ശിച്ചത്. ഇറാനിലെ ഇസ്‌ലാമിക ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം അവരുടെ കൈകള്‍ക്ക് ശക്തി കൂട്ടുകയാണ് ചെയ്തതെന്ന് ടെഹ്റാനിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്ന വിലാപയാത്രകള്‍ തെളിയിച്ചു. കോടിക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത വിലാപയാത്രകളിലെ തിക്കും തിരക്കും കാരണം ഡസന്‍ കണക്കിന് ആളുകള്‍ക്കു് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ചക്കിന് വച്ചത് കൊക്കിന് കൊണ്ടുവെന്നു പറയുമ്പോലെയാണ് ഈ സംഭവം ലോകത്തിന് അനുഭവപ്പെട്ടത്. ഇറാനിലെ ഭരണാധികാരികള്‍ ഇതിന് തക്ക തിരിച്ചടി നല്‍കിയത് ഇറാക്കില്‍ തിമ്പടിച്ചിട്ടുള്ള അമേരിക്കന്‍ പട്ടാള സങ്കേതങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലൂടെയാണ്. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന ആ പ്രസ്താവന ട്രംപിന് തന്നെ തിരുത്തേണ്ടിവരികയും ചെയ്തു. നൂറുകണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും ഒന്നോ രണ്ടോ പേര്‍ക്ക് മരണം സംഭവിച്ചതായും അമേരിക്കയ്ക്ക് ഔദ്യോഗികമായി സമ്മതിക്കേണ്ടി വന്നു. ഇറാക്കിലേക്ക് പുതുതായി ആയിരക്കണക്കിന് സൈ­നികരെ എത്തിച്ച നടപടിയെ അവിടുത്തെ സര്‍ക്കാര്‍ ശക്തിയായി എതിര്‍ത്തിരിക്കുകയുമാണ്. ഇറാനെതിരായി കൂടുതല്‍ ശക്തിയായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആ ഭീഷണി നടപ്പിലായിട്ടില്ല. മറിച്ച്, തന്റെ പ്രഖ്യാപനങ്ങള്‍ വെറുമൊരു മുന്നറിയിപ്പല്ലെന്നും അതെല്ലാം നടപ്പിലാക്കാന്‍ പോവുകയാണെന്നും മറ്റുമുള്ള പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയും ഒരു വീണ്‍വാക്കായാണ് മാറിയിരിക്കുന്നത്. ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ തന്നെ ഉണ്ടെന്ന സംശയവും അത് ഉപയോഗിക്കാന്‍ ഖൊമൈനി മടിക്കില്ലെന്ന ഭയവുമാകണം അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

സുലൈമാനിയുടെ കൊലപാതകം ഉള്‍പ്പടെയുള്ള പ്രസിഡന്റ് ട്രംപിന്റെ കൈവിട്ട കളി മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും ജയിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കുതന്ത്രങ്ങളായാണ് മറ്റ് പാശ്ചാത്യശക്തികളും കാണുന്നത്. അതുകൊണ്ടാണല്ലോ അമേരിക്കയുടെ ഏത് പ്രകോപനങ്ങളെയും സദാ പിന്തുണച്ചിരുന്ന പാശ്ചാത്യര്‍ ഇത്തവണ അക്കാര്യത്തില്‍ യാതൊരു ആവേശവും കാണിക്കാത്തതും. വടക്കന്‍ കൊറിയയെ ഹിംസിച്ചുകളയുമെന്ന പേടിപ്പെടുത്തല്‍ ഉപേക്ഷിച്ച് അവിടുത്തെ പ്രസിഡന്റ് കിം കോങ് ഉന്നുമായി സിംഗപ്പൂരിലും ഹാനോയിലും വച്ച് കൂടിയാലോചനയ്ക്ക് എത്തിയ ട്രംപിന്റെ എടുത്തുചാട്ടങ്ങള്‍ക്കുശേഷം ട്രംപിന്റെ ഭീ­ഷണികളെ പാശ്ചാത്യരും ഗൗരവമായി കാണുന്നില്ലെന്നതിന്റെ സൂചനകളാണ്. വീണ്ടും അ­ദ്ദേഹം വടക്കന്‍ കൊറിയന്‍ പ്രസിഡന്റിന് ഇക്കഴിഞ്ഞ ദിവസം ജന്മദിനാശംസകള്‍ നേര്‍ന്നതും ഒന്നും ഇപ്പോള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നില്ല. മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് ജയിക്കാനുള്ള കുതന്ത്രങ്ങളെ ട്രംപിന്റെ ഹാസ്യ സംരംഭങ്ങളായേ ഇപ്പോള്‍‍ എല്ലാവരും കാണുന്നുള്ളു. വെനിസ്വേലയെ ഉടനടി ശരിപ്പെടുത്തിക്കളയുമെന്ന ഭീഷണിയുടെ സ്ഥിതിയും എല്ലാവരും ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ. അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ഹാസ്യ കൂടിയാലോചനകള്‍, പതിനാറു കൊല്ലം മുമ്പ് ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ചോരക്കളി തുടങ്ങിയവ വച്ചുനോക്കുമ്പോള്‍ ട്രംപ് ഇപ്പോള്‍ നടത്തുന്ന എടുത്തുചാട്ടങ്ങളില്‍ ആര്‍ക്കും ആശ്ചര്യമുണ്ടാവേണ്ടതില്ല. ന്യൂയോര്‍ക്കിലെ ലോകവാണിജ്യ കേന്ദ്രം തകര്‍ത്ത അല്‍ഖ്വയ്ദ എന്ന ഭീകരസംഘടനയുമായിപ്പോലും സന്ധിചെയ്യാന്‍ മടിക്കുകയില്ലെന്നാണ് അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി നടക്കുന്ന സന്ധിസംഭാഷണങ്ങളും സൂചിപ്പിക്കുന്നത്. അടുത്ത നവംബര്‍ മാസത്തില്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് എന്തും ചെയ്യാന്‍ ട്രംപ് മടിക്കില്ലെന്നു മാത്രമാണ് ഇതില്‍ നിന്നും സ്പഷ്ടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.