June 7, 2023 Wednesday

ട്രംപിന്റെ അധികാര ദുര: ലോകം മുള്‍മുനയില്‍

Janayugom Webdesk
January 10, 2020 5:10 am

വൈറ്റ് ഹൗസിന്റെ നടുത്തളത്തില്‍ ഇന്നലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ്-ഇറാന്‍ സംഘര്‍ഷം സംബന്ധിച്ച് നടത്തിയ പ്രസ്താവനയും യു എസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ആ രാജ്യത്തിന്റെ പ്രതികരണവും അന്തരീക്ഷത്തില്‍ തെല്ല് അയവുവരുത്തിയതായാണ് ആഗോള മാധ്യമ വിലയിരുത്തല്‍. എന്നാല്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ആരും കരുതുന്നില്ല. അതിന്റെ മുഖ്യകാരണം പ്രശ്നത്തിന്റെ ഉറവിടം പശ്ചിമേഷ്യയല്ല, മറിച്ച് യു എസ് ആഭ്യന്തര രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദമാണെന്നതു തന്നെ. യുഎസ് രാഷ്ട്രീയം സമീപകാലത്തൊന്നും ഇല്ലാത്തവിധം കലുഷിതമാണ്. പ്രസിഡന്റ് ട്രംപിനെതിരെ യുഎസ് ജനപ്രതിനിധി സഭ (കോണ്‍ഗ്രസ്) വിചാരണ പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കിക്കഴിഞ്ഞു.

അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തല്‍ എന്നിവയാണ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന കുറ്റകൃത്യങ്ങള്‍. 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമെയര്‍ സെലന്‍സ്കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി തന്റെ ഡമോക്രാറ്റിക് എതിരാളി ജോ ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ നടത്തിയ ഇടപെടലാണ് ട്രംപിന് വിനയായത്. കോണ്‍ഗ്രസ് നടത്തിയ അന്വേഷണം തടസപ്പെടുത്താന്‍ ട്രംപ് നടത്തിയ ശ്രമങ്ങള്‍ വന്‍വിവാദമായി. കോണ്‍ഗ്രസ് അംഗീകരിച്ച കുറ്റപത്രം സെനറ്റില്‍ ഭൂരിപക്ഷം വരുന്ന റിപ്പബ്ലിക്കന്‍മാര്‍ നിരാകരിച്ചേക്കാം. എന്നിരിക്കലും പ്രസിഡന്റിനെതിരായ വിചാരണാ ശ്രമം അദ്ദേഹത്തിന്റെ തെര‍ഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. അതു മറികടക്കാനുള്ള കുടിലതന്ത്രമാണ് ഇപ്പോള്‍ പശ്ചിമേഷ്യയെയും ലോകത്തെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കൊല്ലപ്പെട്ട ഇറാനിയന്‍ ജനറല്‍ ക്വാസെം സുലൈമാനി നേരത്തെതന്നെ വധിക്കപ്പെടേണ്ട ഭീകരവാദിയാണെന്നും അണുവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും എന്നാല്‍ തല്‍ക്കാലം യുദ്ധത്തിനില്ലെന്നുമുള്ള നിലപാടാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്.

ഇറാനും സുലൈമാനിക്കും അനുകൂലമായി യാതൊരു വാദഗതിയും ഉന്നയിക്കാതെതന്നെ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും പറയാന്‍ കഴിയും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനു പിന്നില്‍ വൈറ്റ് ഹൗസിന്റെ ആഗോള ഭീകരവാഴ്ചയും കൊടും രാഷ്ട്രീയ വഞ്ചനയുമാണെന്ന്. മറ്റൊരു പരമാധികാര രാഷ്ട്രത്തില്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച ഐക്യരാഷ്ട്രസഭാ നിബന്ധനകളും അ­ന്താ­­­രാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ള കൂട്ടക്കൊലപാതകമാണ് സുലൈമാനിക്കും സംഘത്തിനും നേരെ നടന്നത്. ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം സൗദി അ­റേബ്യയും ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ ചര്‍ച്ചചെയ്ത് ലഘൂകരിക്കുന്നതിന് താന്‍ ക്ഷണിച്ചുവരുത്തിയ സുലൈമാനിയെ ചതിയിലൂടെ യു എസ് വകവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി അദില്‍ അബ്ദുള്‍-മഹ്ദി ഇറാഖ് പാര്‍ലമെന്റില്‍ പറയുകയുണ്ടായി. സൗദിയുമായുള്ള അനുരഞ്ജനത്തിന് മഹ്ദി മാധ്യസ്ഥം വഹിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതെല്ലാം അടയാളപ്പെടുത്തുന്നത് യുഎസ് ജനാധിപത്യത്തിന്റെ തകര്‍ച്ചയും അധികാരദുരമൂത്ത ഒരു സ്വേച്ഛാധിപതിയുടെ വിനാശകരമായ സാഹസികതയുമാണ്.

2017 ല്‍ അധികാരാരോഹണം നടത്തിയ ട്രംപ് പശ്ചിമേഷ്യയടക്കം ലോകത്തിന്റെ പല ഭാഗത്തുമുള്ള യുഎസ് സൈനിക വിന്യാസത്തെ നിശിതമായി അപലപിച്ചിരുന്നു. തന്റെ റിപ്പബ്ലിക്കന്‍ മുന്‍ഗാമി തുടങ്ങിവച്ച സാഹസിക സൈനിക നടപടികളുടെ ഉത്തരവാദിത്വം ബരാക് ഒബാമയുടെയും ഡമോക്രാറ്റുകളുടെയും കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കാനായിരുന്നു ശ്രമം. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്നതിനും അധികാരം നിലനിര്‍ത്തുന്നതിനും അതില്‍ കഴിയാവുന്നത്ര കടിച്ചുതൂങ്ങുന്നതിനും വിദേശഘടകങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് ട്രംപിനോളം തിരിച്ചറിയുന്ന മറ്റാരും ഉണ്ടാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു വിജയത്തിന് ട്രംപ് റഷ്യയുടെ നിയമവിരുദ്ധ ഇടപെടലുകളോട് കടപ്പെട്ടിരിക്കുന്നു. ഇത്തവണ ഉക്രെയ്‌നെ കരുവാക്കാനുള്ള നീക്കം കോണ്‍ഗ്രസ് പരാജയപ്പെടുത്തി. അതിന് വലിയവില നല്‍കേണ്ടിവരുന്നത് പശ്ചിമേഷ്യയും ലോകജനതയുമാണ്. യു എസ് ജനതയും ഡമോക്രാറ്റുകള്‍ ഉള്‍പ്പെടെ അവിടത്തെ പ്രതിപക്ഷ രാഷ്ട്രീയവും ഈ വസ്തുത തിരിച്ചറിയുന്നു. ജനപ്രതിനിധി സഭയുടെ അറിവോ അനുമതിയോ കൂടാതെ യുദ്ധം പ്രഖ്യാപിക്കാനും കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കാനും യു എസ് പ്രസിഡന്റിന് അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഈ ദുരവസ്ഥയ്ക്കു കാരണം. 9/11 ന്റെ ഭീകരാക്രമണത്തെ തുടര്‍ന്ന് യു എസ് കോണ്‍ഗ്രസ് പ്രസിഡന്റിന് തീറെഴുതിയ ആ ജനാധിപത്യ അവകാശം തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. യുഎസ് പ്രസിഡന്റിനുള്ള ആ സാമ്രാജ്യത്വ സമഗ്രാധികാരത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആഗോള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുന്ന, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.