യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച രാത്രി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. വൈറ്റ് ഹൗസിൽ 2017 മുതൽ 21 വരെ പ്രസിഡന്റുപദവിയിലിരുന്ന ട്രംപിന്റെ ഒന്നാമൂഴം അതുവരെയുണ്ടായിരുന്ന യുഎസ് പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി ലോകത്തിന് ആശങ്കകൾക്കൊപ്പം തമാശയോടെ ആസ്വദിക്കുവാനും സാധിച്ചിരുന്ന കാലയളവായിരുന്നു. രണ്ടാമൂഴത്തിൽ ട്രംപ് മുന്നോട്ടുവച്ചിരിക്കുന്ന എല്ലാ നയങ്ങളും, യുഎസിന്റെ മാത്രമല്ല ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക, സാമൂഹ്യ ചുറ്റുപാടുകളെ ബാധിക്കുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്. പാരിസ് ഉടമ്പടിയിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നുമുള്ള പിൻമാറ്റം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. കൂടുതൽ യുഎസ് ആഭിമുഖ്യനയമായിരിക്കുമെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രഖ്യാപനം. അത് ഏറ്റവുമധികം ബാധിക്കുക കുടിയേറ്റ സമൂഹത്തെ ആയിരിക്കും. അദ്ദേഹത്തിന്റെ ആദ്യപ്രസംഗത്തിൽ അത് നിറഞ്ഞുനിൽക്കുന്നുണ്ട്. കുടിയേറ്റക്കാരെ പൈശാചികവൽക്കരിക്കുകയും ഭയവും വെറുപ്പും ജനിപ്പിക്കുകയും ചെയ്യുന്ന ട്രംപിന്റെ വാക്കുകൾ യഥാർത്ഥത്തിൽ വിദേശവിദ്വേഷം സൃഷ്ടിക്കാനാണ് ഇടയാക്കുന്നത്. അധികാരത്തിലേറിയ ഉടൻതന്നെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിക്ക് തുടക്കമിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
അതിനുശേഷം മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. യുഎസ് നിലനിൽക്കുന്നത് തികച്ചും സ്വദേശീയമായ മനുഷ്യവിഭവശേഷി കൊണ്ടല്ലെന്ന് ജനസംഖ്യാ കണക്കുകളിൽ വ്യക്തമാണ്. 33.50 കോടിയോളം ജനസംഖ്യയുള്ളതിൽ 15 ശതമാനത്തിലധികം കുടിയേറ്റ സമൂഹമാണ്. ഏകദേശം അഞ്ചരക്കോടിയോളം പേർ. വിവരസാങ്കേതിക വിദ്യ ഉൾപ്പെടെ സമൂഹത്തിലെ ഉന്നത ശ്രേണികളെ ഭൂരിപക്ഷവും ചലിപ്പിക്കുന്നതിലും ഈ കുടിയേറ്റ സമൂഹത്തിന് നിർണായക പങ്കാളിത്തമാണുള്ളത്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളിൽ പലതിനും ട്രംപിന്റെ ഈ നിലപാട് പ്രഖ്യാപനത്തെക്കുറിച്ച് ആശങ്കകളുണ്ട്. ലോകരാജ്യങ്ങളിലെ കുടിയേറ്റക്കാർക്ക് ഒഴിഞ്ഞുപോകേണ്ടിവരുമെന്നും അതാത് രാജ്യങ്ങളുടെ വിദേശ വരുമാനത്തിൽ കുറവുണ്ടാകുമെന്നുമുള്ള ഭീതി മാത്രമല്ല ഇത് സൃഷ്ടിക്കുന്നത്. മറിച്ച് യുഎസ് സമ്പദ്ഘടനയുടെ ചാലകശക്തിയായ വലിയൊരു വിഭാഗത്തിന്റെ പുറത്തേക്കുപോക്ക് ആ രാജ്യത്തിനകത്ത് പ്രതിസന്ധികളുണ്ടാക്കുമെന്ന ആശങ്കയും ഉണ്ടാക്കുന്നു. കടുത്ത കോർപറേറ്റ് അനുകൂല നിലപാടുകളുള്ള ട്രംപിന് അവരെ പിണക്കി ഈ തീരുമാനം എത്രത്തോളം നടപ്പിലാക്കാനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യുഎസ് ഒരിക്കലും ലോകസമാധാനത്തിനുവേണ്ടി നിലകൊണ്ട രാജ്യമായിരുന്നില്ല. ട്രംപാകട്ടെ നല്ലൊരു ആയുധക്കച്ചവടക്കാരനുമാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തിലെ സമാധാന ശ്രമങ്ങൾക്ക് ട്രംപിന്റെ കാലത്തും വലിയ പ്രതീക്ഷകളൊന്നും വച്ചുപുലർത്താനാകില്ല. എന്നുമാത്രമല്ല മുൻ ഭരണാധികാരികളുടെ കാലത്ത് യുഎസിന്റെ ആഗോളമേധാവിത്ത ശ്രമങ്ങൾ ദുർബലമായി എന്ന് ആരോപിക്കുന്ന വ്യക്തിയാണ് ട്രംപ്. അതിനാൽതന്നെ അധിനിവേശനീക്കങ്ങൾ ശക്തിപ്രാപിക്കുകയും വ്യാപകമാകുകയും ചെയ്യുമെന്ന വ്യക്തമായ സൂചനയും അദ്ദേഹം ആദ്യപ്രസംഗത്തിൽ നൽകുന്നുണ്ട്. സ്ഥാനമേൽക്കുന്നതിന് മുമ്പുതന്നെ കാനഡ, ഗ്രീൻലാൻഡ്, പനാമ തുടങ്ങിയ രാജ്യങ്ങളോട് പ്രകോപനപരമായ പ്രസ്താവനകളിലൂടെ അദ്ദേഹം കൊമ്പുകോർക്കലിന്റെ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. കാനഡയോട് യുഎസിന്റെ കൂടെച്ചേരാൻ ആവശ്യപ്പെട്ട ട്രംപ്, ഗ്രീൻലാൻഡിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തു. പനാമ കനാലിന് മേൽ അവകാശമുന്നയിച്ചാണ് ആ രാജ്യത്തെ പ്രകോപിപ്പിച്ചത്. അധികാരത്തിലെത്തുന്നതിന് മുമ്പ് വാക്കുകളിലൂടെ നടത്തിയ ഈ പ്രകോപനങ്ങൾ ഇനി ആയുധങ്ങളിലൂടെ ആയാലും അത്ഭുതപ്പെടേണ്ടതില്ല.
ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നസമയത്ത് രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾ നടക്കുകയുണ്ടായി. 40 സംസ്ഥാനങ്ങളിലെ 80ലധികം നഗരങ്ങളിൽ ചെറുതും വലുതുമായ പ്രതിഷേധങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. തൊഴിലവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും കോർപറേറ്റുകൾക്കുവേണ്ടി വേതനത്തില്‍ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും ആശങ്കപ്പെടുന്ന തൊഴിലാളി സംഘടനകളും സാമൂഹ്യ സംഘടനകളുമായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. തൊഴിലവകാശങ്ങൾക്ക് നേരെയുണ്ടായേക്കാവുന്ന കടന്നാക്രമണങ്ങളുടെ മുന്നോടിയായാണ് കുടിയേറ്റത്തൊഴിലാളികൾക്കെതിരായ ട്രംപിന്റെ നയപ്രഖ്യാപനമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. ശതകോടീശ്വരനായ ട്രംപ് വിജയിച്ചത് ഇതര കോടീശ്വരന്മാരുടെ പിൻബലത്തിലാണെന്നും അവർക്കുവേണ്ടിയുള്ള ചൂഷകസാഹചര്യങ്ങൾ ഒരുക്കുന്നതിന് അദ്ദേഹം മടിക്കില്ലെന്നുമാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. അതുകൊണ്ടുതന്നെ ഈ അതിക്രമങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുമെന്നാണ് അവരുടെ തീരുമാനം. കറുത്ത വിഭാഗത്തോടും കുടിയേറ്റക്കാരോടും ദുർബല ജനവിഭാഗങ്ങളോടും പരിഹാസത്തോടെയും അവഹേളനമനോഭാവത്തോടെയും പെരുമാറുകയും പിന്തിരിപ്പൻ വലതുപക്ഷ സമീപനങ്ങൾ കൊണ്ടുനടക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് ഒന്നാമൂഴത്തിലും പിന്നീടുള്ള നാലുവർഷവും ട്രംപ് തെളിയിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളോടും ലിംഗനീതിയോടും അദ്ദേഹത്തിന് എക്കാലത്തും പുച്ഛവുമായിരുന്നു. അതുതന്നെയാണ് രണ്ടാമൂഴത്തിലെ തന്റെ ആദ്യപ്രസംഗത്തിലും ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ചൈന, റഷ്യ എന്നിവയോട് മാത്രമല്ല ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളോടും ട്രംപിന്റെ സമീപനം ആക്രമണോത്സുകമായിരിക്കുമെന്നും സൂചനകളുണ്ട്. നികുതി വർധനയും ഇറക്കുമതി നിരോധനവും ഉൾപ്പെടെ ഏർപ്പെടുത്തിയുള്ള പ്രകോപനങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഇതെല്ലാം കൊണ്ടുതന്നെ ട്രംപിന്റെ രണ്ടാമൂഴം യുഎസിനും ലോകത്തിനാകെയും പ്രതീക്ഷകളല്ല, ആശങ്കകൾ തന്നെയാണ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.