September 29, 2022 Thursday

ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെ ട്രംപിന്റെ ഭീഷണി

ടി എം ജോർജ്ജ്
October 21, 2020 5:00 am

അമേരിക്കൻ ജനത ഈ നവംബർ മൂന്നിന് ഒരു വിധിയെഴുത്തിനൊരുങ്ങുകയാണ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തുടരണമൊ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതാണീ വിധിയെഴുത്ത്. പ്രസിഡൻഷ്യൽ ഭരണക്രമം നിലനില്ക്കുന്ന അമേരിക്കയിൽ പ്രസിഡന്റിന്റെ ഭരണകാലാവധി നാല് വർഷമാണ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി പ്രസിഡന്റ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി മുൻ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും തമ്മിലാണ് മുഖ്യമത്സരം. ചൈനയും ഇന്ത്യയും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് യുഎസ്എ. 33 കോടിയാണ് ആകെ ജനസംഖ്യ. വിവിധ രാജ്യങ്ങളിൽനിന്നും കുടിയേറിയവരാണ് അവിടുത്തെ ഭൂരിപക്ഷ ജനത.

അമേരിക്കൻ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിൽ നേരിടുന്നത്. വംശീയ ചേരിതിരിവുകളും ആഭ്യന്തര ദൗർബല്യങ്ങളും നിയമ രാഹിത്യവും അരാജകത്വവും അമേരിക്കയെ പിടികൂടിയിരിക്കുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും വൻ തകർച്ചയിലാണ്. ലോക വാണിജ്യരംഗത്തും അമേരിക്കയുടെ മേൽകൈക്ക് ഇടിവുണ്ടായി. മഹാമാരിയായ കോവിഡ് വൈറസിനെ നേരിടുന്നതിൽ അമേരിക്ക സമ്പൂർണ പരാജയമാണ് നേരിടുന്നത്. പ്രസിഡന്റ് ട്രംപ് പോലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി. ലോകശക്തിയായ അമേരിക്കയെ ഒരു രോഗത്തിനും കീഴ്പ്പെടുത്താനാവില്ലയെന്ന് വീമ്പുപറഞ്ഞ ട്രംപ് കോവിഡ് വൈറസിനെ നേരിടുവാൻ കഴിയാതെ പരിഭ്രാന്തിയിലാണ്. ലോകത്ത് കോവിഡ് മരണനിരക്കിൽ ഒന്നാമതാണ് യുഎസ്എ. കോവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാമത്.

‘അമേരിക്ക ഒന്നാമത്’ എന്നത് ട്രംപിന്റെ മുദ്രാവാക്യമാണ്. അത് വിപരീത അർത്ഥത്തിൽ സംഭവിച്ചതോർത്ത് സഹതാപം ഏറ്റുവാങ്ങുകയാണ് അമേരിക്ക. രണ്ടു ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. മുതലാളിത്ത സാമ്രാജത്വ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളെ അവർ എങ്ങനെ നേരിടുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ്. തീവ്ര ദേശീയതയും വംശീയതയും കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിരോധവും ആളിക്കത്തിച്ചുള്ള തീവ്ര വലതുപക്ഷ നിലപാടാണ് ട്രംപിന്റേത്. ഈയൊരു തന്ത്രത്തിലൂടെയാണ് ലോകത്ത് വലതുപക്ഷശക്തികൾ ആധിപത്യം നേടിക്കൊണ്ടിരിക്കുന്നത്.

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ കരാർ ലംഘനങ്ങൾ

ട്രംപിനെ പോലെ യുഎസ് ജനതയിൽ രാഷ്ട്രീയമായും വംശീയമായും ഇത്രയധികം ഭിന്നത വളർത്തിയ മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ല. ലോകസമാധാനത്തിനും ആഗോള സുരക്ഷയ്ക്കും ഭീഷണി ഉണ്ടാക്കുന്നതാണ് ട്രംപിന്റെ പല നടപടികളും. അനവധിയായ ആഗോളകരാറുകളാണ് ട്രംപ് അധികാരത്തിലെത്തിയതോടെ റദ്ദാക്കിയത്. ഉദാഹരണത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ് റീഗണും റഷ്യൻ ഭരണാധികാരിയായിരുന്ന ഗോർബച്ചേവും ചേർന്ന് ഒപ്പിട്ടതാണ് ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോർസ് ട്രീറ്റി (ഐഎൻഎഫ്). 1987 ഡിസംബർ എട്ടിന് ഒപ്പിട്ട ഈ കരാർ ലോകത്ത് അണുവായുധം നിയന്ത്രിക്കുന്നതിനും ആയുധ ശേഖരം കുറയ്ക്കുന്നതിനും സഹായിച്ചിട്ടുള്ള ചരിത്രപരമായ കരാറാണ്. ഈ കരാറിൽ നിന്നും 2018 ഒക്ടോബറിൽ ട്രംപ് പിൻവാങ്ങി. ഒസാമ പ്രസിഡന്റായിരിക്കെ 2015 ൽ 187 രാജ്യങ്ങൾ ഒപ്പിട്ട കരാറാണ് ആഗോള താപനം തടയുന്നതിനുള്ള പാരീസ് കരാർ. ഈ കരാറിൽ നിന്നും 2018 ജൂണിൽ യുഎസ്എ പിൻവാങ്ങി. ട്രംപ് പ്രസിഡന്റായതിനു ശേഷമാണ് യുഎൻ മനുഷ്യാവകാശ കമ്മിഷനിൽ നിന്നും യുഎസ് പിൻവലിഞ്ഞത്. ഇസ്രയേൽ‑പലസ്തീൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളെ മനുഷ്യാവകാശ കമ്മിഷൻ അപലപിച്ചതാണ് കാരണം. 2015 ൽ ഒബാമ പ്രസിഡന്റായിരിക്കെ ഇറാനുമായി ഒരു ആണവ നിർവ്യാപന കരാറിൽ ഒപ്പുവച്ചു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുവാൻ ഏറെ സഹായകരമായ ആ കരാറിൽ നിന്നും യുഎസ്എ ഏകപക്ഷീയമായി പിൻവാങ്ങുകയാണ് ചെയ്തത്. അവസാനമായി അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻവാങ്ങി. ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നു എന്ന കാരണം പറഞ്ഞാണ് അംഗത്വം രാജിവച്ചത്. ട്രംപിന്റെ തുടർച്ചയായ ഭീഷണിയാൽ ലോകവ്യാപാര സംഘടനയുടെ തലവൻ റോബർട്ടോ അസീവഡോ രാജിവച്ചു. ആഗോള വേദികളെ ഭയപ്പെടുത്തി വരുതിയിൽ നിർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാൽ പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല എന്നതാണ് സ്ഥിതി.

ശാസ്ത്രവിരുദ്ധ നിലപാടുകൾ

ആഗോള താപനം മുതൽ കാലാവസ്ഥ വ്യതിയാനം വരെയുള്ള വിഷയങ്ങളിൽ ട്രംപിന്റെ നിലപാട് ശാസ്ത്രവിരുദ്ധമാണ്. കാലാവസ്ഥ വ്യതിയാനമെന്നൊന്നില്ലന്നും ആഗോള താപന വാദം ഒരു തട്ടിപ്പാണെന്നുമാണ് ട്രംപിന്റെ അഭിപ്രായം. മുമ്പ് കൊടുങ്കാറ്റിനെ തടയുവാൻ ആണവ സ്ഫോടനം നടത്തുവാൻ ശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയ ട്രംപിന്റെ വിഡ്ഢിത്തരമോർത്ത് ശാസ്ത്രലോകം അമ്പരന്നിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളാലും യുദ്ധക്കെടുതിയാലും ആഭ്യന്തര ലഹളകളാലും പ്രാണരക്ഷാർത്ഥം പലായനം ചെയ്ത് എത്തുന്ന അഭയാർത്ഥികളോടുള്ള ട്രംപിന്റെ സമീപനം ഒട്ടും മനുഷ്യത്വപരമല്ല. ട്രംപ് അധികാരത്തിലെത്തിയതിനു ഷേഷം അമേരിക്കയിലേക്കുള്ള അഭയാർത്ഥി പ്രവേശനം 80 ശതമാനത്തോളമാണ് കുറച്ചത്. 2018 നവംബർ എട്ടിനാണ് മെക്സിക്കോ അതിർത്തിവഴി ഗ്വാട്ടിമാല, എൽസാൻവഡോർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമെത്തുന്ന കുടിയേറ്റക്കാരെ യുഎസിൽ പ്രവേശിപ്പിക്കുന്നത് തടയുന്ന ഉത്തരവിനു ട്രംപ് ഒപ്പിടുന്നത്. അമേരിക്കൻ കോൺഗ്രസിന്റെയും സുപ്രീം കോടതിയെയും ധിക്കരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ നടപടി. ഇപ്പോൾ കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ വൻമതിൽ തീർത്തുകൊണ്ടിരിക്കുകയാണ്.

ചൈന വിരുദ്ധ വികാരമുയർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപിന് പിന്തുണതേടി വത്തിക്കാനിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക് പോപ്പിനെ കാണുവാനുള്ള സന്ദർശന അനുമതി നിഷേധിക്കപ്പെട്ടു. ചൈനയുടെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ട്രംപിനേറ്റ തിരിച്ചടിയാണ് വത്തിക്കാന്റെ നിലപാട്.

അധികാരത്തിലിരുന്ന് ഇത്രമാത്രം അവമതിപ്പിനിടയായിട്ടുള്ള മറ്റൊരു പ്രഡിഡന്റ് അമേരിക്കയിലുണ്ടായിട്ടില്ല. മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളെ ഉപയോഗിച്ച് എതിരാളികളെ ഒതുക്കുവാൻ തന്ത്രം മെനഞ്ഞതിന്റെ പേരിൽ ട്രംപ് അമേരിക്കൻ കോൺഗ്രസിന്റെ വിചാരണ നേരിടുന്നതിനിടയിലാണ് ഈ തെരഞ്ഞെടുപ്പ്. കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും കളങ്കിതമായ പ്രതിച്ഛായയുമായാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ട്രംപിന്റെ സ്ത്രീവിരുദ്ധ നിലപാടും സ്ത്രീകളോടുള്ള പെരുമാറ്റവും കുപ്രസിദ്ധമാണ്.

പൊതുവേയുള്ള സർവ്വേഫലങ്ങൾ ബൈഡന് മുൻതൂക്കം നൽകുന്നതാണ്. എങ്കിലും ജയിക്കുമെന്ന് തീർത്ത് പറയുവാൻ കഴിയുകയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന്റെ വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. വോട്ടിംഗ് നിലയിൽ ഹിലരി ക്ലിന്റൺ ട്രംപിനെക്കാൾ 29 ലക്ഷത്തിലധികം വോട്ടുകൾക്കു മുന്നിലായിരുന്നു. എന്നാൽ ഇലക്ട്രൽ വോട്ടുപ്രകാരം ട്രംപിന് 304 അംഗങ്ങളെ കിട്ടിയപ്പോൾ ഹിലരി ക്ലിന്റന് ലഭിച്ചത് 227 അംഗങ്ങളെയാണ്. പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടതിന് ഇലക്ട്രൽ കോളജിൽ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 538 അംഗങ്ങൾ അടങ്ങിയതാണ് ഇലക്ട്രൽ കോളജ്.

ജനാധിപത്യ വ്യവസ്ഥയ്ക്കു വെല്ലുവിളി

വംശീയ വാദവും കുടിയേറ്റ വിരുദ്ധതയുമാണ് ട്രംപിന്റെ തുറുപ്പുചീട്ട്. അമേരിക്കയിലെ യാഥാസ്ഥിതിക വലതുപക്ഷ വിഭാഗങ്ങളുടെ പിന്തുണ ട്രംപിനാണ്. അധികാരത്തിലെത്തിയതോടെ നികുതി ഇളവിന്റെ ആനുകൂല്യങ്ങൾ നേടിയ കോർപ്പറേറ്റുകൾ ട്രംപിനോടൊപ്പമായി. ഈ വിഭാഗത്തിന്റെ പിന്തുണയോടെ എന്തുവിലകൊടുത്തും അധികാരം നിലനിർത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ സമാധാനപരമായ അധികാര കൈമാറ്റം സുഗമമാവുകയില്ലയെന്നുള്ള ട്രംപിന്റെ പ്രസ്താവന ഒരു ഏകാപതിയുടെ അമേരിക്കൻ ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെയുള്ള ഭീഷണിയാണ്. ട്രംപ് ഒരു അപകടകാരിയാണ്. ട്രംപിന്റെ രണ്ടാം ഊഴം അമേരിക്കൻ ജനാധിപത്യത്തെതന്നെ അപകടപ്പെടുത്തും. ലോകത്താകമാനമുള്ള ജനാധിപത്യ വിശ്വാസികൾ ആകെ ആഗ്രഹിക്കുന്നത് ട്രംപിനെതിരെയുള്ള അമേരിക്കൻ ജനതയുടെ വിധിയെഴുത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.