7 December 2024, Saturday
KSFE Galaxy Chits Banner 2

ട്രംപിന്റെ വിജയം; ശേഷമുള്ള പാഠങ്ങൾ

സി ജെ ആറ്റ്കിന്‍സ്
November 8, 2024 4:45 am

(അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപ്രസിദ്ധീകരണമായ പീപ്പിൾസ് വേൾഡിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്ത പരിഭാഷ) യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വിജയത്തിന് പിറ്റേന്നുള്ള പ്രഭാതത്തിൽ പുറത്തിറങ്ങിയ മാധ്യമങ്ങളിൽ, എന്താണ് സംഭവിച്ചതെന്ന് പണ്ഡിത മാധ്യമപ്രവർത്തകർ വിശകലനം നടത്തുന്നുണ്ട്. തലക്കെട്ടുകൾ കൊട്ടിഘോഷിക്കുന്നത് ട്രംപ് ഹാരിസിനെ തോല്പിച്ചു, ഒരു ചുവന്ന തരംഗം സെനറ്റിനെ തിരിച്ചുപിടിച്ചു എന്നൊക്കെയാണ്. പുരോഗമനവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഡെമോക്രാറ്റുകൾ കരുതിവച്ചിരുന്ന കാര്യങ്ങള്‍ ഒട്ടുമിക്ക അമേരിക്കക്കാരും നിരാകരിച്ചുവെന്നും ചിലർ കണ്ടെത്തി. ഇനിയുള്ള ദിവസങ്ങളിലും ചൂടുള്ളതും ഭ്രമിപ്പിക്കുന്നതുമായ രാഷ്ട്രീയ കഥകൾ വന്നുകൊണ്ടേയിരിക്കും.

ട്രംപിന്റെ വിജയം രാജ്യം കൂടുതൽ വലത്തോട്ട് നീങ്ങിയതിന്റെ സൂചനയാണെന്ന വിലയിരുത്തലുണ്ട്. മാർക്സിസ്റ്റുകൾ — ട്രംപ് ആരോപിക്കുന്നതുപോലെ രാജ്യം പിടിച്ചടക്കാൻ ഗൂഢാലോചന നടത്തുന്ന ഭൂതാവേശികളല്ല. എങ്കിലും വരും ആഴ്ചകളിലും മാസങ്ങളിലും, ഫാസിസ്റ്റ് വിരുദ്ധ ശക്തികൾ വീണ്ടും സംഘടിക്കുമ്പോഴും തന്ത്രങ്ങള്‍ മെനയുമ്പോഴും ഒരുപാട് ചിന്തകളും വിമർശനങ്ങളും ഉണ്ടാകും. ഈ പശ്ചാത്തലത്തിൽ ശക്തവും വേഗത്തിലുള്ളതുമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ഉചിതമായിരിക്കില്ല. എന്നാൽ ന്യായമായും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

അതിൽ പ്രധാനം യുഎസ് രൂക്ഷമായ വർഗ സമരത്തിലേക്ക് കടക്കുന്ന കാലമാണ് വരാനിരിക്കുന്നത് എന്നതാണ് പ്രധാനം.

രാജ്യം ഭരിക്കുവാൻ പോകുന്ന വലതുപക്ഷ മുതലാളിത്തത്തിന്റെ പ്രധാന ചാലകശക്തി റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപും എംഎജിഎ (അമേരിക്കയെ വീണ്ടും മഹത്തരമാക്കുക ‑മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) സഖ്യവുമായിരിക്കുമെന്നതിൽ സംശയമില്ല. അദ്ദേഹത്തെയും സെനറ്റിനെയും തെരഞ്ഞെടുക്കാൻ തൊഴിലാളി വിരുദ്ധ കോർപറേഷനുകളും കോർപറേറ്റ് കൊള്ളപ്പണവും ധനമൂലധന ശക്തികളും കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. അവർ തങ്ങൾക്ക് വേണ്ടപ്പെട്ടയാളെ വൈറ്റ് ഹൗസിൽ തിരികെക്കൊണ്ടുവന്നു. അവരുടെ പണം കൈപ്പറ്റിയവർ യുഎസ് കോൺഗ്രസിനെ നയിക്കും. കിട്ടുന്ന അവസരങ്ങൾ അവർ പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. 2016 മുതൽ നടത്തിയതിനെക്കാൾ മോശമായിരിക്കും ഇനിയുള്ള കാര്യങ്ങൾ. ശതകോടീശ്വരന്മാർ തയ്യാറാക്കിയ പൂർണ അജണ്ടയുമായിട്ടായിരിക്കും 2025 ജനുവരിയിൽ ട്രംപ് വൈറ്റ് ഹൗസിൽ പ്രവേശിക്കുക. തൊഴിലാളിവർഗത്തെയും യൂണിയനുകളെയും, വർണവിഭാഗങ്ങൾ, കുടിയേറ്റക്കാർ, സ്ത്രീകൾ, എൽജിബിടിക്യു സമൂഹം, ആരോഗ്യപരിപാലനം, സാമൂഹ്യ സുരക്ഷ, ചികിത്സാ സഹായങ്ങൾ, കാലാവസ്ഥാ വ്യതിയാന നിയമനിർമ്മാണം എന്നിവ ലക്ഷ്യംവച്ചുള്ളതായിരിക്കും പ്രസ്തുത അജണ്ടകൾ. അതുകൊണ്ടുതന്നെ രാജ്യം തീവ്രമായ വർഗസമരത്തിന്റെ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വർഗപരമായ വീക്ഷണകോണിൽ ഈ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ആരൊക്കെ എങ്ങനെയാണ് വോട്ട് ചെയ്തത്, എന്തിനാണ് അവർ അത്തരത്തില്‍ വോട്ട് ചെയ്തത്? ആരാണ് വോട്ട് ചെയ്യാത്തത്, അതെന്തുകൊണ്ട്? തുടങ്ങിയവയാണ് ചോദ്യങ്ങൾ.

കോർപറേറ്റ് മാധ്യമങ്ങളും അതിന്റെ വിശകലന വിദഗ്ധരും തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം പ്രസ്താവനകളും പടച്ചുവിടുന്നുണ്ട്. ലാറ്റിനോകൾ എതിരായില്ല, കറുത്തവിഭാഗത്തിലെ ധാരാളം പുരുഷന്മാർ ട്രംപിനനുകൂലമായി, ഗർഭഛിദ്ര നിരോധനത്തിനെതിരായ സ്ത്രീകൾ ട്രംപിന് വോട്ട് ചെയ്തു, മാത്രമല്ല ഗാസയുടെ കാര്യത്തിൽ അറബ് അമേരിക്കക്കാർ ഏകമനസായിരുന്നു എന്നൊക്കെയാണ് അവരുടെ വ്യാഖ്യാനങ്ങൾ. ആദ്യം ലഭ്യമാകുന്ന കണക്കുകൾ വ്യക്തമാക്കുന്നത് ഇതൊക്കെ വെറും നിഗമനങ്ങൾ മാത്രമാണെന്നാണ്. ഇപ്പോൾ ലഭ്യമായ കണക്കുകൾ പ്രകാരം (അന്തിമകണക്കുകളിൽ വ്യത്യാസം വന്നേക്കാമെങ്കിലും) മൊത്തത്തിലുള്ള പോളിങ് ശതമാനം 2020നെ അപേക്ഷിച്ച് ഇരുപാർട്ടികൾക്കും കുറവാണ്. കഴിഞ്ഞ തവണ വോട്ട് രേഖപ്പെടുത്തിയത് 155 ദശലക്ഷത്തിലധികം ആളുകളായിരുന്നു; ഇത്തവണ അത് 140 ദശലക്ഷത്തിൽ എത്താനിടയില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കിട്ടിയ വോട്ടിനെക്കാള്‍ ഏകദേശം 20 ലക്ഷം കുറവാണ് ഇത്തവണ ട്രംപിന്റെ വിഹിതം. 2020ൽ ബൈഡൻ നേടിയതിനെക്കാൾ 13 മുതൽ 14 ദശലക്ഷം വോട്ടുകൾ വരെ ഹാരിസിന് കുറവായിരിക്കുമെന്നും തോന്നുന്നു. കഴിഞ്ഞ തവണ വോട്ട് ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾ 2024ൽ വിമുഖത കാട്ടിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അതെന്തുകൊണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട്. നവലിബറൽ മുതലാളിത്തത്തിന് കീഴിൽ, നമ്മുടെ സമൂഹത്തിനിടയിലെ വിള്ളലുകളും ആളുകൾ പരസ്പരം അകലുന്നതും അതിവേഗം വർധിച്ചിട്ടുണ്ട്. ജോലിയിലായാലും സാമൂഹിക ജീവിതത്തിലായാലും മനുഷ്യരെ പരസ്പരം അകറ്റുന്ന സമീപനങ്ങളാണ് വ്യവസ്ഥാപരമായി രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് പാർട്ടികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വലിയ അകൽച്ച സൃഷ്ടിച്ചു.

ശതകോടീശ്വരന്മാർക്ക് നികുതിയിളവുകളും ചൈനയ്ക്കെതിരായ വ്യാപാരയുദ്ധത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമാണ് ട്രംപ് നൽകിയത്. അദ്ദേഹത്തിന്റെ പ്രധാന തന്ത്രം സമ്പദ്‌വ്യവസ്ഥ മോശമാണെന്ന അവകാശവാദം ആവർത്തിക്കുകയായിരുന്നു. പല തൊഴിലാളികൾക്കും അത് നിഷേധിക്കാൻ പ്രയാസമായിരുന്നു.

ഡെമോക്രാറ്റിക് പ്രചാരണം സാമ്പത്തിക ശാസ്ത്രത്തിൽ വളരെ ദുർബലമായിരുന്നു. കമലാ ഹാരിസിന്റെ സാമ്പത്തിക വിഷയങ്ങൾ 6,000 ഡോളർ ചൈൽഡ് ടാക്സ് ക്രെഡിറ്റും ഒരു വീട് വാങ്ങുന്നതിനുള്ള 25,000 ഡോളർ വരെ വായ്പാ സഹായ വാഗ്ദാനവുമായിരുന്നു. രണ്ടും നല്ല നിർദേശങ്ങളായിരുന്നു, എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ വേതന മുരടിപ്പ്, മന്ദഗതിയിലുള്ള തൊഴിൽ വളർച്ച, പണപ്പെരുപ്പം എന്നിവയാൽ ബുദ്ധിമുട്ടുന്ന ഒരു സമയത്ത് അവ ഫലപ്രദമാകുമെന്ന് ബോധ്യപ്പെടുത്താനായില്ല.

യുഎസ് സാമ്രാജ്യത്വത്തിന്റെ നിലവിലെ യുദ്ധങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഒരു ഘടകമായിരുന്നു. എല്ലാ രാഷ്ട്രീയ വിശ്വാസങ്ങളിലുമുള്ള ആളുകൾ യുദ്ധത്തിൽ മടുപ്പ് പ്രകടിപ്പിക്കുന്നവരായിരുന്നു. വേനൽക്കാലത്ത് ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനു പുറത്ത് പ്രകടനക്കാർ ഗാസയിലെ യുദ്ധത്തിന് നൽകുന്ന അകമഴിഞ്ഞ പിന്തുണയിൽ നിന്ന് പിന്മാറണമെന്ന് കമലാ ഹാരിസിനോട് അഭ്യർത്ഥിച്ചിരുന്നു. ട്രംപിനനുകൂലമായി നിൽക്കുന്ന വോട്ടർമാരുമായി മാധ്യമസ്ഥാപനങ്ങൾ നടത്തിയ അഭിമുഖങ്ങളിൽ ലോകം തകർന്നുകൊണ്ടിരിക്കുകയാണെന്നും ഉക്രെയ്നിൽ റഷ്യയുമായുള്ള ബൈഡൻ ഭരണകൂടത്തിന്റെ ഏറ്റുമുട്ടൽ ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു.

വിദ്വേഷ പ്രചരണവും ഭയപ്പെടുത്തലും മാത്രമല്ല, യഥാർത്ഥ ആവശ്യങ്ങളെ ആകർഷിക്കുന്നതിലൂടെയും ഫാസിസം വിജയിക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ട്രംപിന്റെ വിജയം. മുതലാളി വർഗത്തിലെ ഏറ്റവും പിന്തിരിപ്പനും തീവ്ര വലതുപക്ഷവുമായ നിലപാടുകൾക്കിടയിൽ ബഹുജന പ്രസ്ഥാനങ്ങളെ തന്റെ പിന്നിൽ അണിനിരത്തുന്നതിൽ അദ്ദേഹം വിജയിച്ചുവെന്നുവേണം കരുതുവാൻ. ഫാസിസത്തിന്റെ മികച്ച മാർഗമാണിത്. കൊള്ളയടിക്കുന്ന മുതലാളിത്തം, ബാങ്കുകൾ, ട്രസ്റ്റുകൾ, സാമ്പത്തിക കുത്തകകൾ എന്നിവയ്ക്കെതിരെയുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ വിദ്വേഷം മുതലെടുത്ത് അത് ഏറ്റവും സമർത്ഥമായ മുതലാളിത്തവിരുദ്ധ വാചാലതയോടെ അനുകൂലമാക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

ഇതൊക്കെയാണെങ്കിലും തൊഴിലാളി യൂണിയനുകളും ആഫ്രിക്കൻ-അമേരിക്കൻ സമൂഹത്തിലെ സംഘടിത വിഭാഗങ്ങളും, സ്ത്രീകളും ലാറ്റിനോകളും മറ്റുള്ളവരും എംഎജിഎ വിരുദ്ധ വോട്ട് സമാഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കൂടാതെ ഈ ഗ്രൂപ്പുകളെല്ലാം ട്രംപിനെക്കാൾ കമലാ ഹാരിസിന് വോട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ ഇടതുപക്ഷ ശക്തികളും. ട്രംപിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്ത എല്ലാ പ്രസ്ഥാനങ്ങളും പ്രവർത്തനക്ഷമമായിത്തന്നെ ഉണ്ടാകും. അത് രണ്ടാം പ്രതിരോധപ്രസ്ഥാനത്തിന്റെ ചാലകശക്തിയാവുകയും ചെയ്യും.

തൊഴിലാളിവർഗം മുൻകാല നഷ്ടങ്ങളിൽ നിന്ന് തിരിച്ചുവരികയും അതിന്റെ ഐക്യം വിശാലമാക്കുന്ന പ്രക്രിയയിലും വർഗബോധം വിപുലീകരിക്കുന്നതിലും ഉറച്ച് നിൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത് നിരാശയുടെ സമയമല്ല, മറിച്ച് എന്താണ് സംഭവിച്ചതെന്ന് കൂട്ടായി വിലയിരുത്തുകയും അടുത്തതായി വരുന്നതിനെ രൂപപ്പെടുത്താനുള്ള പാഠങ്ങൾ ഉൾക്കൊള്ളുന്നതിന് ഉപയോഗിക്കുകയും ചെയ്യേണ്ട ഘട്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.