അമ്മയുടെ കുടല്‍ മുഴുവന്‍ തിന്നുതീര്‍ത്ത, 11ആം മാസം ജനിച്ച, കൈപിടിച്ച നഴ്‌സിനെയും കൊന്ന രാക്ഷസക്കുഞ്ഞിന്റെ സത്യാവസ്ഥ ഇതാണ്

Web Desk
Posted on November 25, 2019, 6:17 pm

സത്യവും മിഥ്യയും ഏതെന്ന് തിരിച്ചറിയാതെ കണ്ണിൽ കാണുന്നതൊക്കെയും ഫോർവേഡ് ചെയ്യുന്ന ശീലം വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കിടയിൽ വ്യാപകമാവുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെയും വാർത്തയുടെയും സത്യാവസ്ഥ അന്വേഷിക്കുകയാണ് ഇവിടെ. അമ്മയുടെ കുടല്‍ മുഴുവന്‍ തിന്നുതീര്‍ത്ത, 11ആം മാസം ജനിച്ച, കൈപിടിച്ച നഴ്‌സിനെയും കൊന്ന രാക്ഷസക്കുഞ്ഞിന്റെ സത്യാവസ്ഥ ഇതാണ്. ഡോ. ഷിംന അസീസ് ആണ് ചിത്രത്തെക്കുറിച്ച് വിശദീകരണം നൽകിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

‘ആസാമില്‍ ജനിച്ച രാക്ഷസക്കുഞ്ഞ്’ എന്ന പേരില്‍ പ്രചരിക്കുന്ന വാട്ട്സാപ്പ് സന്ദേശം നിങ്ങളില്‍ മിക്കവര്‍ക്കും കിട്ടിയിട്ടുണ്ടാകും. ചിത്രത്തില്‍ കാണുന്ന കുഞ്ഞിന്റെ വീഡിയോയും കാണും കൂടെ. വീഡിയോയുടെ കൂടെയുള്ള ഓഡിയോയില്‍ ഭാവനാസമ്ബന്നനായ വേറെ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്ത ചേട്ടന്‍ പറയുന്നതിന്റെ പ്രസക്തഭാഗങ്ങള്‍ ഇതാണ്- ’ ഈ കുഞ്ഞിനെ പതിനൊന്നാം മാസത്തിലാണ് സിസേറിയന്‍ ചെയ്ത് പുറത്തെടുത്തത്. അപ്പോള്‍ എട്ടു കിലോ ഭാരമുണ്ടായിരുന്ന കുഞ്ഞ് വന്നപ്പോള്‍ തന്നെ അമ്മയുടെ കുടല്‍ മുഴുവന്‍ തിന്ന് തീര്‍ത്തിരുന്നു, അമ്മ അപ്പഴേ മരിച്ചു. ഈ കുട്ടി ഒരു ദിവസം കൊണ്ട് പതിമൂന്ന് കിലോയായി ഭാരം കൂടി. മൂന്നാം ദിവസം കുഞ്ഞ് ഒരു നേഴ്സിന്റെ കൈയില്‍ കേറിപ്പിടിച്ചു. അവരും ദിവസങ്ങള്‍ക്കകം മരിച്ചു. പിന്നെ പതിനേഴ് ഇഞ്ചക്ഷന്‍ വെച്ചാണ് അതിനെ കൊന്നത്.’

ഹെന്താല്ലേ… സത്യം ഇതാണ്- ഈ കുഞ്ഞ് രാക്ഷസനും കുട്ടിചാത്തനും ഒന്നുമല്ല. അത്യപൂര്‍വ്വമായി മാത്രം ജനിതകമായി വരുന്ന ‘ഹാര്‍ലെക്വിന്‍ ഇക്തിയോസിസ്’ എന്ന രോഗമായിരുന്നു ആ കുഞ്ഞിന്. ചര്‍മകോശങ്ങള്‍ കൊഴിഞ്ഞ് പോകുന്നതിന് പകരം ശല്‍ക്കങ്ങളായി മാറി വിണ്ട് കീറി കുഞ്ഞിന്റെ ശരീരതാപനിയന്ത്രണവും പ്രതിരോധശേഷിയും എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ.

കണ്ണും മൂക്കും ചെവിയും എന്ന് തുടങ്ങി സകല അവയവങ്ങളുടേയും ആകൃതി പോലും വികലമാകും. പൊതുവേ ഈ കുട്ടികള്‍ക്ക് വലിയ ആയുസ്സ് ഉണ്ടാകാറില്ല. എന്നാല്‍, ആധുനിക ചികിത്സാസൗകര്യങ്ങള്‍ കൊണ്ട് നിലവില്‍ ഈ മക്കളുടെ ആയുസ്സ് അല്‍പമെങ്കിലും നീട്ടിക്കൊണ്ട് പോകുക സാധ്യമാണ്.

നമ്മുടെ വാട്ട്സാപ്പ് കഥയിലെ കുഞ്ഞ് ജനിച്ചത് ഈ വര്‍ഷം ജൂണിലാണ് എന്നാണ് കരുതുന്നത്, ഇന്ന് ജീവിച്ചിരിപ്പില്ല താനും. ആടിനുണ്ടായ മനുഷ്യക്കുഞ്ഞ്, അന്യഗ്രഹജീവിക്കുഞ്ഞ് (എന്താണോ എന്തോ?) എന്നുള്ള വേര്‍ഷനുകളും കേട്ടു.

കഥയുണ്ടാക്കുന്നതൊക്കെ വളരെ നല്ല കഴിവാണ്. അത് പക്ഷേ, വല്ലോര്‍ക്കും ആറ്റുനോറ്റുണ്ടായ കൊച്ചിനെ ചെകുത്താന്‍ കുട്ടി ആക്കിക്കൊണ്ടാകരുത്. നാണമാകില്ലേ ഈ 2019ല്‍ ഇതൊക്കെ പറഞ്ഞോണ്ട് നടക്കാന്‍? ഉണ്ടാക്കിയവരോട് മാത്രമല്ല, ഫോര്‍വാര്‍ഡ് ചെയ്യുന്നവരോടും പറഞ്ഞ് നടക്കുന്നവരോടും കൂടിയാണ്. കഷ്ടമുണ്ട് മനുഷ്യമ്മാരേ ?