തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളില്‍ 42 ശതമാനം കുറവ്. സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച തുര്‍ക്കിയെയും അസര്‍ബൈജാനെയും ഇന്ത്യക്കാര്‍ ഒഴിവാക്കുന്നതിന്റെ പ്രതിഫലനമാണിതെന്ന് ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. സംഘര്‍ഷം രൂക്ഷമായി വെറും 36 മണിക്കൂറിനുള്ളില്‍ 60 ശതമാനം ആളുകള്‍ ഈ രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷകള്‍ റദ്ദാക്കിയതായി വിസ പ്രോസസിങ് പ്ലാറ്റ്ഫോമായ അറ്റ്‌ലിസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മോഹക് നഹ്ത പറഞ്ഞു. ഡല്‍ഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളില്‍ നിന്നുള്ളവരുടെ തുര്‍ക്കി വിസ അപേക്ഷയില്‍ 53 ശതമാനം കുറവ് രേഖപ്പെടുത്തി.
ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ വിസ അപേക്ഷകളില്‍ 20 ശതമാനവും കുറഞ്ഞു. 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ് വിസ റദ്ദാക്കിയതില്‍ ഭൂരിഭാഗവും. കുടുംബസമേതം വിസയ്ക്കായി അപേക്ഷിക്കുന്നവരില്‍ 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സോളോ ആയിട്ടോ കപ്പിള്‍ ആയിട്ടോ ഉള്ള അപേക്ഷകരില്‍ കേവലം 27 ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം വിയറ്റ്നാം, ഇന്തോനേഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിസ അപേക്ഷകളില്‍ 31 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
അതേസമയം തുര്‍ക്കി ബഹിഷ്കരണത്തില്‍ തുര്‍ക്കിയിലെ പ്രധാന കമ്പനികളിലൊന്നായ അസിസ്ഗാര്‍ഡിനും നഷ്ടമുണ്ടായേക്കും. ഭോപ്പാല്‍, ഇന്‍ഡോര്‍ മെട്രോ പദ്ധതികളില്‍ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സിസ്റ്റങ്ങള്‍ക്കായി 230 കോടിയുടെ കരാര്‍ കൈവശം വച്ചിരിക്കുന്ന കമ്പനിയാണ് അസിസ്ഗാര്‍ഡ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഉപയോഗിച്ച സോംഗര്‍ ഡ്രോണുകളുടെ നിര്‍മ്മാതാവ് കൂടിയാണ് അസിസ്ഗാര്‍ഡ്. മധ്യപ്രദേശ് മന്ത്രിസഭ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ തുര്‍ക്കി വ്യോമയാന ഭീമനായ സെലിബിയുടെ അനുമതി ദിവസങ്ങള്‍ക്കുമുമ്പ് ഇന്ത്യ പിന്‍വലിച്ചിരുന്നു. അങ്കാറ ആസ്ഥാനമായുള്ള അസിസ്ഗാര്‍ഡ് വികസിപ്പിച്ചെടുത്ത ഈ സോംഗര്‍ ഡ്രോണുകള്‍, മെഷീന്‍ ഗണ്‍, ഗ്രനേഡ് ലോഞ്ചറുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് യുദ്ധ പേലോഡുകള്‍ എന്നിവ ഉപയോഗിച്ച് സജ്ജീകരിക്കാന്‍ കഴിവുള്ളതാണ്. പാകിസ്ഥാന്‍ അയച്ച 400 ഓളം ഡ്രോണുകള്‍ ഇന്ത്യ വെടിവച്ചിട്ടിരുന്നു.
കോഴിക്കോട് ഐഐഎംകെ ധാരണപത്രം റദ്ദാക്കി
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) തുർക്കിയിലെ സബാൻജി സർവകലാശാലയുമായി ഉണ്ടാക്കിയിരുന്ന ധാരണാപത്രം താല്‍ക്കാലികമായി റദ്ദാക്കി. ദേശീയ താല്പര്യത്തിന്റെയും നയരേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഐഐഎം അധികൃതർ അറിയിച്ചു. ഇന്ത്യ‑പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തുർക്കിക്ക് നേരെ ഇന്ത്യ ഉപരോധം കടുപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഐഎം തീരുമാനം.
2023 സെപ്റ്റംബറിൽ ഒപ്പുവച്ച ധാരണാപത്രം അഞ്ചുവർഷത്തേക്കുള്ളതായിരുന്നു. ഇതിലൂടെ വിദ്യാർത്ഥി സൗഹൃദം, അക്കാദമിക് കൈമാറ്റം എന്നിവയ്ക്കുള്ള സഹകരണം ലക്ഷ്യമിട്ടിരുന്നു. എന്നാൽ നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാഷ്ട്രതാല്പര്യങ്ങളെ മുൻനിർത്തിയാണ് കരാർ റദ്ദാക്കുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തീരുമാനം സബാൻജി സർവകലാശാലയെ ഔദ്യോഗികമായി അറിയിച്ചു. സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വെബ് സൈറ്റുകളിലും രേഖകളിലും സ്ഥാപനത്തിന്റെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.