May 31, 2023 Wednesday

ടർക്കി വളർത്താം ആദായമുറപ്പിക്കാം

Janayugom Webdesk
ഇടുക്കി
April 18, 2023 6:09 pm

കോഴി, താറാവ് എന്നിവ കഴിഞ്ഞാൽ ഇറച്ചിക്കുവേണ്ടി വളർത്തുന്നവയിൽ ഏറെ പ്രാധാന്യം ടർക്കി വളർത്തലിനുണ്ട്. കുറഞ്ഞ മുതൽമുടക്ക്, കൂടിയ തീറ്റ പരിവർത്തനശേഷി എന്നിവയാണ് ടർക്കിവളർത്തലിന്റെ പ്രത്യേകതകൾ. ഇതര ഇറച്ചികളേക്കാൾ ടർക്കിയിറച്ചിയിൽ മാംസ്യത്തിന്റെ അളവ് കൂടുതൽ ആണ്. കൂടാതെ ടർക്കി ഇറച്ചിക്ക് എല്ലായ്പ്പോഴും അധിക വില ലഭിക്കുന്നുവെന്ന് മാത്രമല്ല വലിപ്പമുള്ള മുട്ട, ഉയർന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളർത്താം എന്നിവയും അവയുടെ പ്രത്യേകതകളാണ്. നമ്മുടെ വീട്ടുവളപ്പിൽ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ച സ്ഥലത്തും കൂടുകളിൽ ഡീപ്പ് ലിറ്റർ സമ്പ്രദായത്തിലും വളർത്താം. ഡീപ്പ് ലിറ്റർ രീതിയിൽ വളർത്തുമ്പോൾ സമികൃതാഹാരം നല്കേണ്ടതുണ്ട്. വീട്ടുകാരുമായി നന്നായി “ഇണങ്ങുന്നതോടൊപ്പം വീടിന് നല്ലൊരു കാവൽക്കാരൻ കൂടിയാണ് ടർക്കി.

ടർക്കി പ്രധാന ഇനങ്ങൾ
*ബ്രോഡ് ബ്രെസ്റ്റഡ് ബ്രോൺസ്
ഇവയ്ക്ക് കറുത്ത നിറമാണ്. പിടക്കോഴികളുടെ നെഞ്ചിലു തൂവൽത്തുമ്പുകൾക്ക് വെളുത്ത നിറമാണ്. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തിൽ പൂവനെയും പിടയെയും തിരിച്ചറിയാം. 23–25 ആഴ്ച പ്രായത്തിൽ ഇവ ഏകദേശം 9–10 കി.ഗ്രാം വരെ തൂക്കം വെയ്ക്കും. ഈ സമയത്ത് ഇറച്ചിയ്ക്കായി വില്ക്കാം.
* ബ്രോഡ് ബ്രെസ്റ്റഡ് ലാർജ് വൈറ്റ്
ബ്രോഡ് ബ്രെസ്റ്റഡ് ബ്രോൺസും വൈറ്റ് ഹോളണ്ട് എന്ന ഇനവും തമ്മിൽ സങ്കരപ്രജനനം നടത്തി ഉണ്ടായതാണിത്. വെളുത്ത നിറമുള്ള ഇവയ്ക്ക് മറ്റുള്ള ടർക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാൻ കഴിവുണ്ട്. പിടകളെ 18 — 20 ആഴ്ചയിലും പൂവനെ 28–30 ആഴ്ച യിലും വില്ക്കാം.
* ബെൽസ് വിൽ സ്മാൾ വൈറ്റ്
താരതമ്യേന ചെറിയ ടർക്കികളാണിവ. മുട്ടയുൽപ്പാദനത്തിൽ മുന്നിലാണ്. വർഷത്തിൽ 70–120 മുട്ടകൾ വരെ ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കുറവാണ്. മെച്ചപ്പെട്ട പരിചരണം നല്കിയാൽ പൂവനേയും പിടയേയും 15–16 ആഴ്ച പ്രായത്തിൽ കമ്പോളത്തിലിറക്കാം.

ടർക്കിവളർത്തൽ രീതികൾ

കൂട്ടിലിട്ടും അഴിച്ചുവിട്ടും വളർത്താം. വീട്ടുപറമ്പിൽ വേലികെട്ടി അഴിച്ചുവിട്ടു വളർത്തുന്നതാണ് ലാഭകരം. അഴിച്ചുവിട്ടു വളർത്തുമ്പോൾ തീറ്റച്ചിലവ് 20 മുതൽ 25 ശതമാനം വരെ കുറയ്ക്കുവാൻ കഴിയും. കുട്ടിലിട്ടു വളർത്തുമ്പോൾ ഉയർന്ന തീറ്റപരിവർത്തനശേഷിയും വളർച്ചാനിരക്കും ലഭിക്കും. കശുമാവിൻതോപ്പിലും, തെങ്ങിൻതോട്ടത്തിലും അഴിച്ചുവിട്ടു വളർത്താം. ചുറ്റും വേലി കെട്ടണം. ഇങ്ങനെ വളർത്തുമ്പോൾ രാത്രി സമയത്ത് പാർപ്പിക്കാനായി ചെലവു കുറഞ്ഞ കൂട് ഉണ്ടാവണം.
ഒരു ടർക്കിക്ക് 0.37 ച,മീറ്റർ സ്ഥലലഭ്യത വേണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങൾ കൂട്ടിൽ മാത്രം വയ്ക്കണം. പകൽസമയം അവയെ തുറന്നു വിടാം. നല്ല വൃത്തിയുള്ളതും നീർവാർച്ചയുള്ളതുമായ പ്രദേശത്തു മാത്രമേ ഈ രീതി നടപ്പിലാക്കാൻ സാധിക്കൂ. കൂടിനുള്ളിലായാലും തുറസ്സായ സ്ഥലത്തായാലും ഇവയ്ക്ക് ഉയരത്തിൽ പറന്നിരിക്കാ നുള്ള സൗകര്യം ( റൂസ്റ്ററുകൾ ) നൽകണം. 2–3 ഇഞ്ച് വ്യാസമുള്ള തടികൾ ഇതി നായി സ്ഥാപിക്കണം.
ഡീപ്പ് ലിറ്റർ സമ്പ്രദായത്തിലും ടർക്കികളെ വളർത്താം. ഡീപ്പ് ലിറ്റർ രീതിയിൽ ഇണ ചേരാൻ പാകത്തിനാണ് ടർക്കികളെ പാർപ്പിക്കുന്നതെങ്കിൽ ഒരെണ്ണത്തിന് 0.93 ച.മീറ്റർ എന്ന നിരക്കിൽ സ്ഥലം നൽകണം. പിടകളെ മാത്രമാണ് പാർപ്പിക്കുന്നതെങ്കിൽ 0.51 ച.മീറ്റർ മതിയാകും. കൂടിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.

പ്രജനനം

പ്രജനനത്തിന് ഉപയോഗിക്കുന്ന ടർക്കികൾ നല്ല ആരോഗ്യമു ള്ളവയും പരാദ ബാധയിൽ നിന്നും വിമുക്തമായവയുമായി രിക്കണം.
പ്രജനനത്തിനായി ഒരാൺടർക്കിയുടെ കൂടെ 10–12 പിടകളെ വിടാവുന്നതാണ്. പ്രജനനത്തിനായുള്ള പിടകൾക്ക് പകൽവെളിച്ചം ഉൾപ്പെടെ 16 മണിക്കൂർ നേരത്തേക്ക് പ്രകാശം കൊടുക്കണം. ബ്രീഡിങ്ങ് സീസണു മുമ്പ് ഇണ ചേർക്കേണ്ടതും ലൈംഗികമായി ഉത്തേജനം ലഭിച്ച പൂവന്മാരെ മാത്രം പിടകളുടെ കൂടെ വിടേണ്ടതുമാണ്. പിടകൾക്ക് 8 മാസം പ്രായമെത്തുമ്പോൾ പൂവന്മാരുടെ കൂടെ വിടാവുന്നതാണ്. ഉയർന്ന ഉത്പാദനക്ഷമത ഉറപ്പുവരുത്തുവാൻ രണ്ട് ഷിഫ്റ്റ് പൂവന്മാർ ഉണ്ടായാൻ നന്നായിരിക്കും. ഏറ്റവും പ്രായപൂർത്തി എത്തിയവയെ സീസന്റെ ഒന്നാം പാദത്തിലും കുറച്ചുകൂടി പ്രായം കുറഞ്ഞവയെ രണ്ടാം പാദത്തിലും ഉപയോഗിക്കാം.

തീറ്റയും തീറ്റക്രമവും

ഉയർന്ന വളർച്ചാനിരക്കുള്ളതിനാൽ ടർക്കിത്തീറ്റയിൽ മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും കൂടുതൽ അടങ്ങിയിരിക്കണം. കുഞ്ഞുങ്ങൾ, വളരുന്ന ടർക്കികൾ, മുതിർന്നവ എന്നിവയ്ക്ക് പ്രത്യേക തീറ്റ നൽകേണ്ടതാണ്.
കുഞ്ഞുങ്ങൾക്ക്:- 8 ആഴ്ച പ്രായം വരെ 29 ശതമാനം മാംസ്യം, 1.1ശതമാനം കാൽസ്യം, 0.7ശതമാനം ഫോസ്ഫറസ് എന്നിവ അടങ്ങിയ സ്റ്റാർട്ടർ തീറ്റ നൽകണം. വളരുന്നവയ്ക്ക് — എട്ടാഴ്ച പ്രായം മുതൽ 20 ശതമാനം മാംസ്യം, 1ശതമാനം കാൽസ്യം, 0.7ശതമാനം ഫോസ്ഫറസ് എന്നിവ അടങ്ങിയ ഗ്രോവർ തീറ്റ നൽകണം. അരിയും ഗോതമ്പും 8 ആഴ്ച കഴിഞ്ഞാൽ തിന്നുതുടങ്ങും.
പ്രജനനത്തിനുള്ള ശക്തികൾക്കുള്ള തീറ്റ — പ്രജനനത്തിന് ഉപയോഗിക്കുന്ന ടർക്കികൾക്ക് മുട്ടയിടുന്നതിന് ഒരു മാസത്തിനു മുമ്പേ പോഷകസമൃദ്ധമായ തീറ്റ കൊടുത്തു തുടങ്ങണം. ഇവയുടെ തീറ്റയിൽ 16–18ശതമാനം മാംസ്യം, 2.3ശതമാനം കാൽസ്യം, 1ശതമാനം ഫോസ്ഫറസ് എന്നിവ ഉണ്ടായിരിക്കും.
മാതൃകാ തീറ്റ
കുഞ്ഞുങ്ങൾക്ക് മിശ്രിതതീറ്റ കൂടാതെ കൊത്തിയരിഞ്ഞ പച്ചപ്പുല്ല്, ചീര, പുഴുങ്ങിയ മുട്ട, ധാന്യങ്ങൾ എന്നിവയും നൽകാം. നാലാഴ്ച പ്രായമായാൽ പയറുമണിയുടെ വലിപ്പമുള്ള ചരൽകല്ലുകൾ നൽകിത്തുടങ്ങാം.

പ്രതിരോധ കുത്തിവയ്പ് ടർക്കികളിൽ

ഒന്നാം ദിവസം ആർ.ഡി.എഫ് 1,5 ആഴ്ച ഫൗൾ പോക്സ് വാക്സിൻ,6 ആഴ്ച ആർ 2 ബി.
തികഞ്ഞ കൃത്യനിഷ്ഠയോടെ
ശാസ്ത്രീയമായ പരിപാലനമുറകൾ അവലംബിച്ചാൽ ടർക്കിവളർത്തലിലൂടെ ലാഭം നേടാം. സർക്കാർ മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങളിൽ ടർക്കി വളർത്തലിൽ സൗജന്യ പരിശീലനം ലഭ്യമാണ്.

ടർക്കികളെ ലഭിക്കുന്ന സ്ഥലങ്ങൾ
*ടർക്കി ഫാം, കുരീപ്പുഴ : കൊല്ലം, ഫോൺ: 9446528390
*യൂണിവേഴ്സിറ്റി പൗൾട്രി ഫാം, മണ്ണുത്തി, തൃശൂർ 0487 23670344 (Extn 300)

ടർക്കിവളർത്തൽ ആദായകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*രോഗബാധയില്ലാത്ത സ്ഥലങ്ങളിൽ നിന്നു മാത്രം ടർക്കികളെ കുഞ്ഞുങ്ങളെ വാങ്ങുക.
* വാങ്ങിയശേഷം 2–3 ആഴ്ച മാറ്റിപ്പാർപ്പിച്ചിട്ടു മാത്രം കൂട്ടത്തിൽ വിടുക.
*നല്ല നീർവാർച്ചയുളളതും വൃത്തിയുള്ളതുമായ സ്ഥലങ്ങളിൽ മാത്രം പാർപ്പിക്കുക
* കൂട്ടിനുളളിൽ ആവശ്യത്തിനുളള സ്ഥലം നൽകുക . എലി, ഈച്ച, മറ്റു പക്ഷികൾ എന്നിവയുടെ ശല്യം ഒഴിവാക്കുക ടർക്കിക്കുഞ്ഞുങ്ങൾക്ക് സമീകൃതാഹാരം ഉറപ്പു വരുത്തുക.
*ലിറ്റർ എപ്പോഴും ഉണങ്ങിയതാകാൻ ശ്രദ്ധിക്കുക.
*തീറ്റപ്പാത്രം, വെളളപ്പാത്രം, കൂട്ടിനുളളിലെ മറ്റ് ഉപകരണങ്ങൾ എന്നിവ എപ്പോഴും ശുചിയായി സൂക്ഷിക്കുക. രോഗമുളളവയെ മാറ്റി പാർപ്പിക്കുക.
*രോഗബാധയുണ്ടായാൽ കൂട്ടിൽ ഉടനെ ഫലപ്രദമായ അണുനശീകരണം നടത്തുക. ചത്തവയെ ദഹിപ്പിക്കുകയോ കുമ്മായം ചേർത്ത് ആഴത്തിൽ കുഴിച്ചുമൂടുകയോ വേണം .
* സന്ദർശകരെ ഒഴിവാക്കുക

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.