ടര്‍ക്കി: മതഭ്രാന്തിനെയും ചങ്ങലക്കിടാം

Web Desk
Posted on June 08, 2019, 10:39 pm
lokajalakam

ലോക സാംസ്‌കാരിക ചരിത്രത്തില്‍ ഇന്ത്യയിലെ സിന്ധു-ഗംഗാ നദീതട നാഗരികതയോടൊപ്പമുള്ള ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന രാജ്യമാണ് ടര്‍ക്കി (തുര്‍ക്കി) എന്ന മധ്യപൂര്‍വദേശ രാഷ്ട്രം. അനത്തോളിയ എന്ന പേരിലുള്ള പ്രദേശം 1453ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ വെട്ടിപ്പിടിച്ചതോടെയാണ് അവിടം ഒട്ടോമന്‍ സാമ്രാജ്യമായി മാറിയത്. കിഴക്കന്‍ യൂറോപ്പിലേക്കുപോലും ആ സാമ്രാജ്യത്തിന്റെ അതിര്‍ത്തി വ്യാപിച്ചിരുന്നു. ഇസ്‌ലാമിന്റെ തലതൊട്ടപ്പന്റെ സ്ഥാനമുള്ള ഖലീഫയുടെ ആസ്ഥാനം അവിടെയായിരുന്നു. ആ ഖലീഫാ സ്ഥാനം വീണ്ടെടുക്കാനാണ് ഐഎസ് എന്ന ഇസ്‌ലാമിക് സ്റ്റേറ്റ് അടുത്ത കാലത്ത് ഇറാക്കിലും സിറിയയിലും കണ്ണില്‍ചോരയില്ലാത്ത അക്രമങ്ങളും കൂട്ടക്കൊലകളും സംഘടിപ്പിച്ചതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഓട്ടോമന്‍ സാമ്രാജ്യത്തിനും ഖിലാഫത്തിനും അന്ത്യംകുറിച്ചത് കമാല്‍ പാഷ എന്ന ലോകപ്രസിദ്ധനായ സാമൂഹ്യപരിഷ്‌കര്‍ത്താവാണ്.

1923ലായിരുന്നു ഈ മഹായജ്ഞം നടന്നത്. മുസ്തഫ കമാല്‍ പാഷ എന്ന മുന്‍ സൈനിക ഓഫീസറുടെ വിപ്ലവകരമായ പ്രവര്‍ത്തനം ഈ രണ്ട് മഹല്‍കാര്യങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. ടര്‍ക്കിയെ ഒരു പരിഷ്‌കൃത ആധുനിക രാജ്യമാക്കി മാറ്റാനും പഴയ മതാചാരങ്ങളുടെ പിടിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനും അദ്ദേഹം നടപടികള്‍ ആരംഭിച്ചു. സ്ത്രീകളുടെ അടിമത്തം തുടച്ചുമാറ്റുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. മുഖംപോലും മറച്ചുകൊണ്ടുള്ള പര്‍ദ അദ്ദേഹം നിയമവിരുദ്ധമാക്കുകയും യൂറോപ്യരുടേത് പോലുള്ള ജാക്കറ്റും പാവാടയും എല്ലാ സ്ത്രീകള്‍ക്കും നിര്‍ബന്ധിതമാക്കുകയും ചെയ്തു. സാമൂഹ്യജീവിതത്തില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിവേചനങ്ങള്‍ അദ്ദേഹം ഒന്നൊന്നായി അവസാനിപ്പിക്കുകയും വിദ്യാഭ്യാസം അവരുടെയും കൈപ്പിടിയിലെത്തിക്കുകയും ചെയ്തു. സ്വാഭാവികമായും ഇതില്‍ രോഷം പൂണ്ട ഇസ്‌ലാമിക തീവ്രവാദികള്‍ 1926ല്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെങ്കിലും ആ ശ്രമം വിഫലമാക്കാന്‍ അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞു. എട്ട് കൊല്ലത്തിനുശേഷം 1934 ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശവും അദ്ദേഹം ലഭ്യമാക്കി. ബഹുഭാര്യാത്വം നിയമവിരുദ്ധമാക്കിയത് സ്ത്രീസ്വാതന്ത്ര്യത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായി.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുള്ള ടര്‍ക്കിയുടെ പ്രയത്‌നം ഇനിയും സഫലമായിട്ടില്ലെങ്കിലും രാജ്യത്തിനെ ആ നിലവാരത്തിലെത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവച്ച മുസ്തഫ കമാല്‍ പാഷ 1938 നവംബര്‍ 12ന് അന്തരിച്ചെങ്കിലും ആ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന ടര്‍ക്കിഷ് സൈന്യം പിന്നെയും ഏറെക്കാലത്തേക്ക് ആ പുരോഗമനവാദ പാരമ്പര്യം നിലനിര്‍ത്തുകയുണ്ടായി. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടെയാണ് തയ്യിബ് എര്‍ദൊഗന്റെ നേതൃത്വത്തിലുള്ള എ കെ പാര്‍ട്ടി ഇസ്‌ലാമിക്ക് തീവ്രവാദത്തിന് വീണ്ടും ഉയിരും ഉണര്‍വും കൊടുത്ത് അവിടത്തെ രാഷ്ട്രീയ രംഗം പിടിച്ചടക്കാന്‍ തുടങ്ങിയത്. ഇസ്താന്‍ബുള്‍ എന്ന വന്‍ നഗരത്തിന്റെ മേയറായാണ് എര്‍ദൊഗന്‍ അധികാരത്തിന്റെ ആദ്യത്തെ ചവിട്ടുപടി ചാടിക്കടന്നത്.

അതിനുശേഷം, എ കെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി പദവും പ്രസിഡന്റ് സ്ഥാനവും പിടിച്ചെടുത്ത് ഇസ്‌ലാമിക ടര്‍ക്കിയുടെ മുടിചൂടാമന്നനായി എര്‍ദൊഗന്‍ വിലസാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളായിരിക്കുന്നു. പഴയ ഇസ്‌ലാമിക ടര്‍ക്കിയെ പുനഃസൃഷ്ടിക്കാനാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹം അനവരതം പ്രയത്‌നിച്ചു വന്നിട്ടുള്ളത്. ഇനി ഇക്കാര്യത്തില്‍ തന്നെ വെല്ലുവിളിക്കാന്‍ ആരുണ്ടെന്ന ധാര്‍ഷ്ട്യത്തോടെയായിരുന്നു എന്‍ഡൊഗാന്‍ തന്റെ ഇസ്‌ലാമിക അശ്വമേധത്തെ മുന്നോട്ട് നയിച്ചിരുന്നത്.

തന്റെ ഇസ്‌ലാമിക ഏകാധിപത്യത്തിന് അടിത്തറ ഉറപ്പിക്കാനായി എര്‍ദൊഗന്‍ എതിര്‍പ്പുകാരുടെയെല്ലാം വാ മൂടിക്കെട്ടി. കോടതിയെ കൈപ്പിടിയില്‍ ഒതുക്കാനും മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും എര്‍ദൊഗാന് സാധിച്ചു. ഇത് നിലനിര്‍ത്താന്‍ ഒരു പട്ടാള കലാപമെന്ന നിഴല്‍ യുദ്ധത്തിന്റെ പുകമറ സൃഷ്ടിച്ചുകൊണ്ട് ആയിരക്കണക്കിന് ഉദേ്യാഗസ്ഥരെയും സൈനികരെയും ജയിലിലടച്ച് അദ്ദേഹം തന്നിഷ്ടപ്രകാരം മുന്നേറുന്നതിനിടയിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് രാജ്യത്താകെയുള്ള പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടന്നത്.

മതഭ്രാന്തിനെയും ചങ്ങലയ്ക്കിടാനാവുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ഇത് ടര്‍ക്കിക്ക് പുതിയൊരവസരമായി മാറി. ഒരിക്കല്‍ക്കൂടി എന്നു പറഞ്ഞത് കമാല്‍പാഷ നടത്തിയ ജനാധിപത്യ വിപ്ലവത്തെ ഓര്‍മയുള്ളതുകൊണ്ടാണ്. 1923 മുതല്‍ പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കം വരെയുള്ള കാലത്ത് നിലനിന്ന മത നിരപേക്ഷ ജനകീയ ഭരണത്തെ അട്ടിമറിച്ചുകൊണ്ടാണല്ലോ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എര്‍ദൊഗന്‍ തന്റെ ഇസ്‌ലാമിക പടക്കുതിരയെ കെട്ടഴിച്ചുവിട്ടത്.

പക്ഷെ, ആ അശ്വത്തെ പിടിച്ചുകെട്ടാനുള്ള ജനകീയ ശക്തികള്‍ കെട്ടടങ്ങിയിട്ടില്ലെന്നാണ് ദേശവ്യാപകമായ ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. രാജ്യവ്യാപകമായി എര്‍ദൊഗന്റെ എ കെ പാര്‍ട്ടിക്കും സഖ്യകക്ഷിക്കും കൂടി 51 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. 81 പ്രവിശ്യകളില്‍ മിക്കതിലും എ കെ പാര്‍ട്ടിക്കും സഖ്യകക്ഷിക്കും കൂടി 52 ശതമാനം വോട്ടുമുണ്ട്. എ കെ പാര്‍ട്ടി ഒറ്റയ്ക്ക് 44 ശതമാനം നേടിയപ്പോള്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ കക്ഷിക്ക് 38 ശതമാനവുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എര്‍ദൊഗന്റെ ഇസ്‌ലാമിക പിന്തുണയെ എഴുതിത്തള്ളാറായിട്ടില്ലെങ്കിലും വന്‍ നഗരങ്ങളിലെ ഇക്കൂട്ടരുടെ ഭീമമായ പരാജയം ഒരു ചൂണ്ടുപലകയാണ്.

ഇസ്താന്‍ബുള്‍, അങ്കാറ തുടങ്ങിയ ആറു വന്‍ നഗരങ്ങളില്‍ അഞ്ചിലും പ്രതിപക്ഷ ജനാധിപത്യ കക്ഷിയുടെ വിജയം എര്‍ദൊഗന് ഒരു ഇടിവെട്ടിന്റെ അനുഭവമാണ്. ഇസ്താന്‍ബുള്‍, അങ്കാറ നഗരങ്ങളിലെ തോല്‍വി എന്‍ഡൊഗാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. തലസ്ഥാനമായ അങ്കാറയിലും ഏറ്റവും വലിയ നഗരമായ ഇസ്താന്‍ബുളിലും താന്‍ തന്നെയാണ് മത്സരിക്കുന്നതെന്ന മട്ടിലായിരുന്നു എര്‍ഡൊഗാന്റെ പ്രചരണം. ഈ രണ്ട് നഗരങ്ങള്‍ രാജ്യത്തിന്റെ ജീവനാഡിയുമാണ്. രാജ്യത്തിലെ ജനസംഖ്യയുടെ കാല്‍ഭാഗവും ദേശീയ വരുമാനത്തിന്റെ നാല്‍പ്പതു ശതമാനവും അവിടെ നിന്നാണ്. ഇസ്താന്‍ബുള്‍ എര്‍ദൊഗന്‍ കളിച്ച് വളര്‍ന്ന നഗരം പോലെയാണ്. അവിടത്തെ മേയര്‍ എന്ന നിലയ്ക്കാണ് അദ്ദേഹം 20 കൊല്ലം മുമ്പ് തന്റെ രാഷ്ട്രീയ രംഗപ്രവേശം നടത്തിയതും. ജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എക്രേം ഇമവോഗ്ലു കയ്യില്‍ കാല്‍ കാശില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. എതിര്‍ സ്ഥാനാര്‍ഥി ബിനാലിയില്‍ ദിറിം ആകട്ടെ ഒരു മുന്‍ പ്രധാനമന്ത്രിയും പാര്‍ലമെന്റ് സ്പീക്കറും ആയിരുന്നു. സമ്പത്തില്‍ മുങ്ങിക്കുളിച്ച് ജീവിക്കുന്ന ഇയാളെ ഇമവോഗ്ലു എങ്ങനെ നേരിടുമെന്ന് സര്‍വരും ശങ്കിച്ചിരുന്നു. എന്നിട്ടും ഒരു നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയം ഇമവോഗ്ലുവിനായിരുന്നു.

അതുകൊണ്ടുതന്നെയാണ് എര്‍ദൊഗനും കൂട്ടരും ആ വിജയത്തെ ചോദ്യം ചെയ്തത്. പക്ഷെ, പ്രസിഡന്റിന്റെ വരുതിക്ക് നില്‍ക്കാത്ത ഒരേയൊരു ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഉത്തരവിനെ തൃണവല്‍ക്കരിച്ചു കൊണ്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ വിജയത്തിനുള്ള സാക്ഷ്യപത്രം അദ്ദേഹത്തെ ഏല്‍പ്പിച്ചത്.

രാജ്യത്ത് മൊത്തത്തില്‍ എര്‍ദൊഗന്റെ പാര്‍ട്ടിക്ക് നേട്ടമാണെങ്കിലും അഞ്ച് വന്‍ നഗരങ്ങളില്‍ പ്രതിപക്ഷം കൈവരിച്ച വന്‍വിജയം എര്‍ദൊഗന്റെ ചങ്കിനുള്ള ഒരു പ്രഹരമായാണ് സര്‍വരും കാണുന്നത്. നഗരങ്ങള്‍ എര്‍ഡൊഗാനെ കൈവിടുന്നുവെന്ന ശീര്‍ഷകത്തോടെയാണ് ലോകമാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതും.

വന്‍ നഗരങ്ങളിലെ പരാജയംകൊണ്ടുമാത്രം എര്‍ദൊഗന്റെ അടിത്തറ പാടെ ഇളകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഇസ്‌ലാമിക ഭരണം ചോദ്യം ചെയ്യപ്പെടില്ലെന്ന അഹങ്കാരത്തിന് അതൊരു കനത്ത പ്രഹരം തന്നെയാണ്. ടര്‍ക്കിയെ വീണ്ടുമൊരു ഇസ്‌ലാമിക ശക്തിദുര്‍ഗമാക്കാമെന്ന അതിമോഹത്തിന് അത് കടിഞ്ഞാണിടുകതന്നെ ചെയ്യുന്നുണ്ട്. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയം കളിക്കുന്ന മറ്റ് നാട്ടുകാര്‍ക്കും ഇത് ഒരു അനുഭവപാഠമായിരിക്കുകയും ചെയ്യും. ന്യൂയോര്‍ക്കിലെ ലോകവാണിജ്യ കേന്ദ്രത്തിന്റെ ഇരട്ട ഗോപുരം തകര്‍ത്ത് അമേരിക്കയിലും ഭീകരപ്രവര്‍ത്തനത്തിന്റെ വിത്ത് വിതച്ച ബിന്‍ലാദന്റെ മതസ്പര്‍ധയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്ന സിദ്ധാന്തത്തിന്റെ ടര്‍ക്കിയിലെ പ്രചാരകനായ എര്‍ദൊഗന്റെ ഭരണത്തിന് കിട്ടിയ പ്രഹരം മറ്റു നാടുകളിലെ ഭീകരവാദികളുടെയും കണ്ണ് തുറപ്പിച്ചേക്കാമെന്ന പ്രതീക്ഷ ഇപ്പോഴും അസ്ഥാനത്താണെങ്കിലും മതരാഷ്ട്രീയം കൊണ്ടുള്ള നേട്ടം ശാശ്വതമല്ലെന്ന് അവരെയും ഓര്‍മിപ്പിക്കുമെന്ന് കരുതാം.

ഖലീഫാ വാഴ്ച ഇറാക്കിലും സിറിയയിലും ആരംഭിച്ച ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏതാണ്ട് തുടച്ചുമാറ്റപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നതും ഇസ്‌ലാമിക അശ്വമേധക്കാരെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സ്വാധീനത്തെയാണ് വിളിച്ചറിയിക്കുന്നത്. കുറച്ചുകാലത്തേക്ക് കുറച്ചാളുകളെ പറഞ്ഞുപറ്റിച്ച് വഴിതെറ്റിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും എല്ലാവരേയും എക്കാലത്തേക്കും അങ്ങനെ കളിപ്പിക്കാനാവില്ലെന്ന് കൂടി ടര്‍ക്കിയിലെ മതരാഷ്ട്രീയത്തിന് നേരിട്ട ഈ പ്രഹരം ബന്ധപ്പെട്ടവര്‍ക്ക് ഒരു അനുഭവപാഠമാകുമെങ്കില്‍ അത്രയും നല്ലതെന്ന് മാത്രമേ കരുതാനാവൂ.

എര്‍ദൊഗന്റെ പാര്‍ട്ടി നേടിയ വിജയം നുണപ്രചരണവും അധികാര ദുര്‍വിനിയോഗവും വഴി നേടിയതാണെന്ന് ഓര്‍ക്കണം. ന്യൂസിലന്‍ഡില്‍ ഒരു ഭീകരന്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ചിത്രങ്ങള്‍പോലും തന്റെ കുപ്രചരണത്തിനായി എര്‍ഡൊഗാന്‍ ഉപയോഗപ്പെടുത്തിയെന്നത് രാജ്യത്തെങ്ങും അങ്ങാടിപ്പാട്ടായിരുന്നു. വന്‍ നഗരങ്ങളില്‍ എന്നിട്ടും എര്‍ഡൊഗാന്റെ പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടത് ഒരു കൊച്ചുകാര്യവുമല്ല. എങ്കിലും ജനഹിതത്തെ അട്ടിമറിച്ച് പ്രതിപക്ഷ മേയര്‍മാരെ പിരിച്ചുവിട്ട് തന്റെ ആധിപത്യം ഉറപ്പിക്കാന്‍ എര്‍ദൊഗന്‍ മടിക്കില്ലെന്ന ആശങ്കയും ജനങ്ങള്‍ക്ക് ഇല്ലാതില്ല.