പീലിവിരിച്ചാടുന്ന ചേലൊത്ത മയിൽപോലെ അഴകിന്റെ രൂപമാണ് ടർക്കികൾക്ക്. കേരളത്തിൽ അധികം പ്രചാരം കിട്ടിയിട്ടില്ലാത്ത ടർക്കി വളർത്തൽ മികച്ച ആദായം തരുന്ന ഒരു സംരംഭമാണ്. അതിന് കാരണം മറ്റൊന്നുമല്ല, കോഴി വളർത്തൽ പോലെതന്നെയാണ് ഇവയുടെ പരിപാലനവും. പൗൾട്രി വിഭാഗത്തിൽത്തന്നെ വളരെയധികം വ്യാവസായിക പ്രാധാന്യമുള്ള പക്ഷികളാണ് വാങ്കോഴികൾ അഥവാ കൽക്കം എന്നൊക്കെ നാട്ടിൻപുറത്ത് അറിയപ്പെടുന്ന ടർക്കികൾ. കോഴികളെക്കാൾ വലിപ്പമുള്ള പക്ഷികളാണ് ടർക്കികൾ. നല്ല വളർച്ചയെത്തിയ പൂവൻ ടർക്കികൾക്ക് ഏഴ് കിലോയോളം തൂക്കം വരും. ടർക്കി ഇറച്ചിയിൽ കൊളസ്ട്രോൾ വളരെ കുറവാണ്. മാംസത്തിന്റെ അളവ് കൂടുതലും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കുകളാൽ സമൃദ്ധമാണ് ടർക്കി ഇറച്ചി. ടർക്കി പിടകൾ ഏഴ് മാസം പ്രായമാകുമ്പോൾ മുതൽ മുട്ടയിട്ടു തുടങ്ങും. ശരാശരി 80 ഗ്രാം തൂക്കമുണ്ട് ടർക്കി മുട്ടകൾക്ക്. നല്ല തീറ്റക്രമവും കൃത്യമായി പരിപാലനവും നൽകിയാൽ വർഷത്തിൽ നൂറു മുട്ടകൾ വരെ ടർക്കി പിടയിൽ നിന്ന് ലഭിക്കും. കോഴിമുട്ടയേക്കാൾ ഗുണമുള്ള ടർക്കി മുട്ടയിൽ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, മിനറൽ എന്നിവ യഥേഷ്ടമുണ്ട്. ടർക്കികൾക്ക് മാത്രമായി, അവയുടെ പരിപാലനത്തിനും പ്രജനനത്തിനും ഒരു ഫാം തന്നെയുണ്ട് കേരളത്തിലെ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ. കൊല്ലം ജില്ലയിലെ കുരീപ്പുഴയിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ടര്‍ക്കികളുടെ ശേഖരമുള്ള ഫാമാണ് കുരീപ്പുഴ ടര്‍ക്കിഫാം. 1979‑ലാണ് ഈ ഫാം സ്ഥാപിതമായത്. തുടക്കത്തില്‍ എല്ലാത്തരം പക്ഷികളും ഇവിടെ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ ടര്‍ക്കിഫാം ആയി മാറ്റപ്പെടുകയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന പക്ഷിപ്പനിയെ തുടര്‍ന്ന് അന്നുണ്ടായിരുന്ന പതിനായിരത്തിലധികം വരുന്ന ടര്‍ക്കി കോഴികളെ നശിപ്പിക്കേണ്ടി വന്നിരുന്നു. അതിനുശേഷം വീണ്ടും ഈ ഫാം പുനരുജ്ജീവിപ്പിച്ച് ഇപ്പോള്‍ ഏതാണ്ട് അയ്യായിരത്തോളം വിവിധ പ്രായത്തിലുള്ള ടര്‍ക്കി പക്ഷികള്‍ ഈ ഫാമിലുണ്ട്. ഇനിയും വികസിപ്പിക്കുക എന്നതാണ് ഫാമിന്റെ ലക്ഷ്യമെന്നും അന്ന് നിന്നുപോയ പല പദ്ധതികളും ഇനി പുനരാരംഭിക്കേണ്ടതുണ്ട് എന്നും കുരീപ്പുഴ ടര്‍ക്കി ഫാമിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എസ് രാജു പറയുന്നു. ഇറച്ചി പ്രോസസ് ചെയ്ത് വില്ക്കുന്ന സംരംഭം ആരംഭിക്കേണ്ടതുണ്ട്. മുട്ടയുടെ ഉല്പാദനവും വില്പനയും കൂട്ടുക, കൂടുതലായി ടര്‍ക്കി കുഞ്ഞുങ്ങളുടെ വില്പന കൂട്ടുക. എന്നിവയാണ് ഭാവി പരിപാടികള്‍. ടര്‍ക്കി വളര്‍ത്തല്‍ ഘട്ടം ഘട്ടമായിട്ടാണ് കുരീപ്പുഴ ഫാമില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബ്രൂഡിംഗ് സ്റ്റേജിലുള്ള കുഞ്ഞുങ്ങളെ ഹാച്ചറിയില്‍ നിന്ന് നേരെ ബ്രൂഡറിലേക്ക് എത്തിക്കുന്ന ആദ്യ ഘട്ടത്തില്‍ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് ആഴ്ച വരെ ചൂട് കൊടുക്കേണ്ടതായി വരും. ഒരു കുഞ്ഞിന് മൂന്ന് വാട്ട് എന്ന കണക്കിലാണ് ചൂട് കൊടുക്കുന്നത്.
ആദ്യ 3–4 ദിവസം ന്യൂസ് പേപ്പറും തടിച്ചീളുകളും വിരിച്ച് അതിലാണ് കുഞ്ഞുങ്ങളെ ഇടുക. കോഴികുഞ്ഞുങ്ങളെ അപേക്ഷിച്ച് തനിയെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവരായതിനാല്‍ കളറുള്ള പെബിള്‍സ് വെള്ളപാത്രത്തിലും തീറ്റപ്പാത്രത്തിലും ഇട്ടുകൊടുത്ത് ആകര്‍ഷിച്ചാണ് ഭക്ഷണം കഴിപ്പിക്കുക. ഒരാഴ്ച കഴിയുമ്പോള്‍ 10 കുഞ്ഞിന് ഒരു കോഴിമുട്ട എന്ന കണക്കില്‍ പുഴുങ്ങി പൊടിച്ച് ഭക്ഷണത്തോടൊപ്പം ചേര്‍ത്തുകൊടുക്കും 24 മണിക്കൂറും ചൂടിന്റെ ആവശ്യം മൂന്ന് ആഴ്ച വരെ വേണ്ടി വരും. നല്ല വളര്‍ച്ച കിട്ടാന്‍ വേണ്ടിയാണിത്. ബ്രൂഡര്‍ സ്റ്റേജ് കഴിഞ്ഞ് ഒരു മാസം പ്രായമാകുന്ന കുഞ്ഞുങ്ങളെ അടുത്ത ഷെഡ്ഡിലേക്ക് മാറ്റും. അവിടെ ചൂടിന്റെ ആവശ്യമില്ല. ചെറിയ ശബ്ദമൊക്കെ കേള്‍ക്കുമ്പോള്‍ പേടിക്കുന്നതുകൊണ്ട് രാത്രി സമയം വെളിച്ചം ഇട്ടുകൊടുക്കണം. അല്ലെങ്കില്‍ ഭയന്ന് ഓടുകയും പതുങ്ങുകയും ഒക്കെ ചെയ്യുമ്പോള്‍ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഈ പ്രായത്തില്‍ പിടയെയും പൂവനെയും തിരിച്ചറിയാന്‍ പ്രയാസമാണ്. മൂന്ന് മാസം കഴിയുമ്പോഴാണ് ലിംഗനിര്‍ണ്ണയം നടത്താനാകുക. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പൂവനെയും പിടയെയും പ്രത്യേക ഷെഡ്ഡില്‍ പാര്‍പ്പിക്കും. ബ്രീഡിംഗ് സ്റ്റോക്ക് എന്ന് പറയുന്ന അക്കൂട്ടത്തില്‍ അഞ്ച് പിടയ്ക്ക് 1 പൂവന്‍ എന്ന അനുപാതത്തിലാണ് ടര്‍ക്കികളെ പാര്‍പ്പിക്കുക. അങ്ങനെ ലഭിക്കുന്ന മുട്ടകള്‍ ഇങ്ക്വുബേറ്ററില്‍ വിരിയിച്ചെടുക്കും. 29 ദിവസമാണ് മുട്ട വിരിയാന്‍ എടുക്കുന്ന ദിവസങ്ങള്‍. 24 ദിവസം ഇങ്ക്വുബേറ്ററില്‍ വച്ച മുട്ടകള്‍ പിന്നീട് ഹാച്ചറിയിലേക്ക് മാറ്റും. ബ്രോഡ്ബ്രെസ്റ്റഡ് ബ്രോണ്‍സ്, ലാര്‍ജ് വെെറ്റ്, ബെല്‍റ്റ്സ് വില്ലെ സ്മോള്‍ വെെറ്റ് എന്നിങ്ങനെ മൂന്നിനങ്ങളാണ് കുരീപ്പുഴ ടര്‍ക്കി ഫാമില്‍ ഉള്ളത്.
തുറസ്സായ സ്ഥലമാണ് ടര്‍ക്കി വളര്‍ത്തലിന് അനുയോജ്യം. നല്ല വായൂ സഞ്ചാരവും അഴുക്കുചാല്‍ സൗകര്യവുമുള്ള രീതിയില്‍ ടര്‍ക്കികള്‍ക്ക് കൂടു പണിയാം. എളുപ്പം വൃത്തിയാക്കുന്ന രീതിയില്‍ ആയിരിക്കണം തറ. കോഴികളെ അപേക്ഷിച്ച് വളരെ വേഗം വലിപ്പം കൂടുന്ന പക്ഷികളാണ് ടര്‍ക്കികള്‍. അതുകൊണ്ടുതന്നെ നല്ല രീതിയില്‍ തീറ്റയും ഇവയ്ക്ക് വേണ്ടി വരും. തീറ്റച്ചിലവ് കുറയ്ക്കുന്നതിനായി പച്ചപ്പുല്ല് അരിഞ്ഞു നല്‍കിയാല്‍ ടര്‍ക്കികള്‍ സംതൃപ്തരാകും. അതേസമയം ഇവയെ പറമ്പിലൊക്കെ തുറന്നുവിട്ടാല്‍ പച്ചപ്പുള്ള എല്ലാ സസ്യങ്ങളും ഇവ കൊത്തി തിന്നു തീര്‍ത്തേക്കാം എന്നൊരു പ്രശ്നമുണ്ട്. ടര്‍ക്കി വളര്‍ത്തലില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഇതുതന്നെ. അതുകൊണ്ട് തന്നെ തുറസായ സ്ഥലം തിരഞ്ഞെടുത്താലും ഫെന്‍സിംഗും വലയുമൊക്കെ ഇട്ടുകൊടുക്കണം. 50 ടര്‍ക്കികളെ വരെ ചെറിയ ഒരു യൂണിറ്റില്‍ വളര്‍ത്താന്‍ സാധിക്കും. കോഴിത്തീറ്റയ്ക്കും പച്ചപ്പുല്ലിനും പുറമേ മറ്റ് പച്ചക്കറി, ഭക്ഷ്യ അവശിഷ്ടങ്ങളും ടര്‍ക്കികള്‍ക്ക് നല്‍കാം. ടര്‍ക്കിപ്പിടകള്‍ ഏഴ് മാസം മുതല്‍ മുട്ടയിട്ട് തുടങ്ങും. ഇറച്ചിക്കാണെങ്കില്‍ നാല് മുതല്‍ അഞ്ച് മാസത്തിനുള്ളില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഏറ്റവും സ്വാദിഷ്ടമായ ഇറച്ചി ലഭിക്കുന്നത് ഈ പരുവത്തില്‍ എത്തുമ്പോഴാണ്. അഞ്ച് മാസത്തിനുള്ളില്‍ ഇറച്ചിക്ക് ടര്‍ക്കി പാകമാകും എന്നതുകൊണ്ടുതന്നെ സംരംഭകര്‍ക്ക് വരുമാനവും വന്നുതുടങ്ങും. കര്‍ഷകര്‍ക്ക്, ടര്‍ക്കി ഇറച്ചിയുടെയും മുട്ടയുടെയും വിപണനത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും കുരീപ്പുഴ ടര്‍ക്കി ഫാം ചെയ്തുകൊടുക്കും.
മണ്ണൂത്തി വെറ്ററിനറി കോളജിലെ മീറ്റ് പ്ലാന്റ്, കൂത്താട്ടുകളും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ടര്‍ക്കി ഇറച്ചി എത്തിച്ചു നല്‍കുന്നതും കുരീപ്പുഴ ഫാമില്‍ നിന്നാണ്. ടര്‍ക്കിയുടെ മുട്ട രണ്ട് രീതിയിലാണ് വില്പന നടത്തുന്നത് ഭക്ഷ്യയോഗ്യമായ മുട്ടകള്‍ക്ക് 9 രൂപയും കൊത്തുമുട്ടകള്‍ അഥവാ വിരിയുന്ന മുട്ടകള്‍ക്ക് 35 രൂപയുമാണ് വില. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ 62 രൂപയ്ക്ക് ലഭിക്കും. ഒരു മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 140 രൂപയാണ് ഇപ്പോഴത്തെ വില. ബ്രൂഡിംഗ് പിരീഡ് കഴിഞ്ഞ കുട്ടികള്‍ക്കാണ് ഏറ്റവും അധികം ആവശ്യക്കാര്‍. കാരണം ചൂടുകൊടുത്ത് വളര്‍ത്തേണ്ടവ ആയതിനാല്‍ മികച്ച പരിചരണം ആവശ്യമാണ്. കുറച്ചുകൂടി മുതിര്‍ന്ന രണ്ട് മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 190 രൂപയുമാണ് വില. കൂടാതെ ഇറച്ചി വില്ക്കുന്നത് ഒരു കിലോയ്ക്ക് 105 രൂപ എന്ന കണക്കിലാണ്. കുരീപ്പുഴയില്‍ പ്രോസസിംഗ് യൂണിറ്റ് പുനരാരംഭിച്ച് ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം ഇറച്ചി തൂക്കി വില്പന നടത്താനും തീരുമാനം ആയിട്ടുണ്ട്.
അലങ്കാരത്തിനും അരുമയായി വളര്‍ത്താനും ടര്‍ക്കികള്‍ മികച്ച പക്ഷിയാണ്. കാരണം കാഴ്ചയില്‍ ഭംഗിയും മികച്ച വരുമാനവും എന്നതാണ് ആ പ്രത്യേകത. വീട്ടില്‍ അപരിചിതര്‍ ആരെങ്കിലും വന്നാല്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ച് വീട്ടുകാരെ അറിയിക്കുന്ന ടര്‍ക്കികള്‍ അത്യാവശ്യം വീട്ടുകാവല്‍ക്കാരുമാണ്. മാത്രമല്ല പുരയിടത്തില്‍ പാമ്പോ മറ്റോ കടന്നുവന്നാല്‍ കൊത്തിയോടിക്കാനും ഇവര്‍ക്ക് മടിയില്ല. ഒരു സംരംഭം എന്ന നിലയില്‍ ടര്‍ക്കി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരും സന്ദര്‍ശിക്കേണ്ട ഒരിടമാണ് കുരീപ്പുഴ ടര്‍ക്കി ഫാം. ഇവിടെ നിന്ന് മികച്ച കുഞ്ഞുങ്ങളെ മാത്രമല്ല വിദഗ്ധ ഉപദേശവും സാങ്കേതിക സഹായങ്ങളും ലഭ്യമാകും. അതുപോലെ തന്നെ മാംസ മേഖലയില്‍ നാം ഇനിയും സ്വയം പര്യാപ്തത നേടേണ്ടതുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ ടര്‍ക്കി വളര്‍ത്തല്‍ ഒരു മികച്ച സംരംഭം കൂടിയാണ്. മാംസാഹാരപ്രിയരുടെ ഇഷ്ടവിഭവമായി മാറുകയാണ് കൊളസ്ട്രോള്‍ രഹിതമായ ഈ ടര്‍ക്കിയിറച്ചി. ആന്റി ബയോട്ടിക്കുകളോ രോഗപ്രതിരോധ മരുന്നുകളോ ടര്‍ക്കികളില്‍ ഉപയോഗിക്കാറില്ല. അതിനാല്‍ വിശ്വസിച്ച് കഴിക്കാം ടര്‍ക്കിയിറച്ചി.
(കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ ടര്‍ക്കിഫാം, കുരീപ്പുഴ, കൊല്ലം. ഫോണ്‍: 0474–2799222)
English summary: turkey Profitable venture
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.