March 30, 2023 Thursday

തുര്‍ക്കി- സിറിയ ഭൂകമ്പം ; മരണസംഖ്യ 12,000, ഇന്ത്യക്കാരനെ കാണാതായി

Janayugom Webdesk
ഇസ്താബൂള്‍
February 8, 2023 10:58 pm

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 12,000 പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇരട്ടിയായി ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. തുർക്കിയിൽ 9,060ലധികം പേർ മരിക്കുകയും 37,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സിറിയയിൽ മരണസംഖ്യ 2,660 കവിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരു രാജ്യങ്ങളിലുമായി 2.3 കോടി പേര്‍ ദുരിതബാധിതരായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതിൽ 14 ലക്ഷം കുട്ടികളാണ്.

റോഡുകളും വിമാനത്താവളങ്ങളും തകര്‍ന്നതും മോശം കാലാവസ്ഥയും ദുരന്ത മേഖലയിലേക്ക് അടിയന്തര വെെദ്യസഹായം എത്തിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല പ്രദേശങ്ങളിലും വെെദ്യുതിയും വെള്ളവും ലഭ്യമാകാത്തത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിൽ അടുത്ത മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ പൗരാണിക കെട്ടിടങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ഫ്ലാറ്റുകള്‍ എന്നിവയുള്‍പ്പെടെ ആറായിരത്തിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അലപ്പോ, ലതാകിയ, ഹാമ, ടാർട്ടസ് പ്രവിശ്യകളിലുടനീളം നാശനഷ്ടമുണ്ടായതായി സിറിയൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സിറിയയില്‍ ആഭ്യന്തര യുദ്ധത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ക്കിക്കും സിറിയയ്ക്കും സഹായവുമായി നിരവധി ലോകരാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച രണ്ട് സ്ഥലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത് ചൂണ്ടിക്കാട്ടി സഹായം നൽകാൻ തയ്യാറാണെന്ന് യുനെസ്‍കോ അറിയിച്ചു. അലപ്പോയിലെ പഴയ നഗരത്തിനും തെക്കുകിഴക്കൻ തുർക്കി നഗരമായ ദിയാർബാകിറിലെ കോട്ടയ്ക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് പുറമേ, കുറഞ്ഞത് മൂന്ന് ലോക പൈതൃക സ്ഥാപനങ്ങളെയെങ്കിലും ബാധിക്കുമെന്ന് യുനെസ്കോ അറിയിച്ചു.

ഇന്ത്യക്കാരനെ കാണാതായി

ന്യൂഡല്‍ഹി: ജോലിസംബന്ധമായി തുര്‍ക്കിയിലേക്ക് പോയ ഒരു ഇന്ത്യക്കാരനെ കാണാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂകമ്പ ബാധിത തുര്‍ക്കിയില്‍ 10 ഇന്ത്യക്കാര്‍ ഒറ്റപ്പെട്ടുകിടക്കുന്നതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയുടെ വിദൂര മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന പത്ത് പേരും സുരക്ഷിതരാണെന്നും മന്ത്രാലയം സെക്രട്ടറി (പശ്ചിമ മേഖല) സഞ്ജയ് വര്‍മ വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാരനെ തുര്‍ക്കിയിലേക്ക് അയച്ച ബംഗളൂരുവിലെ കമ്പനിയുമായും കുടുംബവുമായും ബന്ധപ്പെടുന്നുണ്ടെന്നും വര്‍മ പറഞ്ഞു. ഓപ്പറേഷന്‍ ദോസ്ത് എന്ന് പേരിട്ട ദൗത്യ പ്രകാരം തുര്‍ക്കിക്കും സിറിയക്കും സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. നാല് സൈനിക വിമാനങ്ങളിൽ ഇന്ത്യ ഇതിനകം തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങള്‍ തുര്‍ക്കിയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായി എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ പറഞ്ഞു. വാരാണസിയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മൂന്നാമത്തെ സംഘം ഇന്നലെ രാത്രി ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടു. 51 രക്ഷാപ്രവര്‍ത്തകരും, പ്രത്യേകം പരിശീലനം ലഭിച്ച നായയുമാണ് സംഘത്തിലുള്ളത്. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സി 130ജെ സൈനിക വിമാനം ഇന്നലെ രാവിലെ സിറിയയിലെ ദമാസ്കസിലിറങ്ങി. അവശ്യ മരുന്നുകള്‍ അടക്കമുള്ള ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ സിറിയന്‍ പ്രാദേശിക ഭരണ- പരിസ്ഥിതി ഡെപ്യൂട്ടി മന്ത്രി മൗതാസ് ദൗജിക്ക് ഇന്ത്യന്‍ സംഘം കൈമാറി.

ഭൂചലനം: തുര്‍ക്കി പടിഞ്ഞാറേക്ക് നീങ്ങി 

ഇസ്താംബൂള്‍: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് തുര്‍ക്കി മൂന്നടി പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് ഭൂകമ്പ വിദഗ്ധന്‍. ഒന്നിലധികം ടെക്‌ടോണിക് പ്ലേറ്റുകള്‍ തുടര്‍ച്ചയായി കൂട്ടിയിടിച്ചതാണ് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിന് കാരണമായതെന്ന് ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രാഫിക്സ് ആന്റ് വോള്‍ക്കാനോളജിയിലെ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ കാര്‍ലോ ഗോഗ്ലിയോണി പറഞ്ഞു. കൃത്യമായ നിഗമനത്തിലെത്താൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Turkey and Syr­ia earth­quake: death toll nears 12,000
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.