കൊറോണ വരും പോകും. പക്ഷേ ഞങ്ങള്‍ക്ക് മുട്ടയിട്ടല്ലേ പറ്റു എന്ന മട്ടില്‍ ഹാക്ക്ബില് ഇനത്തില്‍പ്പെട്ട കടലാമകള്‍ അബുദാബി മണലാരണ്യത്തിലെ സര് ബു നായര്‍ ദ്വീപിലെത്തി മുട്ടയിട്ട് കടലിലേക്ക് മടങ്ങുന്നു. കടലാമകള്‍ മുട്ടയിടുന്ന ഇത്തരം 63 കൂടുകള്‍ തീരത്തെ മണല്‍പ്പരപ്പില്‍ കണ്ടെത്തിയതായി സര് ബു നായര്‍ സമുദ്രഗവേഷണ കേന്ദ്രവും പരിസ്ഥിതി-സംരക്ഷിത മേഖലാ അതോറിറ്റിയും അറിയിച്ചു. അറബിക്കടലോരത്ത് കേരളം കഴിഞ്ഞാല്‍ കടലാമകളുടെ വംശവര്‍ധനവിനുള്ള ഏറ്റവും വലിയ കേന്ദ്രം നാലു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപാണ്.
മാര്‍ച്ചില്‍ ആരംഭിച്ച മണലിലെ കൂടുനിര്‍മ്മാണം ജൂണ്‍ വരെ നീണ്ടുനില്‍ക്കും. ഒരു കടലാമ 90 മുതല്‍ 110 വരെ മുട്ടകളാണിടുക. എന്നാല്‍ ഹാക്ക്സ്ബില്‍ ഇനത്തില്‍പ്പെട്ട കടലാമകള്‍ സമുദ്രതീരത്തെ കടല്പ്പുറ്റുകള്ക്ക് വന്‍ ഭീഷണി കൂടിയാണ്. പായലുകളും പ്ലവങ്ങളും തിന്നുതീര്‍ക്കുന്നതിനാല്‍ കടല്‍പ്പുറ്റുകളുടെ കാഠിന്യം കുറയുന്നുവെന്നും സമുദ്രശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ആവാസ വ്യവസ്ഥ തകര്‍ന്നതുമൂലം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്തരം കടലാമകളുടെ സംഖ്യയില്‍ 80 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. കടലോര വികസനങ്ങളും മലിനീകരണവും ഇവയ്ക്കുവിനയായി.
അതിനാല്‍ ഹാക്സ്ബില്‍ കടലാമകളെ വംശനാശ ഭീഷണി നേരിടുന്ന ചുവപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആമമുട്ടകള്‍ അടിച്ചുമാറ്റി അടുക്കളകളിലെത്തിക്കുന്നവരും ഇവയുടെ വംശനാശ ഭീഷണിക്ക് ആക്കം കൂട്ടുന്നു. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഇടിച്ചു ചാകുന്ന ഇവയെ മാംസത്തിനുവേണ്ടി വേട്ടയാടുന്നവരും ചുരുക്കമല്ല. ഈ സാഹചര്യത്തില്‍ കടലാമകള്‍ കരയില്‍ വന്നു മുട്ടയിടുമ്പോള് വലിയ സംരക്ഷണമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുട്ടകള്‍ വിരിഞ്ഞാല്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലകത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ കാണാന്‍ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് എത്താറുള്ളത്.
English Summary: Turtles laying eggs in Sir Bu Nair Island in Abu Dhabi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.