പൂരത്തിനിടെ കൊമ്പന്‍ പിടിയാനയായി,എന്താ പുകില്

Web Desk
Posted on May 18, 2019, 3:24 pm

ആള്‍മാറാട്ടം പോലെ കുറ്റകരമല്ലെങ്കിലും ആനമാറാട്ടം പാലക്കാട്ട് വന്‍വിവാദമായി.   പൂരത്തില്‍ എഴുന്നള്ളിക്കാന്‍ ആനകള്‍ തികയാത്തതിനാല്‍ പിടിയാനയെ മേക്കപ്പിട്ട് കൊമ്ബനാനയാക്കിയ താണ് പുതിയ ആനമാറാട്ടം. പാലക്കാട് തൂതപ്പൂരത്തിനാണ് പിടിയാനയെ കൊമ്ബനാനയുടെ വേഷം കെട്ടിച്ച്‌ എഴുന്നള്ളിച്ചത്. ലക്കിടി ഇന്ദിരയെന്ന ആനയെയാണ് ഫൈബര്‍ കൊമ്പ് പിടിപ്പിച്ച്‌ കൊല്ലങ്കോട് കേശവനാക്കി മാറ്റിയത്. എന്നാല്‍ ഇന്ദിരയുടെ ആടി കുണുങ്ങിയുള്ള നടപ്പ് കണ്ടതോടെ കള്ളി വെളിച്ചത്തായി.

ആനക്കമ്പക്കാര്‍ പാപ്പാന്മാരെ വളഞ്ഞു. പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിന് പിടിയാനയെ എഴുന്നള്ളിക്കാറില്ലെന്നതിനാല്‍ സംഭവം    പൂരപ്രേമികളില്‍ പ്രതിഷേധത്തിനിടയാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന എഴുന്നള്ളിപ്പിന് ആകെ 15 ആനകളെയാണ് വേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചയിച്ച സമയമെത്തിയിട്ടും എണ്ണം തികയാത്തതിനാല്‍ ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കുകയായിരുന്നുവത്രേ . എഴുന്നള്ളിപ്പ് സമയത്ത് തന്നെ ആനയുടെ മട്ടും ഭാവവും ആളുകളില്‍ സംശയത്തിനിടയാക്കിയിരുന്നു. പിന്നീട് എഴുന്നള്ളത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആനമാറാട്ടം വ്യക്തമാകുകയായിരുന്നു.


പൂരം പൊടിപൂരമാവുമ്പോഴുള്ള ആനക്ഷാമത്തിനും കാശ് ക്ഷാമത്തിനും പരിഹാരമായി  ആനമാറാട്ടം പലയിടത്തും നടത്താറുണ്ടെന്നാണ് ആനക്കാര്‍ ഒടുവില്‍ വെളിപ്പെടുത്തുന്ന വിവരം.