നാലാം ക്ലാസുകാരന്‍ ടീച്ചറെ കുത്തിക്കൊന്നു

Web Desk
Posted on September 17, 2019, 10:29 pm

മുംബൈ: മഹാരഷ്ട്രയില്‍ ട്യൂഷന്‍ ടീച്ചറെ നാലാം ക്ലാസുകാരനായ വിദ്യാര്‍ഥി കുത്തിക്കൊലപ്പെടുത്തി.  മുംബൈയിലെ ഗോവന്ദിയില്‍ പ്രൈമറി,ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന ടീച്ചറെയാണ് നാലാം ക്ലാസുകാരന്‍ കുത്തിക്കൊന്നത്. അയിഷ അസ്‌ലം ഹുസുയയെന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് 12 വയസുകാരന്‍ വിദ്യാര്‍ഥി അമ്മയുമായി ടീച്ചറുടെ വീട്ടില്‍ എത്തിയിരുന്നു. വിദ്യാര്‍ഥിയുടെ അമ്മ ടീച്ചറോട് വീട്ടാവശ്യങ്ങള്‍ക്കായി കുറച്ചു പണം കടം ചോദിച്ചു. ടീച്ചര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതിനാല്‍ സഹായിക്കാന്‍ കഴിയില്ലെന്ന് മറുപടിനല്‍കി.
ഇത് പിന്നീട് തര്‍ക്കത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
ക്ഷുഭിതയായ കുട്ടിയുടെ അമ്മ ടീച്ചറെ അധിക്ഷേപിക്കുകയും ചെയ്തു.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന 12 വയസ്സുകാരനായ കുട്ടി സമീപത്തുകിടന്ന കത്തിയെടുത്ത് ടീച്ചറെ കുത്തുകയായിരുന്നു. ടീച്ചറിന്റെ ഉദരത്തില്‍ ആഴത്തിലേറ്റ മുറിവ് മരണത്തിലേക്ക് നയിക്കുകയായിരുന്നു. പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.