ബലാത്സംഗത്തിന് കാരണം ടിവിയും മൊബൈല്‍ ഫോണും; വിചിത്ര വാദവുമായി മന്ത്രി

Web Desk
Posted on December 05, 2019, 7:03 pm

ഭോപ്പാല്‍: ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും അമിത ഉപയോഗമാണ് ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് മന്ത്രി. രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയുമായ ബന്‍ബര്‍ലാല്‍ മെഗ്ബാളാണ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണുകളും ടിവിയും കണ്ടുപിടിക്കുന്നതിന് മുമ്പ് രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ യുവാക്കളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇവരെ തെറ്റായ പ്രവണതകളിലേയ്ക്ക് നയിക്കുന്നു- മന്ത്രി പറഞ്ഞു.

തെലങ്കാനയില്‍ 26കാരിയായ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബലാത്സംഗകേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണം. പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.