15 April 2024, Monday

Related news

January 29, 2023
January 8, 2023
January 3, 2023
January 2, 2023
December 29, 2022
December 6, 2022
August 16, 2022
February 23, 2022
December 8, 2021
December 6, 2021

മലയാള നാടകങ്ങളെ ജനകീയമാക്കിയ വിപ്ലവകാരി തോപ്പില്‍ഭാസി മണ്‍മറഞ്ഞിട്ട് ഇരുപത്തി ഒന്‍പതു വര്‍ഷം

പുളിക്കല്‍ സനില്‍രാഘവന്‍
December 8, 2021 11:31 am

മലയാള നടകങ്ങളെ ജനകീയമാക്കിയ വിപ്ലവകാരി അരങ്ങുകളെ അഗ്നി ശൈലമാക്കിയ തോപ്പില്‍ ഭാസി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഇരുപത്തി ഒന്‍പതുവര്‍ഷമാകുന്നു. നടകകൃത്തും, നാടക സംവിധായകനും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനുമായിരിന്നു തോപ്പില്‍ ഭാസി. എന്നാല്‍ സാഹിത്യ ചരിത്രത്തിനേക്കാള്‍ നാടിന്‍റെ ചരിത്രത്തില്‍ പതിഞ്ഞുകിടക്കുകയാണ് തോപ്പില്‍ഭാസി.

1924 ഏപ്രിലിൽ ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നിൽ തോപ്പിൽ പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ഭാസ്ക്കര പിള്ള എന്നായിരുന്നു യഥാർത്ഥ നാമം. വള്ളിക്കുന്നം എസ്എൻഡിപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്നു വൈദ്യകലാനിധി ഉയർന്ന റാങ്കോടെ പാസ്സായി. ആയുർവേദ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ഭാസി വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കോൺഗ്രസ്സിൽ അംഗമായി ചേർന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായതോടൊപ്പം തന്നെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. നാടകങ്ങളിലൂടെയാണ് തോപ്പിൽ ഭാസിയുടെ കലാപ്രവർത്തനം തുടങ്ങുന്നത്. ഭാസിയുടെ ആദ്യ നാടകമായ “മുന്നേറ്റം” അരങ്ങേറുന്നത് 1945- ലായിരുന്നു. ഭൂവുടമകള്‍ക്കുനേരെ കര്‍ഷകരെ അണിച്ചേര്‍ത്ത് നടത്തിയ സമരത്തിന്റെ ഭാഗമായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയത്താണ് ആദ്യ നാടകമായ ‘മുന്നേറ്റം’ രണ്ടാമത്തെ നാടകമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നിവ എഴുതുന്നത്. സോമന്‍ എന്ന പേരിലാണ് അദ്ദേഹം നാടകം എഴുതിയത്.

1952 ഡിസംബര്‍ ആറിന് കെപിഎസിയുടെ രണ്ടാമത്തെ നാടകമായി ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങിലെത്തി. പിന്നീട് 4000‑ത്തോളം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. നാടകരംഗത്ത് കെപിഎസിക്ക് ഒരു മേല്‍വിലാസം നേടിക്കൊടുക്കാന്‍ ഈ നാടകത്തിനായി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ഒറ്റ നാടകത്തിലൂടെയാണ് കെപിഎസിയെ അദ്ദേഹം ജനഹൃദയങ്ങളിലെത്തിച്ചത്. മലയാള നാടകരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കെപിഎസിയുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി.

ശൂരനാട് ഡിഫന്‍സ് ഫണ്ടിലേക്ക് പണം സംഭരിക്കാന്‍വേണ്ടി സോമന്‍ എന്ന തൂലികാനാമത്തിലാണ് തോപ്പില്‍ ഭാസി ഈ നാടകം എഴുതി പ്രസിദ്ധീകരിച്ചത്. കെപിഎസി ഈ നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അടൂര്‍ ലോക്കപ്പിലായിരുന്നു അദ്ദേഹം. പ്രമാദമായ ശൂരനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തില്‍ നിന്നും പിരിഞ്ഞുകിട്ടിയ കാശെല്ലാം ചെലവഴിച്ചതും ശൂരനാട് പ്രതികളുടെ കേസ് നടത്തിപ്പിനുതന്നെയായിരുന്നു.

ഭൂവുടമകള്‍ക്കെതിരേ കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി സംഘടിപ്പിച്ച വിപ്ലവസമരമായിരുന്നു ശൂരനാട് സമരം. ഭാസിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. അദ്ദേഹം ഒളിവില്‍പോയ കാലത്ത് എഴുതിയതാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നത്. കേരളത്തിലെ വേദികളില്‍ നിന്നും വേദികളിലേക്ക് വിശ്രമമില്ലാതെ ആ നാടകം ജൈത്രയാത്ര തുടര്‍ന്നപ്പോള്‍ കെപിഎസിയുടെ സാധ്യത മനസ്സിലാക്കി അതിനായി പതിനാറ് നാടകങ്ങള്‍ ഭാസി എഴുതിക്കൊടുത്തു. അറുപത്- എഴുപത് കാലഘട്ടത്തില്‍ കേരളമൊന്നാകെ കെപിഎസി ആ നാടകങ്ങളുമായി യാത്രചെയ്തു. സാമൂഹ്യപ്രതിബദ്ധതയുള്ളതും നാടകത്തെ സാധാരണക്കാരന്റെ വിവേകത്തിനനുസൃതമായി ചിട്ടപ്പെടുത്തിയതുമായിരുന്നു ഭാസി എന്ന നാടകകൃത്തിന്റെ വിജയം. തോപ്പിൽ ഭാസി 1952 ൽ ഒളിവിലിരുന്ന് എഴുതിയ നാടകം ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കെപിഎസി വഴി അരങ്ങിൽ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയർന്നു.

കേരളത്തിലെ ഏതെങ്കിലുമൊരു വേദിയില്‍ കളിക്കാത്ത ഒരൊറ്റ നാടകവും അദ്ദേഹത്തിന്റേതായിട്ടില്ല എന്നതാണ് തോപ്പില്‍ഭാസി എന്ന പ്രതിഭയുടെ കഴിവ്. 1952 ഡിസംബര്‍ ആറിനായിരുന്നു നാടകം അരങ്ങിലെത്തിയത്. നാടകം സര്‍ക്കാര്‍ നിരോധിച്ചു. ഹൈക്കോടതിയുടെ അനുകൂല വിധി നേടിയാണ് നാടകാവതരണം തുടര്‍ന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്.

ശൂദ്രകന്റെ “മൃച്ഛകടികം” പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ ശകുന്തള എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968- ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഇരുപതോളം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, സര്‍വേക്കല്ല്, മൂലധനം എന്നിങ്ങനെ നീളുന്നു ഇവ. തോപ്പിൽ ഭാസിയുടെ ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രങ്ങളായിട്ടുണ്ട്.

1961- ൽ മുടിയനായ പുത്രൻ എന്ന തന്റെ നാടകത്തിന് ചലച്ചിത്രഭാഷ്യം രചിച്ചുകൊണ്ടാണ് ഭാസി സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് അശ്വമേധം, തുലാഭാരം, കൂട്ടുകുടുംബം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തീക്കനൽ, ശരശയ്യ, മൂലധനം എന്നിവയുൾപ്പെടെ അൻപതോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1970- ൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തോപ്പിൽ ഭാസി സംവിധാന രംഗത്തേയ്ക്കും ചുവടുവെച്ചു. ഒരു സുന്ദരിയുടെ കഥ, ഏണിപ്പടികൾ, സർവ്വേക്കല്ല്, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.

ആദ്യകിരണങ്ങൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, തുലാഭാരം എന്നീ സിനിമകളിൽ ഭാസി അഭിനയിച്ചിട്ടുണ്ട്. മുടിയനായ പുത്രൻ (നാടകം), പുതിയ ആകാശം പുതിയ ഭൂമി (നാടകം) എന്നീ നാടകങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1981- ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് തോപ്പിൽ ഭാസിയ്ക്ക് ലഭിച്ചു. 1969- ൽ ഭാസിയുടെ കഥ, തിരക്കഥയിൽ പിറന്ന മൂലധനം എന്ന ചിത്രത്തിന് മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
ഭാസി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ ശരശയ്യ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം 1971‑ൽ കരസ്ഥമാക്കി. 1953‑ല്‍ വള്ളികുന്നം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായി.ഒന്നാം കേരള നിയമസഭയില്‍ പത്തനംതിട്ട മണ്ഡലത്തിന്‍റെ പ്രതിനിധിയായി നിയമസഭയിലെത്തി. 1954ല്‍ ഭരണിക്കാവ് മണ്ഡലത്തില്‍ നിന്നും തിരു-കൊച്ചി നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.കമ്മ്യൂണിസറ്റ് നേതാക്കളായ ആര്‍ ശങ്കരനാരായണന്‍ തമ്പി, പുതുപ്പള്ളി രാഘവന്‍ എന്നിവരോടൊപ്പമാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിലിറങ്ങിയത്. ശൂരനാട് കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുര്‍ന്ന് ഭാസിയും മറ്റുള്ളവരോടൊപ്പം ഒളിവില്‍ പോയി. ഭാസിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ആയിരം രൂപ ഇനാം പ്രഖ്യാപിച്ചു. 1952ല്‍ എണ്ണക്കാട് എന്ന സ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മയായിരുന്നു. നാല് മക്കളാണ് അവർക്കുള്ളത്; അജയൻ, സോമൻ, രാജൻ, സുരേഷ്, മാല. സ്തുതിഗീതങ്ങൾക്ക് വഴിപ്പെടാത്ത, പാവങ്ങളുടെയിടയിൽ ജീവിച്ച തോപ്പിൽ ഭാസിയും അദ്ദേഹത്തിന്റെ സമരോത്സുക നാടകങ്ങളും മാറ്റത്തിന്റെ ശംഖൊലി തീർത്ത്, മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകള്‍ സമ്മാനിച്ച് കടന്നു പോയിട്ട് മൂന്നു പതിട്ടാണ്ടാകുന്നു. വിപ്ലവ ആശയങ്ങളിലൂടെ നാടകത്തെ സമരായുധമാക്കിയ മനുഷ്യാവകാശപ്പോരാളിയായിരുന്ന തോപ്പിൽ ഭാസി മലയാള ഭാഷയുടെ നഭോമണ്ഡലത്തിലെ നിറനിലാവായി എന്നും പ്രകാശിച്ചു നിൽക്കും.

Eng­lish Sum­ma­ry: Twen­ty nine years have passed since the death of the rev­o­lu­tion­ary Thop­pilb­hasi who pop­u­lar­ized Malay­alam dramas

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.