19 April 2024, Friday

ഇരുപത്തിയൊന്ന് വാരിയെല്ലുകൾ

ശ്രീകല കിരണ്‍
September 27, 2021 9:37 pm

ർഗാത്മകതയുടെ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എഴുതാൻ ആണെങ്കിലും വരയ്ക്കാൻ ആണെങ്കിലും മറ്റേത് അഭിരുചികളെയും തുറന്നു കാണിക്കാൻ എല്ലാവർക്കും അവസരങ്ങൾ ഉണ്ടാകുന്ന കാലം. അങ്ങനെ അനേകം കൂട്ടായ്മകൾ രൂപപ്പെടുന്ന സൃഷ്ടികൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഈ കാലത്ത് തങ്ങളുടേതായ ഇടങ്ങൾ കണ്ടെത്തുന്നതിൽ സ്ത്രീകളും ഏറെ മുന്നിൽ തന്നെയാണ്. അങ്ങനെ ഉണ്ടായ ഒരു കൂട്ടായ്മയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ‘ഇരുപത്തിയൊന്ന് വാരിയെല്ലുകൾ ’ എന്ന കഥാ സമാഹാരം രൂപം കൊണ്ടിരിക്കുന്നത്. ഇതിലെ എഴുത്തുകാർ എല്ലാം സ്ത്രീകൾ ആണെന്നത് മാത്രമല്ല, ഇതിന്റെ പുറംചട്ട, രേഖാചിത്രങ്ങൾ, തുടങ്ങി നിർമാണത്തിന്റെ എല്ലാ ഭാഗങ്ങളും സ്ത്രീകൾ തന്നെയാണ് ചെയ്തിരിക്കുന്നത്.

‘പെണ്ണെഴുത്ത്’ എന്ന ടാഗ് ലൈനിൽ പെടുത്താതെ, സ്ത്രീപക്ഷ ചിന്തകളിൽ മാത്രം ഒതുക്കിനിർത്താതെ വ്യത്യസ്തമായ ആശയങ്ങളുടെയും അനുഭവങ്ങളുടെയും തുറന്നെഴുത്തുകളായി 21 കഥകളെയും നമുക്ക് കാണാൻ സാധിക്കും. ഇതിൽ പ്രതിഷേധങ്ങളും തിരിച്ചറിവുകളും എല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. ആനുകാലിക പ്രസക്തിയുള്ള കഥകളാണ് പലതും. വായനക്കാരനെ അത്രമേൽ ചിന്തിപ്പിക്കാൻ ശേഷിയുള്ളതാണ്. സാഹിത്യ ലോകത്തേക്കുള്ള വലിയ സംഭാവനകൾ ആയിട്ടല്ല കഥകൾ അവതരിപ്പിക്കപ്പെട്ടത്, ആരാലും വായിക്കപ്പെടാത്ത സാധാരണ എഴുത്തുകാരികളുടെ ഭാഷയും ഭാവനകളുമാണ് എല്ലാം.

 

 

‘pen­queen cre­ators’ എന്ന സൗഹൃദ കൂട്ടായ്മയാണ് ഇങ്ങനെയൊരു പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സപ്ന നവാസ്, ലേഖ ജസ്റ്റിൻ, മഞ്ജു ശ്രീകുമാർ, സജ്ന അബ്ദുല്ല, ബിന്ദു രാജേഷ് എന്നിവരാണ് ഇതിന്റെ സാരഥികൾ. എഴുത്തുകൾ എല്ലാം പല ദേശക്കാരുടെയും പല പ്രായക്കാരുടെയും ആണ്. മീഡിയ പാർട്ണർ ആയ മോംസ‌പ്രോസോ വഴി സൗഹൃദത്തിൽ ആയവരാണ് എല്ലാവരും. എഴുത്തുകൾ വഴിയും വായന വഴിയും കൂട്ടുകൂടുകയും അതിൽനിന്നും ഒരു പുസ്തകം രൂപം കൊള്ളുകയുമാണ് ഉണ്ടായത്. എഴുത്തിന്റെ വഴിയിൽ പിറന്ന ഈ കൂട്ടായ്മ സ്ത്രീശാക്തീകരണത്തിന്റെ വേറിട്ട മുഖമാണ്.

തങ്ങൾക്ക് പറയാനുള്ളതത്രയും നിശ്ശബ്ദരായി ഇരുന്ന് ദീർഘനിശ്വാസമാക്കിയിരുന്ന, അല്ലെങ്കിൽ ആരും കാണാതെ രഹസ്യമായി ഡയറി താളുകളിൽ ഒളിപ്പിച്ചിരുന്ന സ്ത്രീകൾ അല്ലെങ്കിൽ വീട്ടമ്മമാർ മാറിവരുന്ന കാലത്തിന്റെ മുഖത്തിനൊപ്പം ശബ്ദവും ഉയർത്തി തുടങ്ങി. ഒരിക്കലും ഒതുങ്ങി കൂടാതെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇത് ഞങ്ങളുടെ കൂടി ലോകമാണെന്ന് വിളിച്ചു പറയാൻ കെല്പുള്ളവരായിരിക്കുകയാണ്. അവരുടെ മുന്നേറ്റങ്ങളുടെ പ്രധാന പടി തന്നെയാണ് ഈ ഒരു പുസ്തകവും.

 

തങ്ങളുടെ കഥയ്ക്ക് അച്ചടിമഷി പുരളുക എന്ന വിപ്ലവകരമായ ചിന്ത അവർക്ക് നൽകിയ ആത്മവിശ്വാസം ചെറുതൊന്നും ആയിരിക്കില്ല. ഇതുപോലെ പലർക്കും പ്രചോദനമാകുന്ന ഒന്ന് തന്നെയാണ് ഈ പുസ്തകം.
‘ഇരുപത്തിയൊന്ന് വാരിയെല്ലുകൾ ‘എന്ന പേര് തന്നെ പുസ്തകത്തിന്റെ പ്രത്യേകതകളെ വിളിച്ചു പറയുന്നുണ്ട്. പുരുഷന്റെ വാരിയെല്ലുകൾ എന്ന പഴയ സങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി ഈ തലക്കെട്ട് മാറിയിരിക്കുന്നു. അത്രമേൽ പവിത്രമായ ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന വാരിയെല്ലുകൾ. ഇവിടെ വാരിയെല്ലുകൾ ആയ സ്ത്രീകൾ ശക്തരാണെന്നും സ്വതന്ത്രരാണെന്നും ഹൃദയത്തെ പോലെ കുടുംബത്തെയും സഹചാരികളെയും ഒരുപോലെ സ്നേഹിക്കുകയും പരസ്പരം ചേർത്ത് നിർത്തുകയും ഒരു കവചം പോലെ സംരക്ഷിക്കുകയും ചെയ്യുമെന്നാണ് പറയാൻ ശ്രമിക്കുന്നത്. അങ്ങനെയുള്ള ഇരുപത്തിയൊന്ന് കഥാകാരികളുടെ കൂടിച്ചേരലിനെയാണ് ഈ പുസ്തകത്തിന്റെ പേര് ഓർമ്മിപ്പിക്കുന്നത്.

 

ഇരുപത്തിയൊന്ന് കഥകളും പറയുന്നത് വ്യത്യസ്ത ആശയങ്ങൾ ആണ്. അതിൽ സ്ത്രീസമത്വവും സ്വാതന്ത്ര്യവും അഭിമാനവും നൊമ്പരങ്ങളും സ്വവർഗാനുരാഗവും മാതൃത്വവും ഓർമ്മകളും എല്ലാം കടന്നുവരുന്നുണ്ട്. നിഷ്പക്ഷ വായനയോടും കൗതുകത്തോടെയും എല്ലാ കഥകളും വായനക്കാരിൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇനിയും ഇതുപോലെയുള്ള വിശാലമായ ചിന്തകളും എഴുത്തുകളും ഒരുപാട് കഥകളും ഉണ്ടാവട്ടെ.…

നാല് പെണ്ണുങ്ങൾ — ഡൈന രഹിൻ
ആന്റപ്പൻസ് വില്ല — ഷാഫിയ ഷംസുദ്ദീൻ
ആത്മാവിന്റെ പിടിവള്ളി — സപ്ന നവാസ്
വധു — അമൽ അബ്രഹാം
ഉപ്പില്ലാത്ത കഞ്ഞി — സജ്ന അബ്ദുള്ള
നൊമ്പരക്കാഴ്ചകൾ — മഞ്ജു ശ്രീകുമാർ
ഉയിർത്തെഴുന്നേൽപ്പ് — സലീന സർഫ്രാസ്
കാവൽപക്ഷി — ലേഖ ജസ്റ്റിൻ
രങ്കനായകിയുടെ പ്രതികാരം — ശാലിനി മുരളി
ചെമ്പരത്തിവേലികൾ — ശ്രീകല കിരൺ
മകൾ — സൗമ്യ മുഹമ്മദ്
അതിജീവനത്തിന്റെ കാണാക്കാഴ്ചകൾ — അമൽ ഫെർമിസ്
ആരുഷിയുടെ ചിറകുകൾ — അനിത അമ്മാനത്ത്
കർക്കിടകത്തില മഴ — മീര ഉള്ളാട്ടിൽ
കാലൻകോഴി — ബിന്ദു രാജേഷ്
ആത്മബന്ധം — നിജ ഗോപാലകൃഷ്ണൻ
കാശെണ്ണാൻ അറിയുന്ന പെണ്ണ് — ഫർസാന ജമാൽ
പലായനം — സരസ്വതി തമ്പി
സ്നേഹത്തിന്റെ ചിറകൊച്ചകൾ — വീണ സിങ്കാരൂസ്
പുരുഷമാതൃത്വം — രേവതി സജുലാൽ
പകൽനര- രമ ദാമോദരൻ

 

Eng­lish Sum­ma­ry: ‘Twen­ty-one ribs’ write ups from women

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.