Web Desk

December 27, 2020, 12:24 pm

കിറ്റക്സ് നില്‍ക്കുന്ന വാര്‍ഡില്‍ ട്വന്റി 20ക്ക് തോല്‍വി, പിന്നിലെ കാരണം അന്വേഷിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകള്‍ പിടിച്ചെടുത്തതിന്റെ വിജയാഘോഷത്തിലാണ് കിറ്റക്സ് കമ്പനിയുടെ ട്വന്റി ട്വന്റി. സാബു എം ജേക്കബ് ചെയര്‍മാനായിട്ടുള്ള കിറ്റക്സ് കമ്പനി നിലനില്‍ക്കുന്ന ചേലക്കുളം വാര്‍ഡ് പിടിക്കാന്‍ കഴിഞ്ഞതവണയും ഇത്തവണയും ട്വന്റി ട്വന്റിക്കായില്ല എന്നത് സംഘടനക്ക് നിരാശ നൽകുന്ന മറ്റൊരു കാര്യമാണ്.  കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മുഴുവന്നൂര്‍ പഞ്ചായത്തികളിലാണ് സംഘടന ഇത്തവണ വിജയിച്ചത്. എന്നാൽ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിഡിഎസ് മെമ്പറുമായ അസ്മ അലിയാര്‍ ആണ് ചേലക്കുളം വാര്‍ഡിൽ ഇത്തവണ വിജയിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ രണ്ടാമത്തെ വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിറ്റെക്സ്. ഇവിടെ‌ നിന്നുള്ള മാലിന്യത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് പ്രദേശവാസികള്‍ തന്നെയാണ് എന്നതാണ് ട്വന്റി-ട്വന്റിക്കെതിരായ ഈ ജനവിധിക്ക് പിന്നില്‍കിറ്റെക്‌സ് കമ്പനിയിലെ ബ്ലീച്ചിംഗ് ആന്റ് ഡൈയിംഗ് യൂണിറ്റിലെ മലിനീകരണ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചതോടെ ഇതിനെ മറികടക്കാന്‍ കിറ്റെക്‌സ് കമ്പനിയുടമ സാബു എം ജേക്കബ് തുടങ്ങിയതാണ് ട്വന്റി ട്വന്റി കൂട്ടായ്മ . പ്രദേശത്ത് കിറ്റെക്‌സ് കമ്പനി വലിയ തോതില്‍ ജലചൂഷണവും നടത്തുന്നുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു. കമ്പനിയിരിക്കുന്ന സ്ഥലത്തിന്റെ താഴ്ഭാഗത്ത് പാടം നികത്തി ഭൂപ്രദേശം കൂടുതല്‍ ആഴത്തില്‍ കുഴിച്ച് ആവശ്യമായ വെള്ളം ഉപയോഗിക്കുകയും ഒപ്പം ഉപയോഗ ശേഷമുള്ള വെള്ളത്തിന്റെ 80 ശതമാനവും പ്രദേശത്തേക്ക് തന്നെ തള്ളുന്ന രീതിയാണ് കമ്പനി വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നതെന്ന് ചേലക്കുളം മുന്‍ വാര്‍ഡ്‌മെമ്പര്‍ അനൂപ് പറയുന്നു. കൂടാതെ ട്വന്റി ട്വന്റി പ്രതിനിധിയല്ലാത്തതിനാല്‍ ഫണ്ട് വിതരണത്തില്‍ കടുത്ത വിവേചനം ഇദ്ദേഹം നേരിട്ടിരുന്നുവെന്നും അനൂപ്.

കമ്പനിയില്‍ നിന്നും പുറത്തേക്ക് വിടുന്ന ദുര്‍ഗന്ധമുള്ള പുക പ്രദേശ വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. കിഴക്കമ്പലം പഞ്ചായത്തിനെ സിംഗപൂര്‍ മോഡല്‍ ആക്കുമെന്നായിരുന്നു 2015 ല്‍ അധികാരത്തില്‍ എത്തും മുമ്പ് ട്വന്റി ട്വന്റി നല്‍കിയ വാഗ്ദാനം. എന്നാല്‍ ചേലക്കുളം വാര്‍ഡിലും പരിസരപ്രദേശത്തും സ്ഥിതി പരിതാപം തന്നെ. ഇത്തരത്തില്‍ ഒരു ജനാധിപത്യ രാജ്യത്ത് ഒരു പഞ്ചായത്തില്‍ കിറ്റെക്‌സ് എന്ന സ്വകാര്യ കമ്പനി വലിയ വാഗ്ദാനം നല്‍കിയ അധികാരത്തില്‍ എത്തുകയും അരാഷ്ട്രീയപരമായി കമ്പനി ഭരണം നടത്തുന്നതുമാണ് ഇവിടെനിന്നുള്ള ചിത്രം വ്യക്തമാക്കുന്നത്. ഒപ്പം കമ്പനിയുടെ എല്ലാം ദൂഷ്യവശങ്ങളും അനുഭവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ചെറുത്ത് നില്‍പ്പും.

you may also like this video