May 28, 2023 Sunday

Related news

October 13, 2022
April 6, 2022
January 23, 2022
December 17, 2021
October 15, 2021
September 6, 2021
March 28, 2021
January 7, 2020

മമ്മൂട്ടി ആ സംരംഭത്തിന് തുടക്കമിട്ടത് ഈ ഇരട്ടകൾ കാരണം! അതുകൊണ്ട് ഈ നേട്ടം ആദ്യം കാണിക്കേണ്ടതും മമ്മൂക്കയെ

Janayugom Webdesk
January 7, 2020 11:59 am

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലെ പ്രതിബന്ധങ്ങൾക്ക് മുന്നിൽ തോൽക്കില്ലെന്നറപ്പിച്ചവരാണ് ഈ ഇരട്ട സഹോദരൻമാർ. ബയോമെഡിക്കൽ എഞ്ചിനിയർമാരുടെ സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങി നാടിനും വീടിനും അഭിമാനമാകുമ്പോൾ ജിക്സണും നിക്സണും ഈ വിജയ സന്തോഷം ആദ്യ പങ്കുവെക്കേണ്ടത് പ്രിയ താരം മമ്മൂക്കയുമൊത്താണ്. അതിനു പിന്നിൽ പന്ത്രണ്ട് വർഷം പഴക്കമുള്ള ഒരു കഥയുണ്ട്. മരണത്തിന്റെ വക്കിൽ നിന്നും രണ്ട് കുരുന്നുകളെ ജീവിതത്തിലേക്ക് മഹാനടൻ കൈപിടിച്ചുയർത്തിയ കഥ.റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ പങ്കുവെച്ച ആ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. ഇങ്ങനെയായിരുന്നു ആ പോസ്റ്റ്.

ജിക്സണും നിക്സണും എന്‍ജിനീയര്‍മാരായി, ബയോ മെഡിക്കല്‍ എന്‍ജിനീയര്‍മാര്‍.സ്വന്തം സഹോദരങ്ങള്‍ക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട് സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടകളുടെ വിജയം. മമ്മൂക്കയെ അന്വേഷിച്ചുള്ള ഇവരുടെ യാത്രയില്‍ ഒരു നിമിത്തമായാണ് ഞാനും ഉള്‍പ്പെടുന്നത്. ഏതാണ്ട് 12 വര്‍ഷം മുന്‍പ് എനിക്ക് ഒരു ഫോണ്‍ വന്നു. ബസ്സിന്റെ ഇരമ്ബലും വിളിക്കുന്ന ആളുടെ വിതുമ്ബലും കാരണം എനിക്ക് അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായില്ല.കോള്‍ കട്ട് ആയികൊണ്ടേ ഇരുന്നു. പക്ഷേ അയാള്‍ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു.

മമ്മുക്കയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു വിളിക്കുന്ന ആയിരക്കണക്കിന് കോളുകള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടങ്കിലും ഇതു അത്തരം ഒന്നല്ലന്ന് മനസ്സിലായി. ഞാന്‍ അങ്ങോട്ട്‌ വിളിച്ചോളാം എന്ന ഉറപ്പില്‍ പിന്നെ കുറെ നേരം അയാള്‍ വിളിച്ചില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ അദ്ദേഹത്തെ തിരിച്ചു വിളിക്കുമ്ബോളും അയാള്‍ വിതുമ്ബുകആയിരുന്നു. എങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. പേര് ജോണ്‍സന്‍. കോതമംഗലം സ്വദേശി. കൂലി പണി എടുത്താണ് ജീവിതം. രണ്ടു ഇരട്ട കുട്ടികള്‍ ആണുള്ളത്. വിട്ടുമാറാത്ത ചില അസുഖങ്ങളെ തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ടു മക്കള്‍ക്കും ഹൃദയത്തില്‍ വലിയ സുഷിരം ഉള്‍പ്പെടെ ചില വലിയ വെല്ലുവിളികള്‍ നേരിടുന്നു. ശ്രീചിത്തിരയില്‍ അസുഖം സ്ഥിരീകരിച്ചു മടങ്ങുന്ന വഴി ആണ്.

രണ്ടു പേര്‍ക്കും കൂടി ലക്ഷങ്ങള്‍ വേണം. ഈ സാഹചര്യത്തില്‍ ആ തുക സ്വപ്നം കാണാന്‍ പോലും ആകുന്നില്ല. കണ്ണില്‍ ഇരുട്ട് കയറി, നിസ്സഹായനായി ഇരുന്നു ദൈവത്തെ വിളിക്കാനെ സാധിക്കുന്നുള്ളൂ. ബസില്‍ അടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ ജോണ്‍സനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാര്യം മനസ്സിലാക്കിയ അയാള്‍ പറഞ്ഞു എന്റെ മകന്‍ ഒരു മമ്മൂട്ടി ഫാന്‍സ്‌ കാരന്‍ ആണ്. അവരുടെ മമ്മൂട്ടി ആളുകളെ സഹായിക്കാന്‍ മടി കാണിക്കാത്ത ആളാണ്. ഞാന്‍ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന്.. അയാള്‍ മകനെ വിളിച്ചു, മകന്‍ കൊടുത്തത് എന്റെ നമ്ബറും.

കാര്യ ഗൗരവം മനസ്സിലാക്കിയ ഞാനും നിസ്സഹായന്‍ ആയിരുന്നു, കാരണം ഇതിനു പറ്റിയ പദ്ധതികള്‍ ഒന്നും കയ്യില്‍ ഇല്ല. എങ്കിലും ഞാന്‍ ഇക്കാര്യം മമ്മൂക്കയുടെ മാനേജര്‍ ജോര്‍ജ് ചേട്ടനുമായി ഇക്കാര്യം സംസാരിച്ചു. മമ്മൂക്കയുമായി സംസാരിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ച്‌ പത്തു മിനിറ്റ് കഴിഞ്ഞതേ ഉള്ളു, മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങള്‍ ഒന്ന് കൂടി അന്വേഷിച്ചു, എന്നിട്ട് പറഞ്ഞു ” തന്നെ വിളിക്കും മുന്‍പ് ഞാന്‍ ഫൈസലിനെ വിളിച്ചിരുന്നു.. നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലിന്റെ എംഡി യാണ് ഫൈസല്‍. അവിടെ വലിയ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങിയിട്ടുണ്ട്.

https://www.facebook.com/robert.kuriakose.9/posts/2679235978791205

മുതിര്‍ന്ന ആളുകളെ ചികില്‍സിക്കാന്‍ ഉള്ള സൗകര്യം ആണുള്ളത്, യെങ്കിലും ഈ കുട്ടികളില്‍ അടിയന്തിരചികിത്സ ആവശ്യം ഉള്ള ആളുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകള്‍ക്കും ഉള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തിട്ടുണ്ട്. താന്‍ അത് കോര്‍ഡിനേറ് ചെയ്തോളു !! ദൈവത്തിന്റെ അത്ഭുതകരമായ ഒരു ഇടപെടല്‍ ആയിരുന്നു അത്. മമ്മൂക്കയും നിംസ് ഹോസ്പിറ്റലും ചേര്‍ന്നുള്ള ഹാര്‍ട്ട്‌ ടു ഹാര്‍ട്ട്‌ എന്ന ഒരു പദ്ധതി തന്നെ ഇതോടെ ആരംഭിക്കുകയായിരുന്നു. ഇന്ന് മുന്നൂറിനടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ അതിനെ തുടര്‍ന്ന് അവിടെ നടന്നു, നിക്‌സണ്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു.

ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു, ജോണ്‍സന്‍ വീണ്ടും വിളിച്ചു. “ഇരട്ടകളില്‍ രണ്ടാമന്റെയും സ്ഥിതി മോശം ആകുന്നു. ഇനി വൈകി കൂടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മമ്മൂട്ടി സാറിനെ അറിയിക്കാമോ? “. മമ്മൂക്കക്ക്‌ അപ്പോഴേക്കും കൃത്യമായ ഒരു പദ്ധതി മനസ്സില്‍ ഉണ്ടായിരുന്നു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗഅവസ്ഥക്ക്‌ തന്നാലാവും വഴി എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹവും തീരുമാനം എടുത്തിരുന്നു. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളില്‍ ആണ് ഈ അവസ്ഥ കണ്ടു വരുന്നത് എന്നത് തന്നെ ആയിരുന്നു കാരണം. അതിനായി അദ്ദേഹം സമാന മനസ്കരുമായി ചേര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഇതോടെ രൂപം കൊടുക്കുകയായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന ഈ ബൃഹത് സംരഭത്തിന്റ ആദ്യ ഗുണഭോക്താവായി ഇരട്ടകളില്‍ ഈ രണ്ടാമനെ മമ്മൂക്ക നിശ്ചയിച്ചു.. അവനും ജീവിതത്തില്‍ മടങ്ങി എത്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു, രണ്ടു പേരും പഠിച്ചു, ബഹു മിടുക്കരായി.. എന്‍ജിനീയര്‍ മാരായി. ഇതില്‍ പരം സന്തോഷം എന്ത് വേണം?? അന്ന് കുട്ടികള്‍ക്കായി മമ്മൂക്ക ഈ പദ്ധതി ആരംഭിക്കുമ്ബോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്.. നമ്മുടെ ഇന്നത്തെ കുട്ടികള്‍ നാളത്തെ രാജ്യത്തിന്റെ നട്ടെല്ല് ആണ്. കതിരില്‍ വളം വച്ചിട്ട് കാര്യം ഇല്ല.വിത്ത് മുളക്കുമ്ബോളും വളരുമ്ബോളും ആണ് വളം ചെയ്യേണ്ടത്. അതുപോലെ തന്നെ ചെയ്തു. ജാക്സണും നിക്സണും പോലെ നൂറു കണക്കിന് യുവാക്കളും യുവതികളും മലയാളത്തിന്റെ ആ “അഹങ്കാരി” തെളിച്ച വഴിയിലൂടെ ജീവിതത്തില്‍ ഇപ്പോള്‍ എത്തിയിട്ടുണ്ടാവും, അല്ലേ??
ഇപ്പോള്‍ ജാക്സണും നിക്സണും വലിയ ഒരാഗ്രഹം ബാക്കി നില്‍ക്കുവാണ്. തങ്ങളുടെ ഈ സെര്‍ട്ടിഫിക്കറ്റുകള്‍ മമ്മൂക്കയെ ഒന്ന് കാണിക്കണം, ജോലിയില്‍ കയറും മുന്‍പ് ഒരിക്കല്‍ കൂടി ആ മഹാ മനുഷ്യന്റെ അനുഗ്രഹം വാങ്ങണം !!
( എന്റെ ഒരു സംശയം ഇപ്പോഴും ബാക്കി, അന്ന് ആരായിരിക്കും ബസില്‍ ജോണ്‍സന്‍ ചേട്ടനെ കണ്ട ആ മനുഷ്യന്‍..?? )

Eng­lish sum­ma­ry: Twins broth­ers want to spend time with actor Mammotty

You may also like this video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.