Saturday
23 Mar 2019

സിനിമയെ വെല്ലുന്ന ജീവിത കഥയുമായി ഇരട്ടസഹോദരന്മാര്‍

By: Web Desk | Wednesday 21 March 2018 9:13 PM IST


കൊച്ചിയില്‍ ഇന്‍ക്യു ഇന്നവേഷനുമായി ഒപ്പിട്ട ധാരണാപത്രം സെനിത്ത് വൈപ്പേഴ്‌സ്, എന്‍ഷ്വര്‍ ഇക്വിറ്റി സ്ഥാപകന്‍ യുവ് രാജ് ഇന്‍ക്യു സഹസ്ഥാപകന്‍ ഇര്‍ഫാന്‍ മാലിക്കിന് കൈമാറുന്നു. ഓസ്‌ട്രേലിയയിലെ ഓര്‍ബിസ്‌പേസ് സ്ഥാപക അന്നഗ്രേസ് മില്‍വാര്‍ഡ്, ഇന്‍ക്യു സഹസ്ഥാപകന്‍ രാജേഷ് ജോണി, ബംഗളൂരു സിറിയക് തോമസ് അസോ. എംഡി അഡ്വ. സിറിയക് തോമസ് എന്നിവര്‍ സമീപം

കൊച്ചി: കളിച്ചു നടക്കേണ്ട പ്രായത്തില്‍ കണ്ടുപിടുത്തങ്ങള്‍  നടത്താനും കാശുണ്ടാക്കാനും തുടങ്ങിയ സംരഭക ടീനേജ് ഇരട്ടകളുടെ കഥ സിനിമ കഥകളെ വെല്ലുന്നതാണ്.

പന്ത്രണ്ടാം വയസ്സില്‍ റിസര്‍ച്ചും ഇന്നവേഷനും ചെയ്ത്  തുടങ്ങിയ ഇരട്ടസഹോദരന്മാരാണ് ഡെല്‍ഹിക്കാരായ യുവ്‌രാജും യാഷ്‌രാജും (18). അന്നു മുതല്‍ ഒരാവശ്യത്തിനും അഞ്ചു പൈസ പോലും മാതാപിതാക്കളില്‍ നിന്ന് വാങ്ങിയിട്ടില്ലാത്തവര്‍. അതുകൊണ്ടു തന്നെ പ്രായം കൊണ്ട് കുട്ടികളാണെങ്കിലും ഇവരെ കുട്ടികള്‍ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കില്ല. കാരണം, വെറും കണ്ടുപിടുത്തങ്ങളില്‍ മാത്രം ഒതുങ്ങാതെ അവ എങ്ങനെ പണമാക്കണമെന്നും കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന കുട്ടികളുള്‍പ്പെടുന്നവരെ എങ്ങനെ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ തെളിയിച്ചു. തെളിയിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രായത്തില്‍ത്തന്നെ എന്‍ഷ്വര്‍ ഇക്വിറ്റി എന്ന പേരില്‍ ഇക്വിറ്റി സ്ഥാപനവും ഇവര്‍ തുടങ്ങിക്കഴിഞ്ഞു. ഡെല്‍ഹിയിലും മുംബയിലുമായുള്ള ഇവരുടെ ഗവേഷണ സ്ഥാപനങ്ങളില്‍ നാല്‍പ്പതോളം ഗവേഷകര്‍ ജോലി ചെയ്യുന്നു. അധികവും ചെറുപ്രായക്കാര്‍. 3ഡി പ്രിന്‍റിംഗില്‍ ഗവേഷണം നടത്തുന്ന ഒമ്പതു വയസ്സുകാരനുള്‍പ്പെടെ ഇവരുടെ ശരാശരി പ്രായം 17 മുതല്‍ 22 വരെ. ബിരുദമല്ല ഇവരുടെ മാനദണ്ഡം, കണ്ടുപിടിക്കാനുള്ള മനസ്സാണ് അതുകൊണ്ടു തന്നെ ഡിഗ്രി വേണ്ടാത്ത ഗവേഷണം എന്നാണ് ഇവരുടെ ഗവേഷണ സ്ഥാപനത്തിന്‍റെ മുദ്രാവാക്യം.

ഇതാദ്യമായി അവര്‍ കൊച്ചിയിലുമെത്തി. സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് ആഗോളനിലവാരത്തിലുള്ള കോവര്‍ക്കിംഗ് സ്‌പേസുകളുമായി ഈയിടെ കൊച്ചിയില്‍ തുറന്ന സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ക്യു ഇന്നവേഷനുമായി ധാരണാപത്രത്തിലൊപ്പിടാനായിരുന്നു പയ്യന്മാരുടെ വരവ്. ഇവരുടെ കമ്പനിയായ സെനിത്ത് വൈപ്പേഴ്‌സാണ് ഇന്‍ക്യു ഇന്നവേഷനുമായി കരാറിലൊപ്പിട്ടത്. കൊച്ചിയും ബംഗളൂരുവും കേന്ദ്രീകരിച്ച് രണ്ട് സംസ്ഥാനങ്ങളിലും റിസര്‍ച്ച് ലാബുകളും ഹബുകളും തുടങ്ങുന്നതിനാണ് ധാരണാപത്രമെന്ന് ഇന്‍ക്യു ഇന്നവേഷന്‍ സഹസ്ഥാപകന്‍ ഇര്‍ഫാന്‍ മാലിക് പറഞ്ഞു. സ്കൂള്‍ തലം മുതല്‍ ഗവേഷണ സംസ്‌കാരത്തിന് വഴി മരുന്നിടാനും അതുവഴി ഇന്നവേഷന് അടിത്തറയിടാനുമാണ് യുവ്‌രാജും യാഷ്‌രാജും ലക്ഷ്യമിടുന്നത്. ഗവേഷണത്തിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമാകരുതെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു. ഉല്‍പ്പന്നാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ വിവരങ്ങളും ബന്ധങ്ങളുമുണ്ടാക്കി നല്‍കുകയും സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലുമാണ് ഇവര്‍ക്ക് ഏറെ ആഹ്ലാദം.

ആശയത്തെ കണ്ടുപിടുത്തമാക്കുന്നതാണ് ഗവേഷണമെന്നും ഗവേഷണത്തെ ഉല്‍പ്പന്നമാക്കുന്നതാണ് ഇന്നവേഷനെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗവേഷണവും ഇന്നവേഷനും തമ്മിലുള്ള വ്യത്യാസം പലര്‍ക്കുമറിയില്ല. പ്രശ്‌നത്തിനുള്ള ഉത്തരമാണ് ഗവേഷണവും കണ്ടുപിടുത്തവും. എന്നാല്‍ വിപണിയ്ക്കുള്ള ഉത്തരമാണ് ഇന്നവേഷനിലൂടെ, ഉല്‍പ്പന്നത്തിലൂടെ ലക്ഷ്യമിടേണ്ടത്. കമ്യൂണിറ്റികളുടെ കണക്റ്റിവിറ്റിയും പ്രധാനമാണ്. അവിടെയാണ് ഇന്‍ക്യുവിന്‍റേതുപോലുള്ള കോവര്‍ക്കിംഗ് സ്‌പേസുകളുടെ പ്രസക്തി.

ഗൗതം ഗംഭീറൊക്കെ പരിശീലിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി ക്രിക്കറ്റ് അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഒരു കുട്ടിക്കാലം പിന്നിട്ടാണ് ഇവര്‍ ഇന്നവേഷന്‍റെ പാതയിലേയ്ക്ക് വന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സയന്‍സ് ഫിക്ഷന്‍ തലയ്ക്കു പിടിച്ചതോടെ ഇവര്‍ ഗവേഷണപാതയിലേയ്ക്കു തിരിയുകയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിനം പംപ്കിന്‍ ഉപയോഗിച്ച്, ചെലവുകുറഞ്ഞ ജലശുദ്ധീകരണരീതി കണ്ടുപിടിച്ചായിരുന്നു തുടക്കം. പംപ്കിനേക്കാള്‍ വില കുറഞ്ഞ ബജ്‌റ ഉപയോഗിച്ച് പിന്നീട് ഇതില്‍ത്തന്നെ വന്‍പുരോഗതിയുണ്ടാക്കി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സുണ്ടാക്കി.

നിലവില്‍ 24 ഗവേഷണ പദ്ധതികളുള്ള ഇവര്‍ സംഘമായി 8 പേറ്റെന്റുകള്‍ക്കും അപേക്ഷിച്ചു കഴിഞ്ഞു. ഈ ചെറിയ പ്രായത്തില്‍ത്തന്നെ സമൂഹത്തിനു വേണ്ടി എന്തു ചെയ്യാനാകുമെന്നും ഇവര്‍ ഇന്നവേറ്റ് ചെയ്യുന്നു. കൊച്ചി സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജില്ലാ കളക്ടറെ കണ്ട് ഇവരോട് കളക്ടര്‍ പറഞ്ഞതും കൊച്ചിയുടെ പ്രശ്‌നങ്ങളാണ് ഗതാഗതക്കുരുക്ക്, ഡെങ്കിപ്പനി.. തുടങ്ങിവ. എന്തു പ്രശ്‌നത്തേയും ഇന്നവേഷന്‍ കൊണ്ട് നേരിടാമെന്ന ആത്മവിശ്വാസമാണ് ഇവരുടെ കൈമുതല്‍. അതുകൊണ്ടു തന്നെ വിപണിയെ മാത്രമല്ല സര്‍ക്കാരിനേയും സമൂഹത്തേയും ഉള്‍ക്കൊള്ളുന്നതാണ് ഇവരുടെ സമീപനം.

കോവര്‍ക്കിംഗ് സ്‌പേസുകളുണ്ടാക്കുക, ഗവേഷണങ്ങള്‍ക്ക് സാഹചര്യമുണ്ടാക്കുക, സര്‍ക്കാരിനേയും വിപണിയേയും സമൂഹത്തേയും ലക്ഷ്യമിട്ട് പ്രതിവിധികള്‍ നല്‍കുക ഇതാണ് ഇവരുടെ ത്രിമാന മുന്നേറ്റം. കേരളത്തില്‍ ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസം, മറ്റു സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ ഇന്നവേറ്റീവ് ആകുന്നതിന്‍റെ സാധ്യതകളും ഈ സന്ദര്‍ശനത്തോടെ ആരായുമെന്നും ഇവര്‍ പറഞ്ഞു. അതത് സമൂഹവിഭാഗങ്ങളെ ഉള്‍പ്പെടുത്തി മുന്നേറ്റത്തിനുള്ള വ്യവസ്ഥ ഉണ്ടാക്കുകയാണ് നമ്മുടെ വ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും ഇവര്‍ പറഞ്ഞു.

ജനസംഖ്യയുടെ 65% പേരും 25 വയസ്സുള്ളവരുടെ നാടാണ് ഇന്ത്യ എന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു തന്നെയാണ് ഇന്ത്യയുടെ സാധ്യതയും വെല്ലുവിളിയും. ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആണെങ്കില്‍ അമേരിക്കയുടേത് 47 ും ഫ്രാന്‍സിന്‍റേത് 38 ും ചൈനയുടേത് 36 ും യുകെയുടേത് 42 ുമാണ്. നമ്മുടെ ജനസംഖ്യയുടെ 40% പേരും 12 വയസ്സുകാരാകുകയാണ്. ഇവര്‍ക്ക് ക്ലാസ്‌റൂമുകള്‍ മാത്രം പോരാ. അവിടെയാണ് 9 വയസ്സുള്ള ഗവേഷകന്‍റെ പ്രസക്തി.

2016ല്‍ കര്‍മവീര്‍ പുരസ്‌കാരം ലഭിച്ച ഇവരുടേ പേരുകള്‍ ഇക്കൊല്ലം പത്മശ്രീയ്ക്കും പരിഗണിച്ചിരുന്നു.

Related News