March 24, 2023 Friday

വീണക്കും വാണിക്കും ഇനി പരീക്ഷ എഴുതാം രണ്ടായിത്തന്നെ

Janayugom Webdesk
ഹൈദരാബാദ്​
February 27, 2020 11:54 am

സയാമീസ്‌ സഹോദരിമാരായ വീണയുടെയും വാണിയുടെയും ആഗ്രഹം സഫലമാകുകയാണ്‌. ഒന്നാണെങ്കിലും ഇത്തവണ രണ്ടായിത്തന്നെ ഇരുവർക്കും പരീക്ഷയെഴുതാം.
മഹാബൂബാബാദ് ജില്ലയിലെ ദന്തലപ്പള്ളി ബിയറിസെറ്റിഗുഡെം ഗ്രാമത്തില്‍ മുരളിയുടെയും നാഗാലക്ഷ്മിയുടെയും മക്കളാണ്‌ സയാമീസ് ഇരട്ടകളായ വീണയും വാണിയും.
പത്താംക്ലാസ് പരീക്ഷ വേറിട്ടുതന്നെ എഴുതണമെന്നത് ഇവരുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ ഹൈദരാബാദ്‌ സ്വദേശികളായ ഇരുവര്‍ക്കും രണ്ട് ഹാള്‍ടിക്കറ്റ് നല്‍കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. നീണ്ടനാളത്തെ സാങ്കേതികതടസ്സങ്ങള്‍ പരിഹരിച്ച്‌ കൊണ്ട്, പ്രത്യേകം പരീക്ഷ എഴുതണമെന്ന ഇരുവരുടെയും ആവശ്യം പരിഗണിച്ചാണ് നടപടി.

മാര്‍ച്ചില്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്‌ക്ക്‌ സഹായിയെ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വീണയും വാണിയും അത്‌ നിരസിച്ചു. എന്നാല്‍, വാഹനസൗകര്യവും സഹായിയെയും ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. വീണയെയും വാണിയെയും ഒന്നായോ രണ്ടായോ കാണേണ്ടതെന്ന സന്ദേഹത്തിലായിരുന്നു വിദ്യാഭ്യാസവകുപ്പ്.

ഹൈദരാബാദിലെ വെംഗല്‍റാവു നഗറിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ഇരുവരുടെയും പഠനം. ഏഴ്, എട്ട്, ഒൻപത് ഗ്രേഡുകളില്‍ മികച്ച മാര്‍ക്ക്‌ നേടിയ ഇവര്‍ പത്താം ക്ലാസിലെ ടേം പരീക്ഷയും എഴുതി. പിന്നീടാണ്‌ പൊതുപരീക്ഷ എഴുതുന്നതിനെക്കുറിച്ച്‌ ആശങ്ക ഉയര്‍ന്നത്.  തലകള്‍ സംയോജിച്ചിരിക്കുന്ന ‘ക്രാനിയോപാഗസ്’ ഇരട്ടകളാണിവര്‍. ജനിച്ചനാള്‍തൊട്ട്‌ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന രണ്ട് പെണ്‍കുട്ടികളും ഹൈദരാബാദിലെ നിലോഫര്‍ ആശുപത്രിയില്‍ ചികിത്സ തേടി. 2017 ജനുവരിയില്‍ സര്‍ക്കാര്‍ സ്റ്റേറ്റ് ഹോം റണ്ണുകളിലേക്ക് മാറ്റി. തുടര്‍ന്ന്‌ പ്രത്യേക അധ്യാപകരുടെ പിന്തുണയോടെയായിരുന്നു ഇരുവരുടെയും പഠനം. വിണയെയും വാണിയെയും വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ അപകടകരമാകുമെന്നാണ്‌ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം.

Eng­lish sum­ma­ry: twins writte exame

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.