മന്‍ കി ബാത്തായി മോഡിയുടെ മാന്‍ വേഴ്‌സസ് വൈല്‍ഡ്: ട്വിറ്ററില്‍ പരിഹാസം

Web Desk
Posted on August 13, 2019, 3:21 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പ്രോഗ്രാം മന്‍ കി ബാത്തായി മാറിയെന്ന് ട്വിറ്ററില്‍ ആക്ഷേപം, ഡിസ്‌കവറി ചാനലില്‍ തിങ്കളാഴ്ചയായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്കിലായിരുന്നു മോഡിയും പരിപാടിയുടെ അവതാരകന്‍ ബെയര്‍ ഗ്രില്‍സും ചെലവഴിച്ചത്.

ആഴ്ചകളായി നടന്നുവന്ന പ്രചാരണങ്ങള്‍ക്ക് ഒടുവിലാണ് പ്രോഗ്രാം സംപ്രേഷണം ചെയ്തത്. എന്നാല്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വന്‍ പരിഹാസമാണ് പരിപാടിക്ക് നേരിടേണ്ടിവന്നത്. മുമ്പ് അക്ഷയ്കുമാറുമൊത്ത് നടത്തിയ ഇന്റര്‍വ്യൂവിനോടാണ് പലരും പരിപാടിയെ ഉപമിക്കുന്നത്. പലരും ആര്‍എസ്എസുകാരനായി ബെയര്‍ ഗ്രില്‍സിനെ പോസ്റ്റുകളില്‍ ചിത്രീകരിക്കുന്നു. മോഡി മുതലയെ പിടിക്കുന്നതിന്റെ വീഡിയോ ആവിഷ്‌കാരങ്ങളും ട്വിറ്ററില്‍ നിറഞ്ഞിട്ടുണ്ട്.

എന്തെങ്കിലും ഭയം എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് തന്റെ ജീവിതത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഭയം എന്താണെന്ന് അറിയില്ലെന്നുമായിരുന്നു പരിപാടിക്കിടെ മോഡിയുടെ മറുപടി. ഇതുപോലെയുള്ള അതിശയോക്തിപരമായ സംഭാഷണങ്ങള്‍ നിറഞ്ഞതായിരുന്നു പ്രോഗ്രാം. പതിവുപോലെ ദാരിദ്ര്യം, ചായവില്‍പ്പന, നിസ്സഹായത്വം, ഹിമാലയം, ഒടുവില്‍ കഠിനധ്വാനം എന്നീ പതിവ് ഫോര്‍മുല തന്നെയായിരുന്നു പരിപാടിയുടേതെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.