Thursday
23 May 2019

നിങ്ങള്‍ ചെയ്ത പാപങ്ങള്‍ മാഞ്ഞുപോകുമോ? ടോം വടക്കന് പാരയായ കുറ്റകൃത്യം ഇതാണ്

By: Web Desk | Friday 15 March 2019 2:52 PM IST


ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കനെയാണ് സോഷ്യല്‍ മീഡിയ കണ്ണുകള്‍ ഇപ്പോള്‍ തിരയുന്നത്. ടോം വടക്കന്റെ പഴയ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍ കുത്തിപ്പൊക്കി അദ്ദേഹത്തിന് പൊങ്കാല ഇടുകയാണ് സോഷ്യല്‍ മീഡിയ.

ഒരിക്കല്‍ നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാം കുറ്റകൃത്യങ്ങളും തനിയെ മാഞ്ഞു പോകുമെന്ന വടക്കന്റെ ട്വീറ്റാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ഫെബ്രുവരി 3 നാണ് ടോം വടക്കന്‍ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന്, നിരവധി ട്രോളുകളാണ് ടോം വടക്കനു നേരെ ഉയരുന്നത്. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ മാഞ്ഞുവോയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. പോയ വഴിയില്‍ നിങ്ങള്‍ ചെയ്ത പാപക്കറ മാഞ്ഞുപോകുമോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ബിജെപി എംഎല്‍എമാരുടെയും എംപിമാരുടെയും നുണകളെയും രണ്ടു തരത്തിലുള്ള ഉപയോഗത്തെ കുറിച്ചും ബോധ്യമുണ്ട്. നുണകളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ബിജെപിയില്‍ നടക്കുന്നത്, ടോം വടക്കന്റെ മറ്റൊരു പഴയ ട്വീറ്റ്.

വ്യോമാക്രമണം 22 ലോക്‌സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബിജെപി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28 ലെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത് അംഗീകരിക്കാനായില്ലെന്നും ദേശസ്‌നേഹം കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നുമായിരുന്നു ഇന്നലെ ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രസംഗിച്ചത്.