October 2, 2022 Sunday

Related news

August 9, 2022
July 15, 2022
June 5, 2022
April 26, 2022
March 3, 2022
December 21, 2021
November 10, 2021
September 10, 2021
August 24, 2021
June 9, 2021

ഡൊണാള്‍ഡ് ട്രംപിന് വിലക്ക്

Janayugom Webdesk
ന്യൂയോര്‍ക്ക്
January 9, 2021 9:46 pm

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ സ്ഥിരമായി മരവിപ്പിച്ചു. കാപിറ്റോള്‍ കലാപത്തിനു സമാനമായി ട്രംപ് അനുകൂലികള്‍ ഇനിയും സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

ജോ ബൈഡന്റെ സ്ഥാനാരോഹണം അടുത്തതോടെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നിരവധി ചർച്ചകളാണ് യുഎസിലെ സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ട്രംപിന് ഇനി അധികാരത്തിൽ രണ്ടാഴ്ചയിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്. ആദ്യമായിട്ടാണ് ഒരു രാജ്യത്തലവന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വിദ്വേഷ ട്വീറ്റുകളുടെ പേരിൽ ആജീവനാന്തകാലത്തേക്ക് മരവിപ്പിക്കുന്നത്.

ട്രംപിന്റെ കഴിഞ്ഞ ദിവസങ്ങളിലെ ട്വീറ്റുകള്‍ പരിശോധിച്ചാണ് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാന്‍ തീരുമാനമെടുത്തതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. യുഎസ് പാർലമെന്റായ കാപിറ്റോൾ സമുച്ചയത്തിനുനേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തെത്തുടർന്ന് നേരത്തെ 12 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ട്രംപ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമൂഹ മാധ്യമമാണ് ട്വിറ്റർ. 88.7 ദശലക്ഷം ഫോളോവര്‍മാരായിരുന്നു അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന സമയത്ത് ഉണ്ടായിരുന്നത്. ഭരണത്തലവന്മാരിൽ ഏറ്റവുമധികം ഫോളോവേഴ്സ് എന്ന ഖ്യാതിയും ട്രംപിന് സ്വന്തമായിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ടിന് പകരം ട്രംപ് കൂടുതൽ ഉപയോഗിച്ചിരുന്നതും തന്റെ വ്യക്തിഗത അക്കൗണ്ടായിരുന്നു.

വിലക്കിന് ശേഷം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് നടത്തിയ ട്രംപിന്റെ ട്വീറ്റുകൾ ഉടന്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. തന്നെ നിശബ്ദനാക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ട്വീറ്റുകളാണ് നീക്കം ചെയ്തത്. ടീം ട്രംപ് എന്ന പേരിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം വിലക്ക് കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ പറ്റില്ലെന്നും സ്വന്തം പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

പാർലർ ആപ്പ് നീക്കി

സോഷ്യൽ മീഡിയ സൈറ്റുകളിലൊന്നായ പാർലർ ട്രംപ് അനുകൂല പോസ്റ്റുകളുടെ കുത്തൊഴുക്കിനെത്തുടർന്ന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കി. ട്രംപ് അനുകൂല റാലികളിലേക്ക് ആളെക്കൂട്ടുന്നതിന് ഉപയോഗിച്ചിരുന്നത് പാർലർ ആപ്പായിരുന്നു.

രാജ്യം തിരിച്ചുപിടിക്കുക, എബൗട്ട് 20, മില്യൺ മിലിഷ്യ മാർച്ച് എന്നീ വിഷയങ്ങളിൽ സജീവ ചർച്ചകളാണ് ആപ്പിൽ നടന്നുവന്നിരുന്നത്. തുടർന്നാണ് ഗൂഗിളിന്റെ നടപടി. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഒഴിവാക്കുന്നതിന്റെ ആദ്യനടപടിയായി സൈറ്റിന് നോട്ടീസും ലഭിച്ചിട്ടുണ്ട്. അതേസമയം സ്വതന്ത്ര സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്നും അക്രമത്തെ പിന്തുണയ്ക്കുന്നില്ലെന്നും പാർലർ സിഇഒ ജോൺ മാറ്റ്സെ പറഞ്ഞു.

ഇപ്പോൾ 4ചാൻ, ഗാബ് തുടങ്ങിയ സോഷ്യൽ മീഡിയകളിലാണ് ട്രംപ് അനുകൂലികൾ കേന്ദ്രീകരിച്ചിട്ടുള്ളത്. അതിതീവ്ര വലതുപക്ഷ പ്രചാരണത്തിന്റെ ഉറവിടങ്ങളായി ഇവ മാറിയിട്ടുണ്ട്. സന്ദേശം അയയ്ക്കാൻ ടെലഗ്രാം ആപ്പും ഉപയോഗപ്പെടുത്തുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ അനിശ്ചിതകാലത്തേക്ക് ട്രംപിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry: Twit­ter has per­ma­nent­ly banned US Pres­i­dent Don­ald Trump’s account

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.