മരട് ഫ്ലാറ്റ് കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം

Web Desk
Posted on November 26, 2019, 10:37 pm

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽപെട്ട ആൽഫ സെൻ്റർ നിർമാതാവ് പോൾ രാജിനും നിർമാണത്തിന് ഒത്താശ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത മുൻ മരട് പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി ഉ ജോസഫിനും കോടതി ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹോളി ഫെയ്ത് എച്ച് ടു ഒ ഉടമ സാനി ഫ്രാൻസിസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിലും പ്രതിയായ പി ഇ ജോസഫിനും ജാമ്യം അനുവദിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ പോൾ രാജിനും ജാമ്യം ലഭിച്ചത്. അതേ സമയം മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയ മരട് പഞ്ചായത്ത് മുൻ ക്ലാർക്ക് ജയറാം നായികിനെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ഹോളി ഫെയ്ത് എച്ച് ടു ഒ, ആൽഫ സെറിൻ, ജെയിൻ കോറൽ, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റു സമുച്ചയങ്ങളാണ് തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു മാറ്റാൻ സുപ്രിം കോടതി ഉത്തരവിട്ടത്. ഫ്ളാറ്റുടമകളുടെ പരാതിയെ തുടർന്നാണ് ഫ്്ളാറ്റ് നിർമാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലോക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും സർക്കാർ ഉത്തരവിനെ തുടർന്ന് കേസ് പിന്നീട് ക്രൈംബ്രാഞ്ച്് ഏറ്റെടുക്കുകയായിരുന്നു.