രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും

Web Desk
Posted on July 03, 2019, 10:52 pm

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കടക്കെണിയിലായ സംസ്ഥാനത്തെ കര്‍ഷകരുടെ കണ്ണീരൊപ്പാനും ആശങ്കകള്‍ പരിഹരിക്കാനുള്ള മാനുഷിക ഇടപെടലുമായി ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളും.
സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകരെടുത്ത അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള കുടിശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള സുപ്രധാന നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2007‑ലെ കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ നിയമത്തിലെ 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.

നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാല്‍ ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായാകും ഇറക്കുക. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. നേരത്തെയുള്ള 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പകരം, രണ്ടു ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍ അതിന്റെ ആനൂകൂല്യം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭ്യമാക്കുകയാണ് പുതിയ നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രളയം ഏറെ നാശം വിതച്ച ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കായിരിക്കും സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണം കൂടുതല്‍ ലഭിക്കുക. വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്‌ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ആനൂകൂല്യത്തിന്റെ അര്‍ഹതയുണ്ടാകും. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കും ഈ ആനുകൂല്യം ബാധകമാകും.

സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കര്‍ഷകരുടെ എല്ലാവിധ കടങ്ങളുടെയും മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടുന്നതിന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാന്‍ ജൂണ്‍ 25ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോഗം തീരുമാനിച്ചിരുന്നു. വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള അവകാശം റിസര്‍വ് ബാങ്കിനായതിനാല്‍ ഇക്കാര്യവും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാനും ധാരണയായിരുന്നു. നിലവില്‍ ജൂലൈ 31 ന് അവസാനിക്കുന്ന മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമുണ്ടായത്. ഇക്കാര്യങ്ങളടക്കം കേരളത്തിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയിക്കാന്‍ ഈ മാസം 10ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

പ്രളയത്തിന്റെയും, കര്‍ഷക ദുരിതങ്ങളുടെയും പശ്ചാത്തലത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന ആവശ്യം മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മിഷന്റെ കീഴില്‍ കൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അനുകൂല നിലപാടാണ് ബാങ്കുകള്‍ക്കുള്ളത്. ഇതിനായി പൊതുഭരണ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഒക്‌ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനും അറിയിച്ചിട്ടുണ്ട്.

ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒന്‍പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള 85 കോടി രൂപയില്‍ 54 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് അനുവദിച്ചിട്ടുള്ളത്. വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ള തുകയുടെ 100 ശതമാനം വര്‍ദ്ധന നല്‍കും. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും ലഭ്യമാക്കിവരികയാണ്.