Web Desk

പാലക്കാട്

December 26, 2020, 10:11 pm

ദുരഭിമാനക്കൊല: രണ്ടു പ്രതികൾ അറസ്റ്റിൽ

Janayugom Online

ദുരഭിമാനം മൂലം യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ രണ്ടു പ്രതികളെയും കുഴല്‍മന്ദം പൊലീസ് അറസ്റ്റു ചെയ്തു. തേങ്കുറിശ്ശി ചെറുതപ്പല്ലൂര്‍ കോങ്കളത്ത് കുളത്തില്‍ കുമരേശന്‍പിള്ള മകന്‍ പ്രഭുകുമാര്‍ (42), ഭാര്യാ സഹോദരന്‍ കോങ്കളത്ത്കുളം ഷണ്‍മുഖന്റെ മകന്‍ സുരേഷ് കുമാര്‍ (43) എന്നിവരെയാണ് കുഴല്‍മന്ദം സി ഐയും സംഘവും അറസ്റ്റു ചെയ്തത്.

ക്രിസ്തുമസ് ദിനത്തിലാണ് ജില്ലയെ നടുക്കിയ അരുംകൊല നടന്നത്. കുഴല്‍മന്ദം തേങ്കുറിശ്ശി ആനന്ദ് നിവാസില്‍ ആറുമുഖന്റെ മകന്‍ അനീഷ് (27) ആണ് ജാതിമേല്‍ക്കോയ്മയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്ന കാരണത്താല്‍ കൊല്ലപ്പെട്ടത്. ഡിവൈ എസ്‌പി ദേവസ്യാ, സിഐ ഇ പി രാമദാസ്, എസ്ഐ അനീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 24 മണിക്കൂറിനകം രണ്ടു പ്രതികളെയും അറസ്റ്റു ചെയ്യുകയും ചെയ്തു.

അനീഷും 500 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന ചെറുതപ്പല്ലൂര്‍ മേങ്കളത്ത് വീട്ടില്‍ പ്രഭുവിന്റെ മൂത്ത മകള്‍ ഹരിതയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവരമറിഞ്ഞപ്പോള്‍ മുതല്‍ ഹരിതയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാ-പിതാക്കളോട് വിവാഹത്തിന് അനുമതി ചോദിച്ചെങ്കിലും അവര്‍ ഭീഷണി തുടര്‍ന്നതിനാല്‍ മൂന്നുമാസം മുമ്പ് സെപ്റ്റംബര്‍ 24ന് അനീഷിന്റെ ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ ഹരിതയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ അമ്മാവന്‍ സുരേഷ് കുമാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ഹരിത പറഞ്ഞു. തുടര്‍ന്ന് ഭീഷണി ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തുവെന്ന് അനീഷിന്റെ അച്ഛന്‍ ആറുമുഖന്‍ പറഞ്ഞു.

ക്രിസ്തുമസ് ദിനത്തില്‍ പെയിന്റിംഗ് ജോലികള്‍ ചെയ്ത് ഉപജീവനം നടത്തിവന്ന അനീഷ് സഹോദരന്‍ അരുണുമൊത്ത് ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ മാനാംകുളമ്പ് സ്കൂള്‍ ജംഗ്ഷന് സമീപം സോഡാ കുടിക്കാനായി വാഹനം നിര്‍ത്തി ഇറങ്ങിയപ്പോള്‍ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും ഭാര്യാസഹോദരന്‍ സുരേഷ് കുമാറും ചേര്‍ന്ന് ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചു വീഴ്ത്തി. തുടര്‍ന്ന് വാഹനം വിളിച്ച് നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അനീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേർന്നാണെന്ന് കൊലപാതകം നേരിട്ടുകണ്ട അനീഷിന്റെ സഹോദരൻ അരുണിന്റെ മൊഴി നിര്‍ണ്ണായകമായെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്ന് സഹോദരണ്‍ അരുൺ പറഞ്ഞു. കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു അരുംകൊല നടന്നത്.

കൊല്ലപ്പെട്ട കുഴല്‍മന്ദം തേങ്കുറിശ്ശി ആനന്ദ് നിവാസില്‍ ആറുമുഖന്റെ മകന്‍ അനീഷിന്റെ (27) സംസ്ക്കാരം ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നടന്നു. അനീഷിന്റെ അമ്മ : രാധ. സഹോദരങ്ങള്‍: അനില്‍കുമാര്‍, അരുണ്‍, അനിത, അജീഷ്, അജിത്, ആതിര, ആനന്ദ്.

Eng­lish Sum­ma­ry: Two accused arrest­ed in hon­or killing in Palakkadu

You may like this video also