Saturday
16 Feb 2019

വെള്ളക്കെട്ടില്‍ മുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു

By: Web Desk | Sunday 10 February 2019 7:25 PM IST

ഹരിപ്പാട്: അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് മാലിശേരില്‍ ശിവജിയുടെ മകന്‍ കാര്‍ത്തിക് (അമ്പാടി14), പുതുവലില്‍ ശിവന്‍കുഞ്ഞിന്റെ മകന്‍ നിരഞ്ജന്‍ (ഒന്‍പത്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ.വീടിന് സമീത്തെ വടക്കായലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ആദ്യം വെള്ളക്കെട്ടില്‍ കളിക്കാനിറങ്ങിയപ്പോള്‍ വീട്ടുകാര്‍ വിലക്കി തിരികെ കയറ്റിയിരുന്നു. പിന്നീട് 10.30 ഓടെ ഇവരെ വീണ്ടും കാണാതാകുകയും തുടര്‍ന്ന് വീട്ടുകാരും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലില്‍ 11.30 ഓടെ നിരഞ്ജന്റെ മൃതദേഹവും ഒരു മണിക്കൂറിന് ശേഷം കാര്‍ത്തിക്കിന്റെ മൃതദേഹവും കണ്ടെത്തി.

വെള്ളക്കെട്ടിലൂടെ നടന്നപ്പോള്‍ മണ്ണെടുക്കാനായി ഡ്രെഡ്ജ് ചെയ്ത ഭാഗത്ത് താഴ്ന്ന് പോയതാകാമെന്ന് കരുതുന്നു. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി. കായംകുളത്തുനിന്നും ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അതിനുമുമ്പ് തന്നെ മൃതദേഹം മത്സ്യതൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചു. മൃതദേഹങ്ങള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നടത്തി.

ഇരുവരും വലിയഴീക്കല്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. കാര്‍ത്തിക് ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയും, നിരഞ്ജന്‍ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയുമാണ്. ആദര്‍ശ (കുട്ടമ്മ)യാണ് കാര്‍ത്തിക്കിന്റെ മാതാവ്: സഹോദരന്‍: കിരണ്‍. നിരഞ്ജന്റെ മാതാവ്: ലീന. സഹോദരന്‍: നീരജ്. സി പി ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, ഹരിപ്പാട് മണ്ഡലം സെക്രട്ടറി കെ.കാര്‍ത്തികേയന്‍, എം.മുസ്തഫ, എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി ആര്‍.പ്രസാദ്, മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.അനിലാല്‍
എന്നിവര്‍ വീടുകളിലെത്തി ആദരാജ്ഞലി അര്‍പ്പിച്ചു.

Related News