അഭിനന്ദനാർഹമായ രണ്ടു കർഷക പക്ഷ തീരുമാനങ്ങൾ

Web Desk
Posted on November 07, 2019, 11:05 pm

സുപ്രധാനമായ രണ്ടു കർഷക പക്ഷ തീരുമാനങ്ങൾ ജനകീയ സർക്കാരിൽ നിന്നുണ്ടായിരിക്കുന്നു. അതിന് വേണ്ടിയുള്ള നിയമനിർമ്മാണത്തിന് എൽഡിഎഫ് സർക്കാർ രൂപം നൽകിയിരിക്കുകയാണ്. രാജ്യത്താകെ കാർഷിക മേഖല പ്രതസിന്ധി നേരിടുകയും കാർഷിക ജീവിതങ്ങൾ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുമ്പോഴാണ് അത്തരമൊരു സാഹചര്യത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

2006 ൽ അധികാരമേറ്റ എൽഡിഎഫ് സർക്കാരാണ് രാജ്യത്താദ്യമായി കാർഷിക കടാശ്വാസ നിമയം നടപ്പിലാക്കിയത്. ഉദാരവൽക്കരണ സാമ്പത്തിക നയത്തിന്റെ ഫലമായി കാർഷിക മേഖല തകർച്ചയെ നേരിടുകയും 2001-06 കാലത്ത് സംസ്ഥാനത്ത് അധികാരത്തിലിരുന്ന യുഡിഎഫിന്റെ ഭരണത്തിൽ കർഷക ആത്മഹത്യ നിരന്തരം നടക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അത്തരമൊരു നിയമം നടപ്പിലാക്കുന്നതിനിടയാക്കിയത്. അതിന്റെ ഫലമായി കർഷക ആത്മഹത്യ നിയന്ത്രിക്കാനായി എന്നു മാത്രമല്ല പുതിയ തലമുറ ഈ മേഖലയിലേയ്ക്ക് കൂടുതലായി കടന്നുവരുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഇതൊക്കെയാണെങ്കിലും കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ നയങ്ങൾ നമ്മുടെ സംസ്ഥാനത്തെ കർഷകരെ ദോഷകരമായി ബാധിക്കുന്ന വിധത്തിലുള്ളതാണ്. വിവിധ വാണിജ്യ കരാറുകളിലൂടെ കാർഷികോ­ൽപ്പന്നങ്ങൾക്ക് വിലയിടിയുകയും ഉൽപാദന ചെലവ് ഗണ്യമായി ഉയരുകയും ചെയ്യുന്ന സ്ഥിതിവിശേഷം നിലനിൽക്കുമ്പോഴും പുതിയ വ്യാപാരകരാറുകൾക്ക് തല വച്ചുകൊടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കാനുള്ള നീക്കം അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു. കേന്ദ്ര നയങ്ങളുടെ ഫലമായി ഇത്തരം നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നമ്മുടെ കാർഷിക മേഖല നേരിടുന്നുവെങ്കിലും തികച്ചും കർഷക പക്ഷ നിലപാടുകളും നയങ്ങളും നിയമനിർമ്മാണങ്ങളുമായി സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ വാക്കുപാലിച്ച് മുന്നോട്ടുപോകുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് കേരള ക­ർഷക ക്ഷേ­മനിധി ബി­ല്ലും കേരള കർഷക കടാശ്വാസ കമ്മിഷൻ ഭേദഗതി ബില്ലും.

സെലക്ട് കമ്മിറ്റി പരിഗണനയ്ക്കുശേഷം കേരള കർഷക ക്ഷേമനിധി ബി­­ൽ കഴിഞ്ഞ ദിവസം മന്ത്രി വി എസ് സു­നിൽകുമാർ നിയമസഭയിൽ സമർപ്പിച്ചു. 21 ന് നിയമം സഭ പരിഗണിക്കുകയും അംഗീകരിക്കുകയും ചെ­യ്യും. ഇ­തോടെകാർഷിക വൃ­ത്തിയി­ൽ ഏർപ്പെടുന്നവർ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹരാകും. പതിനഞ്ച് ഏക്കർ വരെ ഭൂമിയിൽ സ്വന്തമായോ പാട്ടത്തിനെടുത്തോ കൃഷിയിറക്കുന്നവരെ കർഷകരായി പരിഗണിച്ച് പെൻഷൻ നൽകുന്ന പദ്ധതിയാണ് യാഥാർഥ്യമാകാൻ പോകുന്നത്. സംസ്ഥാനത്ത് നിലവിലുള്ള മിക്കവാറും എല്ലാ കൃഷിരീതികളെയും ഉൾക്കൊള്ളിച്ചാണ് കർഷകൻ എന്ന നിർവചനത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത് നിയമത്തിന്റെ സുപ്രധാനമായ പ്രത്യേകതകളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ സമഗ്രമായ ഒരു നിയമമാണ് പ്രാബല്യത്തിൽ വരാൻ പോകുന്നതെന്ന് വ്യക്തമാണ്. പ്രതിമാസം 10, 000 രൂപവരെ കർഷകർക്ക് പെൻഷൻ ലഭ്യമാകുന്ന വിധത്തിലാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നതിനിടയാക്കുന്നത് അത് ജീവനോപാധിയായി മാറുന്നില്ലെന്നതു കൊണ്ടുകൂടിയാണ്. എന്നാൽ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുകയും കൃഷി ലാഭകരമായ തൊഴിലായി മാറുകയും ചെയ്യുമ്പോൾ കൂടുതൽ പേർ ഈ മേഖലയിലേയ്ക്ക് ആകർഷിക്കപ്പെടുമെന്നതിൽ സംശയമില്ല. കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ കൃഷിവകുപ്പ് നടപ്പിലാക്കിയ നിരവധി പദ്ധതികൾ കൃഷി ഒരു ജീവനോപാധിയായി സ്വീകരിക്കുന്നതിന് കൂടുതൽ പേർക്ക് പ്രേരണയായിട്ടുമുണ്ട്. ഇതിനൊപ്പം പെൻഷൻ എന്ന സമഗ്ര സുരക്ഷാ പദ്ധതി കൂടിയാകുമ്പോൾ കേരളത്തിന്റെ കാർഷിക മേഖല രാജ്യത്തിന് മാതൃകയാകും വിധം വളർന്നുകയറുമെന്ന് സുവ്യക്തമായും പറയാൻ സാധിക്കും. അതിനുള്ള എൽഡിഎഫ് സർക്കാരിന്റെ ചുവടുവയ്പുകൾ പ്രതീക്ഷാ നിർഭരമാണ്.

ഇതോടാപ്പം തന്നെയാണ് കാർഷിക കടാശ്വാസത്തിനുള്ള തുക രണ്ടുലക്ഷമായി ഉയർത്താൻ ഉദ്ദേശിച്ചുള്ള നിയമഭേദഗതിയും ഉണ്ടായിരിക്കുന്നത്. മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമം കാലാനുസൃതമായി പരിഷ്കരിക്കുക വഴി കേന്ദ്ര സർക്കാരിന്റെ നയവൈകല്യങ്ങളുടെ ഫലമായി ദുരിതക്കയത്തിലേയ്ക്കു പതിച്ച ലക്ഷക്കണക്കിന് പേർക്ക് ആശ്വാസം ലഭിക്കുന്നതിന് സ­ഹായകമാണ് ഈ ഭേദഗതി. സഹകരണ ബാങ്കുകൾക്കൊപ്പം പൊതുമേഖലാ ബാങ്കുകളും കടാശ്വാസ കമ്മിഷൻ പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ ലക്ഷ്യം കാണുന്നുവെന്ന് ബിൽ അവതരണ വേളയിൽ നിയമസഭയിൽ അറിയിപ്പുണ്ടാവുകയും ചെയ്തിട്ടുണ്ട്. കൃഷിക്കാരന് നിലനിൽപ്പിന് സഹായകരമായ നടപടിയാണ് ഭേദഗതിയെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്. വാണിജ്യബാങ്കുകളും സഹകരണ മേഖലയ്ക്കൊപ്പം ചേരുമ്പോൾ കമ്മിഷൻ പ്രവർത്തനങ്ങൾ കർഷകർക്ക് കൂടുതൽ ആശ്വാസമാകും.