അമ്പലപ്പുഴ: കേരളത്തിൽ പത്ത് വർഷം കൊണ്ട് രണ്ടു കോടി തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കേരകർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്തരത്തിൽ തെങ്ങിൻ തൈകൾ വെച്ചു പിടിപ്പിക്കുന്നതോടെ സംസ്ഥാനത്ത് ഇന്നു നിലവിലുള്ള 7.5 ലക്ഷം ഹെക്ടർ കൃഷി ഭൂമിയെന്നത് 9 ലക്ഷം ഹെക്ടർ വിസ്തൃതിയിലേക്ക് വർധിപ്പിക്കാനാകും. ഇത്തരത്തിൽ കേരകർഷകർക്ക് അനുകൂലമായ വ്യവസായം ഉണ്ടാക്കാനാണ് പദ്ധതി. തെങ്ങ് കൃഷിയിൽ കർഷകരുടെ ക്ലസ്റ്റർ രൂപീകരിക്കും. മണ്ണിന്റെ ഘടനയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ പരിപാലന മുറയും സ്വീകരിക്കും. ലാഭകരമായ ഒരു കൃഷി എന്നതിൽ നിന്ന് കേരകൃഷി കൂപ്പുകുത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ടായ മാറ്റമാണിത്.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ട്. നെൽകൃഷിയേപ്പോലെ 120 ദിവസം കൊണ്ട് ആദായമെടുക്കാൻ പറ്റുന്ന കൃഷിയല്ല നാളികേര കൃഷി. കുറഞ്ഞത് 3 വർഷമെങ്കിലും നാളികേരത്തിൽ നിന്ന് ആദായം ലഭിക്കാൻ കാത്തിരിക്കണം. 2016–17ൽ കാർഷിക വളർച്ചാനിരക്ക് മൈനസിലേക്ക് കൂപ്പുകുത്തിയെങ്കിൽ ഇപ്പോൾ 3.7ലേക്ക് വളർച്ചാ നിരക്ക് ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇത് മാനദണ്ഡമാക്കിയാലും നാളികേരത്തിന്റെ കാര്യത്തിൽ ഈ വളർച്ചാനിരക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ ഗുണനിലവാരമുള്ള നാളികേരം ഉൽപ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. ഇത് കണക്കിലെടുത്ത് കൃഷി വകുപ്പ് മന്ത്രി ചെയർമാനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു മിഷൻ രൂപീകരിക്കാനാണ് തീരുമാനം. കോക്കനട്ട് ഡവലപ്പ്മെന്റ് ബോർഡ് നാളികേര വികസന കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കും. ഇതിലൂടെ നിലവിൽ 300 പഞ്ചായത്തുകളിലുള്ള കേരഗ്രാമം പദ്ധതി വരുന്ന പത്തു വർഷത്തിനുള്ളിൽ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കും.
കർഷക ക്ഷേമ ബോർഡ് രൂപീകരിച്ചതു വഴി കർഷകർക്ക് ഇന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്കു പുറമെ അവകാശ ലാഭവും ലഭ്യമാക്കാൻ എഴുതിച്ചേർത്ത നിയമം മാസങ്ങൾക്കുള്ളിൽ പ്രവൃത്തി പദത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ പ്രദീപൻ അധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, നാളികേര വികസന ബോർഡംഗം പി ആർ മുരളീധരൻ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കെ ജി പ്രിയദർശനൻ, എൻ രവീന്ദ്രൻ, കെ എം സാലിഹ്, പി വി അഹമ്മദ്കുട്ടി, ജോയിക്കുട്ടി ജോസ്, വി മോഹൻദാസ്, ജി കൃഷ്ണപ്രസാദ്, ആർ സുഖലാൽ, സി രാധാകൃഷ്ണൻ, പി സുരേന്ദ്രൻ, മുക്കം ചന്ദ്രൻ, ജി ഗോപിനാഥൻ, ഇ കെ ജയൻ, അംബു വർഗീസ് വൈദ്യൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.