Janayugom Online
പ്രിന്‍സ്, അജീഷ്

മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് തിരികെവരികയായിരുന്ന യുവാക്കള്‍ ബൈക്കപടകത്തില്‍ മരിച്ചു

Web Desk
Posted on October 08, 2019, 8:09 pm

രാജകുമാരി: ബൈക്ക് ബൊലീറോയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രാജാക്കാട് കുരങ്ങുപാറ സ്വദേശികളായ വെട്ടിക്കാട്ട് വിജയന്‍ —  പുഷ്പ ദമ്പതികളുടെ മകന്‍ പ്രിന്‍സ് (35), വെട്ടിക്കാട്ട് വില്‍സണ്‍— ശോഭന ദമ്പതികളുടെ മകന്‍ അജീഷ് (35) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ദാരുണമായ അപകടം നടന്നത്. പനച്ചിക്കുഴിയില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തശേഷം രാജാക്കാടിന് വരുന്നതിനിടെ പുളിവേലില്‍പ്പടി ഭാഗത്തിന് സമീപം വച്ച് എതിര്‍വശത്തു നിന്നും വന്ന ബൊലീറോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നും ദൂരേക്ക് തെറിച്ചു വീണു.തലയ്ക്ക് മാരകമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൊലീറോയുടെ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി. സമീപവാസികളും, വഴിയാത്രക്കാരും ചേര്‍ന്ന് ഇരുവരെയും രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.രാജാക്കാട് സി.ഐ എച്ച്. എല്‍ ഹണിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായി തകര്‍ന്നു. ആനച്ചാലില്‍ ബേക്കറി സാധനങ്ങള്‍ നിര്‍മ്മിക്കുന്ന ജോലിയാണ് അജീഷിന്. ഭാര്യ മായ മുല്ലക്കാനം തകരപ്പറമ്പില്‍ കുടുംബാംഗമാണ്. ഏക മകള്‍ അക്ഷര (4). സഹോദരി അഞ്ജു. കൃഷിപ്പണിക്കാരനായ പ്രിന്‍സ് അവിവാഹിതനാണ്. ഇരുവരുടെയും സംസ്‌കാരം നടത്തി.