അരമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍: ജമ്മു ഹിമാചല്‍ അതിര്‍ത്തിയില്‍ ആശങ്ക

Web Desk
Posted on September 09, 2019, 4:12 pm

ന്യൂഡല്‍ഹി: അര മണിക്കൂറിനുള്ളില്‍ രണ്ട് ഭൂചനലങ്ങളില്‍ കുലുങ്ങി ജമ്മു- ഹിമാചല്‍ അതിര്‍ത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.0, 3.2 എന്നിങ്ങനെ തുടര്‍ച്ചയായ രണ്ട് ഭൂകമ്പങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 30 മിനിറ്റിനുള്ളില്‍ ജമ്മു കശ്മീര്‍ഹിമാചല്‍ പ്രദേശിലെ ചമ്ബ അതിര്‍ത്തി പ്രദേശത്ത് ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.0 ആണ്, 12:10 ന് രേഖപ്പെടുത്തിയത്, രണ്ടാമത്തേത് 12:40 ന് 3.2 രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ജമ്മു കശ്മീരിന്റെ അതിര്‍ത്തിയിലുള്ള ചമ്പയാണ് രണ്ട് ഭൂകമ്ബങ്ങളുടെയും പ്രഭവകേന്ദ്രം. അപകടമോ വസ്തുവകകള്‍ക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മൂന്ന് ദിവസത്തിനുള്ളില്‍ ചമ്പ ജില്ലയിലെ മൂന്നാമത്തെ ഭൂകമ്പമാണിത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ജില്ലയുടെ സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ചമ്പ ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും ഉയര്‍ന്ന ഭൂകമ്പ സാധ്യത മേഖലയിലാണ് വരുന്നത്.