26 March 2024, Tuesday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

വംശനാശം നേരിടുന്ന രണ്ട് ഹിറ്റ്ലര്‍ വണ്ടുകള്‍!

വലിയശാല രാജു
September 6, 2021 4:00 am

കാറ്റാകാന്തസ് ഇന്‍കാര്‍നറ്റ്സ് എന്ന ഒരു ചാഴിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കീഴോട്ട് മുനകളുള്ള എന്നര്‍ത്ഥം വരുന്ന ഈ ജീവി ഇലകള്‍ക്ക് മുകളില്‍ തലകീഴോട്ടാക്കി നില്‍ക്കുമ്പോള്‍ പുറംഭാഗത്തെ കണ്‍പൊട്ടടയാളങ്ങള്‍ കണ്ടാല്‍ മനുഷ്യമുഖത്തോട് നല്ല സാമ്യം തോന്നും. ആഫ്രിക്കന്‍ ഗോത്ര മുഖംമൂടിയാണെന്ന് സംശയം തോന്നിപ്പിക്കുന്ന വേഷക്കാരുമുണ്ട്. പെന്റടൊമെെഡ് എന്ന ഷഡ്പദ കുടുംബത്തില്‍പ്പെട്ടതാണിത്. നമ്മുടെ നാട്ടില്‍ ധാരാളമായി മുമ്പ് കണ്ടിരുന്ന നാറ്റ പ്രാണിയാണിത്. മരോട്ടിപ്പക്കിയെന്നും കു‍ട്ടിച്ചാത്തനെന്നുമൊക്കെ ഇതിന് വേറെയും പേരുകളുണ്ട്. എന്നാല്‍ കുപ്രസിദ്ധമായ മറ്റൊരു പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഹിറ്റ്ലര്‍ചാഴി എന്നാണത്. ഹിറ്റ്ലറുമായി ചെറിയ മുഖസാദൃശ്യം ഉള്ളതുകൊണ്ടായിരിക്കാം ചില രസികന്മാര്‍ ഇങ്ങനെയൊരു പേര് നല്കിയത്.

ശത്രുകീടം

ബ്രിട്ടീഷ് എന്റമോളജിസ്റ്റായ ഡ്രുഡ്രുറി 1778ലാണ് ആദ്യമായി ഇത് ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. പല കൃഷികള്‍ക്കും ഈ കീടം ശത്രുവാണ്. കശുമാവിന്റെ നീര് ആകെ ഊറ്റിക്കുടിക്കും. വടക്കന്‍ മലബാറിലും കര്‍ണാടകത്തിലും കശുവണ്ടി കൃഷിക്കാര്‍ക്ക് വലിയ നഷ്ടം വരുത്തുന്ന ശത്രുകീടമായി ഇവയെ തിരിച്ചറിഞ്ഞത് അടുത്തകാലത്താണ്.
നിറങ്ങള്‍

മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ വളരുന്ന ഈ സുന്ദരന്‍ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, ക്രീം എന്നീ നാല് കടുംനിറങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഈ വണ്ടുകളുടെ കടുത്ത നിറവും ആകാരവടിവും ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്നു. ഈ വണ്ടുകളെ ആഭരണങ്ങള്‍, കൗതുകവസ്തുക്കള്‍, കീച്ചെയിനുകള്‍ എന്നിവ നിര്‍മ്മിച്ച് വില്‍ക്കാനായി വ്യാപകമായി വിദേശത്ത് കയറ്റുമതി ചെയ്യുന്നു. അതിനാല്‍ ഇതിന്റെ വംശം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ഹിറ്റ്ലര്‍ ബന്ധം
തമാശയായി ഇപ്പോഴും ഈ വണ്ടിനെ ഹിറ്റ്ലര്‍ചാഴി എന്നാണ് വിളിക്കുന്നതെങ്കിലും ഇത് ഔദ്യോഗിക നാമമൊന്നുമല്ല. എന്നാല്‍ ഹിറ്റ്ലറുടെ പേര് ശാസ്ത്രനാമമുള്ള ഒരു വണ്ട് ഭൂമിയിലുണ്ട്. ജര്‍മ്മന്‍ എന്‍ജിനീയറും വണ്ട് സമ്പാദകനുമായ ഓസ്കാര്‍ സ്കൂബല്‍ ആണ് 1933ല്‍ സ്ലോവേനിയയിലെ ഗുഹകളില്‍ ഇതിനെ കണ്ടെത്തിയത്.

അക്കാലത്ത് ജര്‍മ്മനിയുടെ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട അഡോള്‍ഫ് ഹിറ്റ്ലറോടുള്ള ആദരവായി പുതിയ സ്പീഷിസിനെ അഡോള്‍ഫ് താല്‍മസ് ഹിറ്റ്ലറി എന്ന പേര് നല്കി. ഹിറ്റ്ലറുടെ കുരുടന്‍ വണ്ട് എന്നര്‍ത്ഥം വരുന്ന ഈ പേരിനെക്കുറിച്ചറിഞ്ഞ് ഹിറ്റ്ലര്‍ ഓസ്കാര്‍ സ്കൂബലിന് കൃതജ്ഞത അറിയിച്ചിരുന്നു.

അഞ്ച് മില്ലി മീറ്റര്‍ നീളമുള്ള ചുവപ്പ് കലര്‍ന്ന തവിട്ട് നിറമുള്ള ഈ സാധാരണ വണ്ടിന് പ്രത്യേകം ഭംഗിയോ കൗതുകമോ ഒന്നും ഇല്ലാതിരുന്നിട്ടും ഈ പേരൊന്നുകൊണ്ട് മാത്രം ഈ വണ്ടിനെ ഹിറ്റ്ലര്‍ ആരാധകര്‍ താരമാക്കി. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ പരാജയപ്പെടുകയും ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ ഈ വണ്ടിന്റെ പേര് മാറ്റാന്‍ പല സമ്മര്‍ദ്ദങ്ങളും ഉണ്ടായെങ്കിലും ഇന്റര്‍നാഷണല്‍ കമ്മിഷന്‍ സൂവോളജിക്കല്‍ നോമന്‍കള്‍ച്ചര്‍ അതിന് അനുവദിച്ചില്ല.

ഈ ഒറ്റപ്പേരുകൊണ്ട് ഈ സാധുവണ്ടിന്റെ വംശം ഇല്ലാതാവുകയാണ്. നാസികളും നവനാസികളും ഹിറ്റ്ലറോടുള്ള അന്ധമായ ആരാധനയാല്‍ എന്ത് വിലകൊടുത്തും ഇതിനെ ശേഖരിക്കാന്‍ തുടങ്ങി. 2002ല്‍ പോലും ഇത്തരത്തില്‍ സൂക്ഷിച്ച് സംരക്ഷിക്കപ്പെട്ട സാമ്പിളുകള്‍ 2000 ഡോളര്‍ വരെ വിലയില്‍ വിറ്റിരുന്നുവത്രെ! ഇത്തരത്തിലുള്ള വണ്ട്‌വേട്ട ആത്യന്തികമായി ഇവയുടെ വംശനാശത്തിലേക്കാണ് എത്തുന്നത്. മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരുന്ന വണ്ടുകള്‍ പോലും മോഷണം പോയിരിക്കുന്നു.
ചുരുക്കത്തില്‍ ഹിറ്റ്ലറുടെ പേരില്‍ അറിയപ്പെടുന്ന രണ്ട് വണ്ടുകളും ഭൂമിയില്‍ നിന്നും സമീപഭാവിയില്‍ വിടവാങ്ങാനുള്ള ശ്രമത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.