കെ പ്രകാശ്ബാബു

ജാലകം

March 01, 2020, 5:20 am

ഇന്ത്യന്‍ ജുഡീഷ്യറിയുടെ രണ്ടു മുഖങ്ങള്‍

Janayugom Online

സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ”മോഡി സ്തുതി”യും ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റവും നിയമ നീതിന്യായവൃത്തങ്ങളില്‍ വലിയ അമ്പരപ്പും വിവാദവുമുണ്ടാക്കിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ജസ്റ്റിസ് മിശ്ര സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണനോട് ആവശ്യമില്ലാതെ ക്ഷോഭിക്കുകയും ശകാരിക്കുകയും ചെയ്തത്. മറ്റു സീനിയര്‍ അഭിഭാഷകര്‍ പിറ്റേദിവസം കോടതി കൂടിയപ്പോള്‍ ജസ്റ്റിസിനോട് നേരിട്ട് ഓപ്പണ്‍ കോര്‍ട്ടില്‍ ഇതില്‍ പരിഭവം രേഖപ്പെടുത്തിയപ്പോള്‍ എല്ലാവരോടുമായി ക്ഷമ ചോദിക്കുവാനുള്ള വിശാല മനസ്‌കതയും ജസ്റ്റിസ് അരുണ്‍ മിശ്ര കാണിച്ചു. ഇതേ ജഡ്ജി തന്നെയാണ് സര്‍ക്കാരിന് അടയ്ക്കാനുള്ള നികുതി നല്‍കാതെ, കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് 1,47,000 കോടി രൂപ അടയ്ക്കാതിരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുകൂലമായി ഉത്തരവു നല്‍കിയ ഉദ്യോഗസ്ഥനെയും ഗവണ്‍മെന്റിനെയും പ്രതിക്കൂട്ടിലാക്കി ”എന്നാല്‍ കോടതി പൂട്ടിയിടാം” എന്നു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

അതേസമയം സഹാറ മേധാവിയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്ന സഹാറാ ഗ്രൂപ്പില്‍ നിന്നും സംഭാവന കൈപ്പറ്റിയ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയുടെ അന്വേഷണം തള്ളിക്കളഞ്ഞതും യുപിയിലെ പ്രസാദ് മെഡിക്കല്‍ കോളജ് കേസില്‍ അഴിമതിക്കാരായ രണ്ടു മുന്‍ ജഡ്ജിമാര്‍ക്ക് ക്ലീന്‍ചിറ്റു നല്‍കിയതും മറക്കാറുമായിട്ടില്ല. ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ സീനിയര്‍ ജഡ്ജിയാണ് എസ് മുരളീധര്‍. തുടര്‍ച്ചയായി നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് അദ്ദേഹത്തിന്റെ ബെഞ്ചിലാണ് കേട്ടത്. കലാപത്തിനാഹ്വാനം ചെയ്ത ബിജെപി നേതാക്കള്‍ ഡല്‍ഹി തെരുവുകളില്‍ അഴിഞ്ഞാടിയപ്പോള്‍ 42 പേരാണ് മരിച്ചു വീണത്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാത്തതെന്ത്? ജസ്റ്റിസ് മുരളീധര്‍ കോടതിയില്‍ ഹാജരായ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. വിദ്വേഷപ്രസംഗം ഞങ്ങള്‍ കേട്ടില്ലാ എന്നായിരുന്നു മറുപടി. എന്നാല്‍ ആ പ്രസംഗത്തിന്റെ വീഡിയോ താല്‍ക്കാലിക കോടതിമുറിയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ജസ്റ്റിസ് മുരളീധര്‍ സോളിസിറ്റര്‍ ജനറലിനോടും പൊലീസ് ഓഫീസറോടും പ്രസംഗം കേള്‍ക്കാന്‍ പറഞ്ഞു. കപില്‍ മിശ്രയെന്ന ബിജെപി നേതാവ് കലാപത്തിനാഹ്വാനം ചെയ്തുകൊണ്ടു നടത്തുന്ന പ്രസംഗവും അയാളുടെ സമീപം ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കയ്യുംകെട്ടി പ്രസംഗം ആസ്വദിച്ചു നില്‍ക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്തുകൊണ്ട് ”വിദ്വേഷ പ്രസംഗം” നടത്തുന്നവര്‍ ആരായാലും അവരുടെ പേരില്‍ ഉടന്‍ കേസെടുക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശം നല്‍കി. കലാപം ആളി പടരുകയും നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു.

കോടതിക്ക് ഒരു ഹര്‍ജി ലഭിച്ച സന്ദര്‍ഭത്തിലും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിട്ടും സംരക്ഷണം കൊടുക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലുമാണ് അര്‍ദ്ധരാത്രിയില്‍ സ്വവസതിയില്‍ കോടതി കൂടാന്‍ ജസ്റ്റിസ് മുരളീധര്‍ തീരുമാനിച്ചത്. പൊലീസ് കാണിച്ച തികഞ്ഞ നിഷേധത്തെയും നിസ്സഹകരണത്തെയും തുടർന്ന് അര്‍ദ്ധരാത്രി ആയിട്ടും അടിയന്തരമായി കോടതി വിളിച്ചു ചേര്‍ത്ത് ജുഡീഷ്യറിയുടെ അന്തസും നിര്‍ഭയത്വവും ഉയര്‍ത്തിക്കാട്ടിയ ജഡ്ജി ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അഭിമാനമാണ്. പക്ഷേ നേരം വെളുക്കുമ്പോഴേക്കും ആ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയുമാണ് ചെയ്തത്. നിര്‍ഭയമായും നിഷ്പക്ഷമായും നീതിനിര്‍വഹണം നടത്തുന്ന ന്യായാധിപന്മാരെ ഭരണകൂടം (എക്‌സിക്യൂട്ടീവ്) ഭയക്കുന്നു എന്നതിന്റെ തെളിവാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലമാറ്റം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിധിച്ച ജഡ്ജിയാണ് ജസ്റ്റിസ് എസ് മുരളീധര്‍. 1984 ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ക്കൂടിയും ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിക്കെതിരെ കോടതിയലക്ഷ്യ കേസെടുത്തതിനെ തുടര്‍ന്ന് നേതാവ് നിരുപാധികം മാപ്പു പറയേണ്ടി വന്നതില്‍ക്കൂടിയും ജസ്റ്റിസ് മുരളീധര്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തി. ജനാധിപത്യ വ്യവസ്ഥ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു തൂണുകളിലാണെന്ന് പറയാറുണ്ട്. അവയുടെ പരസ്പര ബഹുമാനവും സ്വതന്ത്രമായ പദവിയുമാണ് ഒരു ജനാധിപത്യ രാജ്യത്ത് ഏറ്റവും ഉറപ്പാക്കേണ്ട ഘടകങ്ങള്‍.

ഇവിടെ പരമോന്നത നീതിപീഠത്തിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാള്‍ തന്നെ എക്‌സിക്യൂട്ടീവിനെ നയിക്കുന്ന രാഷ്ട്രീയ നേതാവിനെ പരസ്യമായി അതും ഒരു അന്തര്‍ദ്ദേശീയ വേദിയില്‍ പുകഴ്ത്തുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ കളങ്കപ്പെടുത്തും എന്നതു മാത്രമല്ല ജുഡീഷ്യറിയുടെ എക്‌സിക്യൂട്ടീവിനോടുള്ള വിധേയത്വമായിട്ടും വ്യാഖ്യാനിക്കപ്പെടാം. തന്നെയുമല്ല എക്‌സിക്യൂട്ടീവിനെതിരായ എത്രയോ കേസുകള്‍ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുകള്‍ കാത്തു കിടക്കുന്നു. അതിലെല്ലാം എക്‌സിക്യൂട്ടീവിന്റെയും പല തലങ്ങളിലുള്ള രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലുകളും കണ്ടേക്കാം. അത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് ഒരു സുഖ്‌റാം മാത്രമാണെങ്കിലും പ്രതിപട്ടികകളുടെ നീളം ചങ്ങാത്ത മുതലാളിത്തം നിലനില്‍ക്കുന്ന ഇന്ത്യയില്‍ അത്ഭുതാവഹമാണ്. അതുകൊണ്ടുതന്നെ നിഷ്പക്ഷമായും നിര്‍ഭയമായും പ്രവര്‍ത്തിക്കേണ്ട നീതിപീഠത്തെ സംശയദൃഷ്ടിയോടെ നോക്കി കാണാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ന്യായാധിപന്മാര്‍ സൃഷ്ടിക്കാന്‍ പാടില്ലാത്തതാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര ക്യാബിനറ്റിന്റെയും സ്വാധീനത്തില്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പും നിയമനവും വരാതിരിക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതി തന്നെ കൊളീജിയം സംവിധാനം ആരംഭിച്ചത്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമം  സുപ്രീംകോടതി റദ്ദ് ചെയ്തതും ജുഡീഷ്യറി സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണം എന്ന തത്വം മുറുകെ പിടിച്ചുകൊണ്ടാണ്. തന്നെയുമല്ല ഇന്ത്യന്‍ ഭരണഘടനയുടെ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസിയില്‍ ആര്‍ട്ടിക്കിള്‍ 50‑ല്‍ ജുഡീഷ്യറി എക്‌സിക്യൂട്ടീവില്‍ നിന്നും വേറിട്ടുനില്‍ക്കണമെന്നത് ഉറപ്പു വരുത്തുന്നതിനെ കുറിച്ച് പറയുന്നുമുണ്ട്. ഇതുകൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 2015ല്‍ എന്‍ ജെ എ സി നിയമം റദ്ദ് ചെയ്തത്.

നിഷ്പക്ഷമായും നിര്‍ഭയമായും പ്രവര്‍ത്തിക്കേണ്ട ഉന്നത നീതിപീഠത്തിലെ ജഡ്ജിമാര്‍ സ്വയം എക്‌സിക്യൂട്ടീവിനേയും അതിന്റെ നായകരേയും മഹത്വവല്‍ക്കരിക്കുന്നത് വരാനിരിക്കുന്ന വലിയ അപകടത്തിന്റെ സൂചനയാണ്. നിര്‍ഭയമായി നീതിനിര്‍വഹണം നടത്തുന്ന മുരളീധറിനെപ്പോലെയുള്ള ജഡ്ജിമാരെ എക്‌സിക്യൂട്ടീവിന്റെ പകപോക്കലിനു എറിഞ്ഞുകൊടുക്കാതിരിക്കാന്‍ കൊളീജിയം ശ്രദ്ധിക്കേണ്ടതാണ്. എക്‌സിക്യൂട്ടീവിന്റെ കയ്യിലെ കളിപ്പാവകളായി ന്യായാധിപര്‍ മാറാന്‍ പാടില്ല. ലെജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടാല്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സമ്മതിദാനാവകാശം വിനിയോഗിച്ചുകൊണ്ട് ജനങ്ങള്‍ക്ക് അത് തിരുത്തിക്കുവാന്‍ കഴിയും. എന്നാല്‍ ജുഡീഷ്യറി അങ്ങനെ വോട്ടവകാശത്തില്‍ക്കൂടി ജനങ്ങള്‍ക്ക് തിരുത്താന്‍ കഴിയുന്ന ഒന്നല്ല. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ”വിധേയന്മാരെയല്ല”, ”നിര്‍ഭയരായ മുരളീധര്‍”മാരെയാണ് ആവശ്യം എന്ന് ഈ സംഭവ വികാസങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.