Web Desk

ന്യൂഡല്‍ഹി:

June 28, 2020, 10:38 pm

രണ്ട് ആഗോള ഭീകരർ ഐഎസ്ഐ സംരക്ഷണയിൽ

Janayugom Online

ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ള രണ്ട് തീവ്രവാദികള്‍ ഐഎസ്‌ഐ സംരക്ഷണത്തിൽ പാകിസ്ഥാനിലുണ്ടെന്ന് റിപ്പോര്‍ട്ട്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറും 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ഷെ ഇ മൊഹമ്മദ് തലവന്‍ മസൂദ് അസറും പാകിസ്ഥാനിൽ സുരക്ഷിതരായി കഴിയുന്നതായി യുഎസ് സർക്കാരിന്റെ ഭീകരവാദം സംബന്ധിച്ച വാർഷിക റിപ്പോര്‍ട്ടിലാണ് സൂചിപ്പിച്ചിരിക്കുന്നത്.

സാജിദ് മിർ പാകിസ്ഥാനില്‍ ഇല്ലെന്ന് തുടര്‍ച്ചയായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാൽ ഇയാൾ പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ഐഎസ്‌ഐയുടെ സംരക്ഷണത്തോടെ താമസിച്ചു വരികയാണ് എന്നതിനാണ് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഗാര്‍ഡന്‍ വില്ല ഹൗസിംഗ് സൊസൈറ്റി, അടിയാല ജയില്‍ റോഡ്, റാവല്‍പിണ്ടി എന്ന വിലാസത്തിലാണ് സാജിദ് മിര്‍ താമസിക്കുന്നത്. യുഎസ് അഞ്ച് ദശലക്ഷം ഡോളര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന തീവ്രവാദിയാണ് 44 കാരനായ സാജിദ് മിര്‍.

വിദേശത്തു നിന്നും തീവ്ര സംഘടനയായ ലഷ്കർ-ഇ‑തോയിബയിലേക്ക് തീവ്രവാദികളെ തെരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും സാജിദ് മിറിന്റെ നേതൃത്വത്തിലാണ്. 26/11 ആക്രമണത്തിനു ശേഷം സാജിദ് മിര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിരുന്നു. രാഷട്രതലവന്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണമാണ് മിറിന് ഐഎസ്ഐ നല്‍കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2016ലെ പത്താന്‍കോട്ട് വ്യോമാക്രമണവും 2019ലെ പുല്‍വാമ ആക്രമണവും നടത്തിയ മസൂദ് അസര്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് താമസിക്കുന്നത്. 2012ല്‍ സാജിദ് മിറിനെയും 2019ല്‍ മസൂദ് അസറിനെയും ആഗോള ഭീകരന്‍മാരായി പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY: Two glob­al ter­ror­ists under ISI protection

YOU MAY ALSO LIKE THIS VIDEO