പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ ആദ്യദിനത്തിൽ തന്നെ ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രതിപക്ഷ പ്രതിഷേധത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ മുദ്രാവാക്യം വിളികളുമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു. ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്കിയ നോട്ടീസിന് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ തുടര്‍ന്നതോടെ സഭാ നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുകയാണുണ്ടായത്. രാവിലെ 10.5ന് നിര്‍ത്തിവച്ച സഭ 11ന് ചേര്‍ന്നെങ്കിലും വീണ്ടും ഒരുമണി വരെ നിര്‍ത്തിവച്ചു. വീണ്ടും ഒന്നേ കാലിനും ഒന്നരയ്ക്കും സഭ സമ്മേളിച്ചെങ്കിലും സഭാ നടപടികള്‍ തുടരാന്‍ പ്രതിപക്ഷം അനുവദിക്കാതിരുന്നതോടെ രാജ്യസഭ ഇന്നത്തേക്കു പിരിയുകയാണുണ്ടായത്. സഭാ നടപടി നിര്‍ത്തിവച്ച് സഭ പെട്രോള്‍ വിലവര്‍ധന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്. ബജറ്റ് ചര്‍ച്ചകളില്‍ ഈ വിഷയം ഉള്‍പ്പെടുത്താമെന്ന് നോട്ടീസിനു അനുമതി നിഷേധിച്ചു കൊണ്ട് സ്പീക്കര്‍ നിലപാടെടുത്തു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. നാലു മണിക്ക് സമ്മേളിച്ച സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അഞ്ചുമണിവരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് സമ്മേളിച്ച സഭയില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്പീക്കര്‍ ഓം ബിര്‍ള രാജ്യത്തെ വനിതകള്‍ക്ക് ആദരം അര്‍പ്പിച്ചു. സഭാ നടപടികള്‍ വനിതാ അംഗങ്ങള്‍ നിയന്ത്രിക്കട്ടെ എന്ന തീരുമാനവും അറിയിച്ചു. പ്രതിപക്ഷ ബഹളം വീണ്ടും ശക്തി പ്രാപിച്ചതോടെ സഭ ഏഴുമണിവരെ നിര്‍ത്തിവച്ചു. വീണ്ടും സമ്മേളിച്ച സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണുണ്ടായത്. 7.30 വരെ സമ്മേളിച്ച സഭയില്‍ സ്ത്രീ ശാക്തീകരണം റൂള്‍ 193 പ്രകാരം ചര്‍ച്ചയ്ക്കെടുത്തെങ്കിലും പ്രതിപക്ഷ മുദ്രാവാക്യം വിളികളില്‍ മുങ്ങിയതോടെ ലോക്സഭയും ഇന്നത്തേക്കു പിരിയുകയാണുണ്ടായത്.
പഴയ സമയക്രമം
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നു മുതല്‍ പഴയ സമയക്രമമായ രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുവരെ സമ്മേളിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭ രാവിലെയും ലോക്സഭ വൈകുന്നേരവുമാണ് സമ്മേളിച്ചിരുന്നത്. സംസ്ഥാനങ്ങളില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സഭാ സമ്മേളനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും അംഗങ്ങള്‍ കത്തു നല്‍കിയിരുന്നു.
English Summary : Both houses of parliament still due to increasing fuel prices
You may also like this video :