ഷിബു ടി ജോസഫ്

കോഴിക്കോട്

March 26, 2020, 8:49 pm

വയനാട്ടില്‍ അതിര്‍ത്തി കടന്നെത്തിയ ഇരുനൂറോളം പേര്‍ ഐസൊലേഷനില്‍

Janayugom Online

കര്‍ശന നിയന്ത്രണത്തില്‍ ലോക്ക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ വടക്കന്‍ ജില്ലകളില്‍ ജനങ്ങള്‍ ഏറെക്കുറെ പൂര്‍ണ സഹകരണത്തില്‍. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ എത്തിയ ഇരുനൂറോളം പേരെ വയനാട് ജില്ലാ ഭരണകൂടം ഐസൊലേഷനില്‍ പാര്‍പ്പിച്ചപ്പോള്‍ പാലക്കാട് അതിര്‍ത്തി കടന്നെത്തിയ നിരവധി പേര്‍ നിയന്ത്രണത്തില്‍ കഴിയാന്‍ കൂട്ടാക്കാതെ തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. രാജ്യമൊട്ടാകെ ലോക്ക്ഡൗണിലേക്ക് കടന്നതോടെയാണ് തമിഴ്‌നാട്, കര്‍ണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാന്‍ സ്വകാര്യവാഹനങ്ങളില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെത്തിയത്. ബന്ദിപ്പൂരിലും വാളയാളറിലും കര്‍ണാടക-തമിഴ്‌നാട് അധികൃതര്‍ ഇവരെ തടഞ്ഞെങ്കിലും പിന്നീട് അതിര്‍ത്തി കടക്കാന്‍ സമ്മതിച്ചു. എന്നാല്‍ മുത്തങ്ങ ചെക്ക് പോസ്റ്റിലെത്തിയ ഇരുനൂറോളം പേരെ വയനാട് ജില്ലാ ഭരണകൂടം ഐസൊലേഷന്‍ സംവിധാനത്തിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരിയിലെയും കല്‍പ്പറ്റയിലെയും സ്വകാര്യ ഹോട്ടലുകളിലും ഹോം സ്റ്റേ സ്‌റ്റേകളിലുമാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവരെ വിട്ടയ്ക്കുകയുള്ളൂ. ഇവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും വയനാട് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പാലക്കാട്, മഞ്ചേശ്വരം അതിര്‍ത്തി കടന്നെത്തിയവരെയും പതിനാല് ദിവസത്തെ നിരീക്ഷണത്തിലാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും വീടുകളുള്ള ചിലരാണ് സംസ്ഥാനത്തെ പൊലീസ്-ആരോഗ്യവകുപ്പ് സംവിധാനങ്ങളുടെ നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കാതെ തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചുപോയതായി അറിയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്ന് സ്വകാര്യവാഹനത്തില്‍ വയനാട് അതിര്‍ത്തിയില്‍ എത്തിയ പതിനാലുപേര്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നു. ഇവര്‍ വീടുകളില്‍ പതിനാല് ദിവസത്തെ നിരീക്ഷണത്തില്‍ കഴിയും. ഹൈദരബാദില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ പതിമൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് തെലുങ്കാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ട്രാവലറില്‍ പുറപ്പെട്ടത്.

കേരള അതിര്‍ത്തിയില്‍ എത്തിയതോടെ ട്രാവലറിന്റെ ഡ്രൈവര്‍ ഇനി മുന്നോട്ടു പോകില്ലെന്നും അതിര്‍ത്തിയില്‍ ഇറങ്ങി വേറെ വാഹനത്തില്‍ പോകണമെന്നും ആവശ്യപ്പെട്ടത്. രാത്രിയായതോടെ ഭയത്താല്‍ മുഖ്യമന്ത്രിയെ ഇവര്‍ നേരിട്ട് വിളിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. തുടര്‍ന്ന് വയനാട് ജില്ലാകലക്ടറും എസ് പിയും ഇടപെട്ട് പ്രത്യേക വാഹനം ഏര്‍പ്പാടാക്കി ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശികളാണ് ഇവരിലേറെയും. വടക്കന്‍ ജില്ലകളില്‍ കൊറോണഭീതി അതിശക്തമായ കാസര്‍കോട് ജില്ല അടക്കം ലോക് ഡൗണ്‍ ഏറെക്കുറെ പൂര്‍ണമാണ്. മതിയായ കാരണങ്ങളില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവരെ പൊലീസ് തിരിച്ചയക്കുന്നുണ്ട്.

കോഴിക്കോട് നഗരത്തില്‍ അടക്കം അനാവശ്യമായി നിരത്തിലിറക്കിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ലോക് ഡൗണിന് ശേഷം മാത്രമേ ഉടമകള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ. വടക്കന്‍ മേഖലകളില്‍ അടക്കം പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികള്‍ എത്തുന്ന വയനാട്ടില്‍ ഉള്ളി, തക്കാളി, പച്ചമുളക് തുടങ്ങിയവയ്ക്ക് ഇരട്ടിയിലധികം വില വര്‍ദ്ധിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പച്ചക്കറികളുടെ വിലക്കയറ്റം സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും ഉയര്‍ന്നിട്ടുണ്ട്. കോഴിയിറച്ചിക്ക് താരതമ്യേന വില കുറഞ്ഞ സാഹചര്യമാണെങ്കിലും ആവശ്യക്കാര്‍ കുറവാണ്.